മോദി സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ക്കെതിരെ വിജയ് മല്യ

Friday 1 February 2019 7:48 pm IST

ന്യൂദല്‍ഹി : മോദി സര്‍ക്കാരിന്റെ കടുത്ത നടപടികളില്‍ തകര്‍ന്ന് വിജയ് മല്യ. എല്ലാ ദിവസവും രാവിലെ ഉണര്‍ന്ന് നോക്കുമ്പോള്‍ ഏതെങ്കിലുമൊക്കെ സ്വത്ത് കണ്ടുകെട്ടുന്ന വാര്‍ത്തയാണ് കാണുന്നതെന്ന് മല്യ ട്വിറ്ററില്‍ കുറിച്ചു. 

ആകെ 9000 കോടിയായിരുന്നു ബാങ്കുകള്‍ക്കുള്ള കടം. പക്ഷേ സര്‍ക്കാര്‍ 13,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടിയെന്നും എന്നാണിത് അവസാനിക്കുകയെന്നും വിജയ് മല്യ ചോദിക്കുന്നു.തനിക്കെതിരെ നടക്കുന്ന കാര്യങ്ങള്‍ നിയമ വിരുദ്ധമാണെന്ന് വിജയ് മല്യ ആരോപിച്ചു. ഇന്ത്യയില്‍ മാത്രമല്ല ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്തുവകകളും കണ്ടുകെട്ടാനുള്ള ശ്രമം നടക്കുന്നുണ്ട് . 

ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള കടത്തില്‍ കൂടുതല്‍ ഇപ്പോള്‍ തന്നില്‍ നിന്ന് പിടിച്ചെടുക്കുകയാണെന്നും മല്യ ആരോപിച്ചു. സാമ്പത്തിക കുറ്റകൃത്യത്തിന് ഇന്ത്യയിലും ഇംഗ്ലണ്ടിലും മല്യ നിയമനടപടി നേരിടുകയാണ്. നേരത്തെ മല്യയെ ഇന്ത്യക്ക് കൈമാറാന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതി ഉത്തരവിട്ടിരുന്നു. 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യ വിട്ടത്.

ജനുവരി ആദ്യം മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. സമയം നല്‍കണമെന്ന മല്യയുടെ ആവശ്യം പ്രത്യേക കോടതി തള്ളിയിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച അപേക്ഷയില്‍ വാദം നടക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മല്യ കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല. കോടതി നിര്‍ദ്ദേശം വന്നതോടെയാണ് മല്യയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനു കഴിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.