കൊച്ചി: ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ ‘സക്ഷമ’യുടെ സംസ്ഥാന കാര്യാലയത്തിന്റെയും, ദിവ്യാംഗ സേവാകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന്. എറണാകുളം ടിഡി റോഡില്‍ ലക്ഷ്മിഭായ് ടവറില്‍ രണ്ടാം നിലയിലാണ് കാര്യാലയം പ്രവവര്‍ത്തനം ആരംഭിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ ഡോ. എന്‍.ആര്. മേനോന് സംസ്ഥാന അധ്യക്ഷനായി ‘സക്ഷമ’ കേരള ഘടകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സക്ഷമ സംസ്ഥാന സഹസംഘടനാ കാര്യദര്‍ശി പി. സുഭാഷ് അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സമഗ്രമായ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആധുനിക രീതിയിലുള്ള സാങ്കേതിക സൗകര്യങ്ങളോടുകൂടിയാണ് കാര്യാലയം പ്രവര്‍ത്തനം തുടങ്ങുന്നത്.
കാഴ്ചശക്തി വെല്ലുവിളി നേരിടുന്ന പുരുഷന്മാര്ക്കായി പാലക്കാട് വടക്കുന്തറയില്‍ കൃഷ്ണജ്യോതി സ്വാശ്രയ കേന്ദ്രം, കോട്ടയം കേന്ദ്രീകരിച്ച് സംഗീതാഭിരുചിയുള്ള കലാകാരന്മാരെ സംഘടിപ്പിച്ച് സൂര്‍ദാസ് ഭജനമണ്ഡലി, കാഴ്ചവൈകല്യമുള്ള സ്ത്രീകള്‍ക്ക് വേണ്ടി ശ്രീമൂലനഗരം അകവൂരില്‍ മാധവം ഭക്തസൂര്‍ദാസ് സ്വാശ്രയകേന്ദ്രം, ആലുവ ഗ്രാമസേവാസമിതി എന്നിവ സക്ഷമയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
2008ല്‍ സക്ഷമ കേരളം എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യ ശാക്തീകരണ മന്ത്രാലയവും സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് സക്ഷമ നോഡല്‍ ഏജന്‍സി എഡിഐപി ക്യാമ്പും ഉപകരണ വിതരണവും സംഘടിപ്പിച്ചിരുന്നു. 400 പേര്‍ക്ക് 35 ലക്ഷം രൂപയുടെ ഉപകരണവും വിതരണം ചെയ്തു.
കഴിഞ്ഞ വര്‍ഷം കോഴിക്കോടും തിരുവനന്തപുരത്തുമായി രണ്ടു സ്ഥാപനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം നേമത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ‘ധീമഹി’ സ്പെഷ്യല്‍ സ്കൂളും കോഴിക്കോട് സമദൃഷ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍, കാഴ്ചശക്തി വെല്ലുവിളിയുള്ള വനിതകള്‍ക്കായി പന്തീരാംകാവില്‍ ‘സമദൃഷ്ടി’ എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: