പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പത്തു വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബജറ്റില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഈ മേഖലകളുടെ വികസനം അനിവാര്യം.
അടിസ്ഥാന സൗകര്യ വികസനം
മൊത്തം അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുക. റോഡ്, റെയില്‍പ്പാലങ്ങള്‍, ജലപാതകള്‍, വിമാന യാത്രാ സൗകര്യം എന്നിവ വിപുലീകരിക്കുക. കുടിവെള്ളം സുലഭമായി ലഭ്യമാക്കുക. ആരോഗ്യരക്ഷയ്ക്ക് ആശുപത്രികള്‍ തുടങ്ങി എല്ലാം മെച്ചപ്പെടുത്തുക.
ഡിജിറ്റല്‍ ഇന്ത്യ
ഡിജിറ്റല്‍വത്കരണം സമ്പൂര്‍ണമാക്കുക. മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭ്യമാക്കുക.
ശുദ്ധ, ഹരിത ഇന്ത്യ
മാലിന്യമുക്തമായ ഹരിത ഇന്ത്യ കെട്ടിപ്പടുക്കുക. ജൈവ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായും നീക്കി ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരിക. ഭൂമിയുടെ പച്ചപ്പ് കാത്തുരക്ഷിക്കുക.
ഗ്രാമീണ വ്യവസായവല്‍ക്കരണം
വ്യവസായങ്ങള്‍ ഇന്ന് നഗര കേന്ദ്രീകൃതമാണ്. ഗ്രാമങ്ങളില്‍ പോലും അവയുടെ സ്വച്ഛതയും വൃത്തിയും നശിപ്പിക്കാതെ വ്യവസായങ്ങള്‍ വളര്‍ത്തുക.
വൃത്തിയായ നദികള്‍
ഗംഗയും യമുനയും അടക്കം ഇന്ത്യയിലെ മിക്ക നദികളും വലിയ തോതില്‍ മലിനമാണ്. അവയെ മാലിന്യ മുക്തമാക്കിയാല്‍ കുടിവെള്ളവും ജലസേചനത്തിനുള്ള വെള്ളവും ശുദ്ധമാകും.
സമുദ്രം, തീരദേശങ്ങള്‍
ഇന്ത്യയ്ക്ക് വലിയ വിസ്തൃതിയുള്ള കടലും കടലോരവുമുണ്ട്. ഇവയെ സംരക്ഷിച്ചാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും മെച്ചമുണ്ടാകും. തീരദേശനിവാസികള്‍ക്ക് ജീവിതം മെച്ചപ്പെടും. വരുമാനവും കൂടും.
ബഹിരാകാശം
ബഹിരാകാശ രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നുന്നത് നമ്മുടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് ഗുണകരമാണ്. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കുതിപ്പു പകരും. പ്രകൃതി ദുരന്തങ്ങള്‍ നേരത്തെ കണ്ടറിഞ്ഞ് ജനകോടികള്‍ക്ക് രക്ഷയൊരുക്കാനും സാധിക്കും. മറ്റുള്ളവര്‍ക്കുവേണ്ടി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് വരുമാനമുണ്ടാക്കാം.
ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്ത
ദാരിദ്ര്യം തുടച്ചുമാറ്റാനും ജനങ്ങള്‍ക്ക് വരുമാനം കൂട്ടാനും കാര്‍ഷികരംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഇത് അവസരമൊരുക്കും. വന്‍ തോതില്‍ തൊഴിലും സൃഷ്ടിക്കും.
ആരോഗ്യം
ആരോഗ്യമുള്ള ജനങ്ങളാണ് രാജ്യത്തിന്റെ സ്വത്ത്. മുഴുവന്‍ പേര്‍ക്കും ആരോഗ്യ സംരക്ഷണത്തിന് വഴിയൊരുക്കുക, കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുക.
കുറഞ്ഞ സര്‍ക്കാര്‍ ഇടപെടല്‍, കൂടുതല്‍ ഭരണം
വിവിധ രംഗങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കഴിയുന്നത്ര കുറച്ച്, അവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സൗകര്യമൊരുക്കുക. അതിനു വേണ്ട ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: