ഷിര്‍ദ്ദിയിലെ അവധൂതന്‍

Saturday 2 February 2019 3:13 am IST

ഗ്രാമത്തിന് അതൊരു കൗതുകക്കാഴ്ച്ചയായിരുന്നു. കാടിനരികെ, ഖണ്ഡോപാ ക്ഷേത്രത്തിന് എതിരെയുള്ള ആര്യവേപ്പിന്റെ തണലില്‍ ധ്യാനനിരതനായൊരു കൗമാരക്കാരന്‍. മഴയറിയാതെ, വെയിലറിയാതെ ദിവസങ്ങളോളം തുടര്‍ധ്യാനം. 

വേഷം ഒരു മുസ്ലിം ഫക്കീറിന്റേത്. വല്ലപ്പോഴും എഴുന്നേറ്റ് തൊട്ടരികെയുള്ള കാടിനുള്ളിലേക്ക് പോകും. അലഞ്ഞു തിരിഞ്ഞ് തിരികെയെത്തും. വീണ്ടും ധ്യാനം. ഇതാരെന്നു മാത്രം ആര്‍ക്കുമറിയില്ല. കുട്ടികള്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു കരുതി കല്ലെറിഞ്ഞു. നാട്ടുകാരില്‍ ചിലര്‍ ഭക്ഷണം നല്‍കി. ഒടുവില്‍ അവര്‍ ഇതൊരു സാധാരണ മനുഷ്യനല്ലെന്ന തീര്‍പ്പിലെത്തി.

മനുഷ്യാതീതമായൊരു വൈഭവം. ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ദിവ്യന്റെ വാര്‍ത്ത പരന്നു. മതഭേദമില്ലാതെ കാഴ്ചക്കാര്‍ പെരുകി. മാറാവ്യാധികളുമായി എത്തിയവര്‍ക്ക് അദ്ദേഹം ആര്യവേപ്പില പറിച്ച് കൈവെള്ളയിലിട്ട് ഞെരടി കഴിക്കാന്‍ നല്‍കി. അത്ഭുത വേഗത്തിലായിരുന്നു രോഗവിമുക്തി. ഊരും പേരുമറിയില്ലെങ്കിലും എത്തിയത് തങ്ങളുടെ രക്ഷകനാണെന്ന് ഷിര്‍ദ്ദിയിലെ ജനങ്ങള്‍ വാഴ്ത്തിപ്പാടി.

പേരില്ലാത്ത ദിവ്യനെ ഖണ്ഡോപാ ക്ഷേത്രത്തിലെ പൂജാരി, മഹാലസപതി 'സായ്' എന്ന് ആദ്യമായി പേരിട്ടു വിളിച്ചു. 'യാ സായ്' (സ്വാഗതം സായ്) എന്നു പറഞ്ഞാണ് മഹാലസപതി അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. അന്നോളം അജ്ഞാതമായിരുന്ന ഷിര്‍ദ്ദിയിലെ അവധൂതന്‍, സായ്ബാബയുടെ ചരിത്രസാക്ഷ്യങ്ങളുടെ തുടക്കം അവിടുന്നാണ്. 

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു ആത്മീയാചാര്യനായിരുന്നു ഷിര്‍ദ്ദിസായ് ബാബ. ഹിന്ദുക്കളും മുസ്ലിങ്ങളും അദ്ദേഹത്തെ ഒരുപോലെ ഗുരുവായി കണ്ടു. ശ്രീപരമേശ്വരന്റെ അവതാരമാണ് ബാബയെന്നാണ് ഐതിഹ്യം. 

ഹിന്ദുവായാണ് ജനനമെന്ന് സങ്കല്‍പ്പം. സംന്യാസം സ്വീകരിച്ച ബ്രാഹ്മണ ദമ്പതികള്‍ വനത്തിലുപേക്ഷിച്ച കുഞ്ഞിനെ മക്കളില്ലാത്ത ഒരു മുസ്ലിം എടുത്തു വളര്‍ത്തിയെന്നത് നാട്ടുകഥ. ഫക്കീറിന്റെ മകനായിരുന്നെന്നത് മറ്റൊരു കഥ. ഫക്കീറിന്റെ ഭാര്യ, മകനെ ഹിന്ദു സംന്യാസിയായ  വെങ്കുശയുടെ ആശ്രമത്തിലാക്കി.

