ശബരിമല യുവതീപ്രവേശന വിധി; പുനഃപരിശോധനാ ഹര്‍ജികള്‍ 6ന് പരിഗണിക്കും

Friday 1 February 2019 3:52 am IST

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ മാസം ആറാം തീയതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ബുധനാഴ്ച രാവിലെ 10.30 മുതല്‍ കേസ് കേള്‍ക്കുക. 

ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്. ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്. യുവതീപ്രവേശനത്തെ എതിര്‍ത്ത് വിധിന്യായം എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചികിത്സാ അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നാണ് ജനുവരി 22ന് പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജി ഫെബ്രുവരി ആറിലേക്ക് നീണ്ടത്. 

യുവതീപ്രവേശന വിധിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 പുനഃപരിശോധനാ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ക്ഷേത്രം തന്ത്രി, പന്തളം രാജകുടുംബം, വിഎച്ച്പി അടക്കമുള്ള ഹിന്ദു സംഘടനകള്‍ തുടങ്ങി നിരവധി ഹര്‍ജിക്കാരാണ് പുനഃപരിശോധനാ ഹര്‍ജികളുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. 

ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജിയും തന്ത്രിയെ ലക്ഷ്യമിട്ട് സിപിഎമ്മുകാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം കേള്‍ക്കാന്‍ സാധ്യതയുണ്ട്. ശബരിമല വിധി ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജികളും ഹൈക്കോടതിക്കും ഹൈക്കോടതി ഉന്നതാധികാര സമിതിക്കുമെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്ഫര്‍ ഹര്‍ജികളും എട്ടിന് കേള്‍ക്കാനാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.