ദുഃഖത്തിനു കാരണം ആഗ്രഹങ്ങളോ?

Friday 1 February 2019 1:03 am IST

ഒരിക്കല്‍ ഒരാള്‍ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. വണ്ടി എവിടെ നിന്നാലും അയാള്‍ വണ്ടിയില്‍ നിന്നിറങ്ങി താഴെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കും. വണ്ടി പുറപ്പെടാറാവുമ്പോള്‍ തിരിച്ചു കയറും. ഏതു സ്റ്റേഷന്‍ എന്ന വ്യത്യാസമില്ലാതെ ട്രെയിന്‍ രണ്ടു മിനിട്ടു നില്‍ക്കുന്ന എല്ലാ സ്റ്റേഷനിലും അയാള്‍ ഇതു തുടര്‍ന്നു. ഇത് എന്തുകൊണ്ടാണ് എന്ന് അറിയാന്‍ സഹയാത്രികര്‍ക്ക് ആകാംക്ഷയായി.

അപ്പോള്‍ അയാള്‍ പറഞ്ഞു, ''അടുത്തകാലത്ത് എനിക്കൊരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ദീര്‍ഘദൂരം യാത്ര ചെയ്യരുതെന്നാണ് ഡോക്ടറുടെ നിര്‍ദേശം. അതുകൊണ്ട് ഇങ്ങനെ ഇറങ്ങിയും കയറിയും ഞാനിത് ചെറിയ ചെറിയ യാത്രകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.''

ആഗ്രഹങ്ങളുടെ സീമകള്‍ വിശാലമായിരിക്കട്ടെ. എല്ലാം ആഗ്രഹിച്ചോളൂ എന്നു സദ്ഗുരു പറഞ്ഞത് ബാഹ്യമായി മാത്രം മനസ്സിലാക്കി, അത്യാഗ്രഹിയായാല്‍, അതിമോഹിയായാല്‍, ഡോക്ടറുടെ ഉപദേശം തെറ്റായി ഗ്രഹിച്ചു പെരുമാറുന്നയാളെ പോലെയാകും നിങ്ങളും.

അപ്പോള്‍ ആഗ്രഹമെന്താണ്? അത്യാഗ്രഹമെന്താണ്? ഒരാളുടെ ആഗ്രഹം മറ്റൊരാളിന് അത്യാഗ്രഹമെന്നു തോന്നാം. സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ ഉള്ള ആള്‍ കാറു വാങ്ങിക്കണമെന്ന് ആഗ്രഹിച്ചാല്‍ അതൊരു ന്യാ

യമായ ആഗ്രഹമാണല്ലോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്നാല്‍ വഴിയോരത്ത് കിടക്കുന്നവന്റെയുള്ളിലാണ് ഇത്തരമൊരു ആഗ്രഹം ജനിക്കുന്നതെങ്കിലോ 'കൊള്ളാം, പെരുവഴിയില്‍ കിടക്കുന്നവന്റെ അത്യാഗ്രഹം കണ്ടില്ലേ' എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക.

ഒന്നിനെ വേറൊന്നുമായി താരതമ്യം ചെയ്തു നെടുവീര്‍പ്പിടുന്ന സ്വഭാവം ഉള്ളിടത്തോളം കാലം ഇത്തരത്തിലുള്ള സംഘര്‍ഷം മാറുന്നില്ല. ഉള്ളിലെവിടെയാണ് ആഗ്രഹത്തിന്റെ അടിവേരുകള്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്ന യാഥാര്‍ഥ്യ ബോധത്തോടെ അവലോകനം ചെയ്യുക.

വിവാഹം കഴിഞ്ഞാല്‍ പിന്നെ സന്തോഷം ലഭിക്കുമെന്ന് ആഗ്രഹിച്ചു വിവാഹിതനായി. അടുത്ത പടിയായി കുഞ്ഞുങ്ങള്‍ ഉണ്ടായാലേ ജീവിതം പൂര്‍ണമാവൂ എന്നു നിനച്ച് കുഞ്ഞുങ്ങള്‍ക്കായി കൊതിച്ചു, അതും ലഭിച്ചു. കുഞ്ഞുങ്ങള്‍ പിറന്ന് വളര്‍ന്ന് വലുതായപ്പോള്‍, 'ഇന്ന് എന്റെ എല്ലാ സമാധാനമില്ലായ്മക്കും കാരണം ഇവരാണല്ലോ' എന്നു നിനച്ച് പൊട്ടിക്കരയുന്നതും നിങ്ങള്‍ തന്നെയല്ലേ?

ഒരു കോടി രൂപ കിട്ടിയാല്‍ സന്തോഷമാവുമെന്നു കരുതി പണം കിട്ടാന്‍ ആഗ്രഹിച്ചു. പണം കിട്ടി. കോടീശ്വരനായി. പക്ഷേ പിന്നീട് എന്തു സംഭവിച്ചു? സമാധാനത്തോടെ സാവകാശത്തോടെ ഒന്ന് ഭക്ഷണം കഴിക്കാന്‍ പോലും നേരമില്ലാതെ, റൊട്ടിക്കഷണങ്ങള്‍ കടിച്ചുകൊണ്ട് ബിസിനസ്സിന്റെ തുടര്‍ന്നുള്ള വിജയത്തിനായി ഉത്കണ്ഠാകുലനായി യാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു.

തുടക്കത്തില്‍ പറഞ്ഞ ട്രെയിന്‍ യാത്രികന്‍ ഒരിക്കല്‍ നിറയെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നു കരുതി  പട്ടാളത്തില്‍ ചേര്‍ന്നു. അവിടെ യൂണിഫോമിന്റെ ഭാഗമായി അയാള്‍ക്കു ലഭിച്ചത് സ്വന്തം പാദങ്ങളെക്കാള്‍ രണ്ടു സൈസ് ചെറിയ ബൂട്ട്‌സുകളാണ്. വലിപ്പം കുറഞ്ഞ ആ പാദുകങ്ങള്‍ക്കുള്ളില്‍ കാലുകള്‍ കടത്താന്‍ അയാള്‍ ഏറെ ബുദ്ധിമുട്ടി. ബൂട്ട്‌സിനകത്ത് വിരലുകള്‍ ഒന്നിനുമുകളില്‍ ഒന്നുകയറി അമര്‍ന്നിരിക്കും. ദിവസം മുഴുവന്‍ ആ ബൂട്ട്‌സുകളണിഞ്ഞു നടക്കേണ്ടി വന്നപ്പോള്‍ അയാള്‍ക്ക് കഠിനമായ കാലുവേദന അനുഭവപ്പെട്ടു തുടങ്ങി. സഹിക്കാന്‍ പറ്റാതെ വേദന കൊണ്ട് പുളയുമ്പോള്‍ ആയാള്‍ നാട്ടുകാരെ ശപിച്ചുകൊണ്ടിരിക്കും.

ഈ കഷ്ടപ്പാടുകള്‍ കണ്ട സഹപ്രവര്‍ത്തകന്‍ ''നിങ്ങള്‍ ഈ കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കില്‍ അവര്‍ ശരിയായ അളവിലുള്ള ബൂട്ട്‌സുകള്‍ തരുമായിരുന്നല്ലോ. എന്തിന് ഇങ്ങനെ വെറുതെ പ്രയാസങ്ങള്‍ അനുഭവിക്കുന്നു?'' എന്നു ചോദിച്ചു.

''ദിവസേന എത്ര കഠിനമായ പരിശീലനങ്ങളാണ് ചെയ്യുന്നതെന്നു താന്‍ കാണുന്നില്ലേ? ശരീരം തളര്‍ന്നു പോ

കുന്ന രീതിയില്‍ പണിയെടുത്തിട്ടും സന്തോഷത്തിന്റെ ഒരു തരിപോലും കിട്ടുന്നില്ലല്ലോ. എന്നാല്‍ രാത്രി പരിശീലനപരിപാടികള്‍ എല്ലാം കഴിഞ്ഞ് ഈ ബൂട്ടുകള്‍ അഴിച്ചുമാറ്റുമ്പോള്‍ കിട്ടുന്ന ഒരു ആശ്വാസവും സന്തോഷവും ഉണ്ടല്ലോ! അതു പറഞ്ഞറിയിക്കാനാവില്ല. പട്ടാളത്തില്‍ ഇത്രയും പണി ചെയ്യുന്ന എനിക്കു രാത്രിയില്‍ കിട്ടുന്ന ഈ അല്പ സന്തോഷവും കൂടി നഷ്ടപ്പെടുത്തണമെന്നാണോ താന്‍ പറഞ്ഞു വരുന്നത്?'' ഇതായിരുന്നു അയാളുടെ മറുപടി. ഇതുപോലെ യഥാര്‍ഥ സന്തോഷം പണയം വച്ച്, ബൂട്ട്‌സ് അഴിക്കുന്നതെപ്പോഴാണ് എന്നു വെപ്രാളപ്പെട്ട് നിങ്ങളും കാത്തിരുന്നിട്ടില്ലേ? സന്തോഷമായി ജീവിക്കണം എന്നുള്ളതു തന്നെയല്ലേ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളുടെയും അടിയില്‍ പുതഞ്ഞിരിക്കുന്ന സത്യം? നിങ്ങള്‍ ആവശ്യപ്പെട്ടതു ലഭിച്ചു. പക്ഷെ അതു കൊണ്ടു തൃപ്തി

യാവാതെ വീണ്ടും, വീണ്ടും, ആഗ്രഹങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചു കൊണ്ടേയിരിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

തെറ്റുസംഭവിച്ചത് എവിടെയാണ്? ഇത് നിങ്ങളുടെ കുറ്റമാണോ? അതോ ആഗ്രഹങ്ങളുടെ കുറ്റമാണോ? തിരിച്ചറിയേണ്ടണ്ടതും ഇതു തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.