പന്ത്രണ്ടു വര്‍ഷം അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നു. സൂഫി ആചാര്യന്മാരെപ്പോലെയായിരുന്നു ബാബയുടെ വസ്ത്രധാരണം. ഭിക്ഷാടനം നടത്തിയുള്ള  അതിജീവനം. ഒരേസമയം രണ്ടു മതത്തിലെയും അനുഷ്ഠാനങ്ങള്‍ ബാബ ജീവിതചര്യയാക്കി. തന്നെ കേള്‍ക്കാനെത്തുന്നവര്‍ക്കു മുമ്പില്‍ ഗീതയും ഖുറാനും അദ്ദേഹം താത്വികമായി വിവരിച്ചു. മുസ്ലിങ്ങള്‍ക്ക് അദ്ദേഹം സൂഫിവര്യനായിരുന്നു. ഹഠയോഗയും ഖണ്ഡയോഗയും അനായാസം ചെയ്യുന്ന ബാബ കുടല്‍ പുറത്തെടുത്ത് വൃത്തിയാക്കുന്നതും ശരീരഭാഗങ്ങള്‍ സ്വയം അടര്‍ത്തി മാറ്റി വീണ്ടും പൂര്‍വസ്ഥിതിയിലാക്കുന്നതും പതിവായിരുന്നു.  

പതിനാറാമത്തെ വയസ്സിലാണ് ബാബ അഹമ്മദ് നഗറിലെ ഷിര്‍ദ്ദിയിലെത്തിയത് (1858 ല്‍ എന്ന് ചരിത്രരേഖകള്‍). ബാബയുടെ അത്ഭുതപ്രവൃത്തികളില്‍ ആകൃഷ്ടരായ ഗ്രാമീണര്‍ക്ക് അദ്ദേഹം ദൈവമായി. അവരുടെ ഇല്ലായ്മകളിലും സന്തോഷത്തിലും ബാബ സാന്നിധ്യമായി. ദ്വാരകാമായിയെന്ന പഴയൊരു മുസ്ലിം പള്ളിയായിരുന്നു അദ്ദേഹത്തിന്റെ വാസസ്ഥാനം. പേരിലെ വൈരുദ്ധ്യം പ്രകടമെങ്കിലും ബാബ അങ്ങനെയാണ് പള്ളിക്ക് പേരിട്ടത്. ദ്വാരകാമായിയില്‍, സന്ധ്യാനേരങ്ങളില്‍ ഹിന്ദു-മുസ്ലിം ഭേദമില്ലാതെ നാട്ടുകാര്‍ ഒത്തുചേര്‍ന്നു. വചനങ്ങള്‍ക്ക് കാതോര്‍ത്തു. അദ്ദേഹം അവരുടെ ആധികളും വ്യാധികളുമകറ്റി. അശാന്തി നിറഞ്ഞ മനസ്സുകളില്‍ ശാന്തി ചൊരിഞ്ഞു.  

ഇരിപ്പിടത്തിനരികെ എപ്പോഴും കനലെരിച്ചാണ് ബാബ ഇരിക്കുക. രോഗികളെത്തുമ്പോള്‍ അതില്‍ നിന്ന് ചാരം വാരി നല്‍കും. കഴിക്കാനും ദേഹത്തു പുരട്ടാനും. അസുഖം നിശ്ശേഷം മാറിയതിന്റെ സാക്ഷ്യങ്ങള്‍ പലതാണ്. കുടിലായിരുന്ന ദ്വാരകാമായി കെട്ടിലും മട്ടിലും ഭാരതത്തിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടും ഇന്നുമെരിയുന്നുണ്ട് ആ കനലിന്റെ തുടര്‍ച്ചകള്‍. അനുയായികളതിനെ ധുണിയെന്നു വിളിക്കുന്നു. ചാരത്തെ ഉദിയെന്നും. ഇപ്പോഴും അതിലെ ചാരം സിദ്ധൗഷധമായി കരുതുന്നു. 

