തണുപ്പിന്റെ കുളിരില്‍

Friday 1 February 2019 1:33 am IST

വാര്‍ത്തയില്‍ നിന്ന്

''അടുത്തകാലത്തൊന്നും അനുഭവപ്പെടാത്ത തണുപ്പിന്റെ കുളിരിലാണ് കൊച്ചി. പുതുവര്‍ഷത്തില്‍ കൊച്ചി വലിയ തണുപ്പിന്റെ കുളിരില്‍ മൂടുന്നതിനു കാരണമെന്താണ്?''

മഞ്ഞണിഞ്ഞ കൊച്ചിയെ അവതരിപ്പിക്കുകയാണു ലേഖകന്‍. തണുപ്പിന്റെ കുളിരോ എന്ന് സ്വയം ചോദിക്കുന്നവര്‍ പുതിയ ഭാഷാപ്രയോഗങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാത്തവരാണ്! തണുപ്പിന് കുളിരല്ലാതെ പിന്നെ ചൂടുണ്ടാകുമോ? തണുപ്പിന്റെ കുളിര്‍ അസഹനീയമാകുമ്പോള്‍ 'കുളിരിന്റെ തണുപ്പ്' എന്നു പ്രയോഗിക്കാം. 'കരളിന്റെ കരളേ' എന്ന പോലെ 'കുളിരിന്റെ കുളിര്' എന്നും 'തണുപ്പിന്റെ തണുപ്പ്' എന്നുമാവാം. വേനലാകുമ്പോള്‍ കൊച്ചി ചിലപ്പോള്‍ 'ഉഷ്ണത്തിന്റെ ചൂടി'ലോ 'ചൂടിന്റെ ഉഷ്ണ'ത്തിലോ ആകും!

''രാത്രി ചലച്ചിത്രതാരങ്ങള്‍ അവതരിപ്പിച്ച നൃത്താഞ്ജലിയും അരങ്ങേറി'' അവതരണമോ അരങ്ങേറ്റമോ മതി. രണ്ടുകൂടിവേണ്ട.

''രാത്രി ചലച്ചിത്രതാരങ്ങള്‍ അവതരിപ്പിച്ച നൃത്താഞ്ജലിയും ഉണ്ടായി''

''രാത്രി ചലച്ചിത്ര താരങ്ങളുടെ നൃത്താഞ്ജലിയും അരങ്ങേറി.''

''ശബരിമലയില്‍ സംഭവിച്ചത് ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍''.

'സംഭവം' ആവര്‍ത്തിക്കേണ്ടതില്ല.

''ശബരിമലയിലുണ്ടായത് ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍.''

''ഒരുപാടു മനുഷ്യരെ കൃത്യമായ രേഖകളൊന്നുമില്ലാതെ ഒരു ബോട്ടില്‍ കയറ്റി ആസ്‌ട്രേലിയയിലേക്കു കടത്താനായിരുന്നു ശ്രമം. അവരില്‍ ഗര്‍ഭിണികളും കുട്ടികളുമടക്കം ഒരുപാട് പേരുണ്ടായിരുന്നു.''

ഒരുപാടിന്റെ ആവര്‍ത്തനം അഭംഗിയുമുണ്ടാക്കുന്നു. രണ്ടാമത്തെ വാക്യം ഇങ്ങനെ തിരുത്താം: 

''അവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉണ്ടായിരുന്നു.''

''കടത്താനായി എത്തിച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉണ്ടായിരുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഈ വാര്‍ത്തയുടെ പിന്നാലെയുള്ള അന്വേഷണത്തിനൊടുവില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്''

എന്തിനാണ് ഇങ്ങനെ അടുപ്പിച്ച രണ്ടുതവണ ഞെട്ടുന്നത്? ഒരു ഞെട്ടല്‍ ഒഴിവാക്കുകയാണു ഭംഗി.

''കടത്താനായി എത്തിച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളുമുണ്ടായിരുന്നുവെന്ന വാര്‍ത്തയും അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങളും ഞെട്ടലോടെയാണു കേരളം കേട്ടത്.''

''സി.ബി.ഐയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ പരസ്പരം പരസ്യമായി അഴിമതി ആരോപിക്കുകയും അത് സര്‍ക്കാര്‍, കോടതി നടപടികളിലേക്കു നീങ്ങുകയും ചെയ്ത സംഭവം അപൂര്‍വമാണ്.''

തമ്മില്‍, പരസ്പരം- ഇവയില്‍ ഒന്നുമതി.

മുഖപ്രസംഗത്തില്‍നിന്ന്:

''പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുള്ളതായും പണമിടപാട്, വാഹനാപകടകേസുകളില്‍ ശരിയായ അന്വേഷണം നടത്താതെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നും വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.''

''ക്വാറി മാഫിയകളുമായി ബന്ധമുള്ളതായും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായും' എന്നോ 'ക്വാറിമാഫിയകളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നും' എന്നോ തിരുത്തണം.

പിന്‍കുറിപ്പ്

ഒരു ലേഖനത്തില്‍നിന്ന്:

''ഒരു കൃതിയിലെ വരികള്‍ക്കുള്ളിലെ ദ്വാരങ്ങളെ പരിഹരിക്കുന്നത് അവതാരിക തന്നെയാണ്. അവതാരികക്കാരന്റെ ഭാഷ പൂജിച്ച ഭസ്മവും വീര്യംകൂടിയ തീര്‍ത്ഥവും ആയിരിക്കണം.''

എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്: വരികള്‍ക്കുള്ളില്‍ ദ്വാരങ്ങളില്ലാതെ എഴുതിയാല്‍ അവതാരിക ഒഴിവാക്കാം!

അവതാരികക്കാരുടെ ശ്രദ്ധയ്ക്ക്: വീര്യം കൂടിയ തീര്‍ത്ഥം എന്താണെന്നും എവിടെ കിട്ടുമെന്നും ലേഖകനോടു ചോദിച്ചറഞ്ഞിട്ടേ എഴുത്തു തുടങ്ങാവൂ!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.