വെളുത്ത നിറത്തിലുള്ള കഫനി(നീളന്‍ കുപ്പായം)യും വെളുത്ത തലയില്‍കെട്ടുമായിരുന്നു ബാബയുടെ പതിവുവേഷം. കൈയില്‍ ഭിക്ഷയെടുക്കാന്‍ ഒരു തകരപ്പാട്ട കാണും. തുണി കൊണ്ടുള്ളൊരു ഭാണ്ഡവും. ദ്വാരകാമായിയില്‍ ഇരിക്കുമ്പോഴൊക്കെ ഹുക്കവലി പതിവുണ്ടായിരുന്നു. ബാബയെ കാണാനെത്തുന്ന ആസ്തമാ രോഗികള്‍ക്കും ഹുക്ക വലിക്കാന്‍ നല്‍കും. രോഗം പെട്ടെന്നു ശമിക്കും. 

ഒരിക്കല്‍ ഷിര്‍ദ്ദിയിലാകെ കോളറ പടര്‍ന്നു, നിയന്ത്രണാതീതമായി. ആട്ടുകല്ലില്‍ ഗോതമ്പു പൊടിച്ചെടുത്ത് ഗ്രാമാതിര്‍ത്തിക്ക് ചുറ്റും വിതറി നിമിഷങ്ങള്‍ക്കകം ബാബ, കോളറ പ്രതിരോധിച്ചു.

മഹാലസപതി, നാനാസാഹേബ് ചന്ദോര്‍ക്കര്‍, ഷാമ, താത്യാപാട്ടീല്‍, അബ്ദുള്‍ബാബ, ദാസ്ഗണു മഹാരാജ്, കാക്കാ ദീക്ഷിത്, ഡോ. ചിദംബരം പിള്ള  തുടങ്ങി പ്രഗത്ഭരും  സാധാരണക്കാരുമായ ഒട്ടേറെ ശിഷ്യരുണ്ടായിരുന്നു ബാബയ്ക്ക്.

1918 ഒക്‌ടോബര്‍ 18 നാണ്  ബാബ സമാധിയായത്. സമാധിയിന്ന് ലോകപ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രം. ഷിര്‍ദിയില്‍ ബാബയുടെ സമാധിയും ക്ഷേത്രവും സന്ദര്‍ശിക്കാന്‍ എന്നുമെത്തുത് കാല്‍ലക്ഷത്തിലേറെപ്പേര്‍. തിരുപ്പതി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രമാണ് ഷിര്‍ദ്ദിയിലെ സമാധി മന്ദിരം. നാസിക്കില്‍ നിന്ന് 90 കിലോമീറ്ററാണ് ഷിര്‍ദ്ദിലേക്ക് ദൂരം. ഗുരുസ്ഥാന്‍, സമാധിമന്ദിരം, ദ്വാരകാമായി, ചാവടി, ലന്ദിബാഗ്, ഷിര്‍ദ്ദി  ക്ഷേത്രം എന്നിവയുള്‍പ്പെട്ടതാണ് ഷിര്‍ദ്ദിയിലെ ആരാധനാ സമുച്ചയം. ഖണ്ഡോപാ ക്ഷേത്രത്തിലേക്കും വിഖ്യാതമായ ശനിശിംഗനേശ്വര പീഠത്തിലേക്കും ഷിര്‍ദിയില്‍ നിന്ന് ഏറെ ദൂരമില്ല. 

(പറയാന്‍ ഒന്നല്ല, ഒരുപാടുണ്ട് ഷിര്‍ദ്ദിബാബയുടെ സിദ്ധി വിശേഷങ്ങള്‍. ഭക്തിയും ചമത്ക്കാരവും സമന്വയിക്കുന്ന ബാബയുടെ കഥകള്‍ ശനിയാഴ്ചകളില്‍ സംസ്‌കൃതിയില്‍ വായിക്കാം.)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.