കണ്ണീരും കൈയടിയും

Saturday 2 February 2019 5:31 am IST

തലേന്നും പിറ്റേന്നുമായാണ് സംസ്ഥാന-കേന്ദ്ര ബജറ്റുകള്‍ വന്നത്. സംസ്ഥാനത്തിന്റേത് സമ്പൂര്‍ണ ബജറ്റാണെങ്കില്‍ ഇടക്കാല ബജറ്റാണ് കേന്ദ്രത്തിന്റേത്. നവോത്ഥാനമെന്ന ഇല്ലാക്കഥകളും ഇരട്ടദുരന്തങ്ങളുടെ കണ്ണീര്‍വാര്‍ക്കലുകളുമാണ് സംസ്ഥാന ബജറ്റിലുടനീളം നിഴലിച്ചത്. കുമാരനാശാനെയും ശ്രീനാരായണഗുരുദേവനെയുമെല്ലാം കൂടെക്കൂട്ടി പൊക്കം നടിക്കാന്‍ കേരളധനമന്ത്രി ഡോ. തോമസ് ഐസക് ശ്രമിച്ചപ്പോള്‍ ആരുടെയും തോളിലേറാതെയാണ് കേന്ദ്രധനമന്ത്രിയ്ക്കു വേണ്ടി മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിച്ചത്. 

നിരാശയുടെ ഉപന്യാസവും പ്രത്യാശയുടെ ദൃഷ്ടാന്തവും

കേരളത്തിന്റേത് നിരാശയുടെ ഉപന്യാസമാണെങ്കില്‍ കേന്ദ്രത്തിന്റേത് പ്രത്യാശയുടെ പ്രത്യക്ഷമായ ദൃഷ്ടാന്തമായി സാമ്പത്തിക സാമൂഹ്യരംഗമാകെ വിലയിരുത്തുന്നു. രണ്ടരവര്‍ഷം പിന്നിട്ട കേരളത്തിന് നേട്ടമായി ഒന്നും നിരത്താനുണ്ടായിരുന്നില്ല. എന്നാല്‍ നാലര വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രകീര്‍ത്തിച്ചാലും  മതിവരാത്തതാണ്. പിന്നിട്ട നേട്ടങ്ങള്‍ മാത്രമല്ല, നേടാന്‍പോകുന്ന കാര്യങ്ങളും പീയൂഷ് ഗോയല്‍ വിവരിച്ചപ്പോള്‍ നിലയ്ക്കാത്ത കൈയടിയാണ് ലോക്‌സഭയില്‍ അലയടിച്ചത്. 

ഇല്ലാത്ത മതനിരപേക്ഷതാ ഭീഷണിയും പുരോഗമനവിരുദ്ധ സമീപനവും കേരളം വാചാലമായി വിവരിച്ചു. എന്നാല്‍ ലോകത്തില്‍ത്തന്നെ ഒന്നാംനമ്പര്‍ രാഷ്ട്രമായി ഭാരതം മാറുന്നതിന്റെ രേഖാചിത്രമാണ് കേന്ദ്രബജറ്റില്‍ വിവരിച്ചത്.

ആത്മവിശ്വാസവും  ആവേശവും നല്‍കുന്ന ബജറ്റാണ് പീയൂഷ് ഗോയല്‍ അവതരിപ്പിച്ചതെന്ന്്  പരക്കെ വിലയിരുത്തുന്നു. എന്‍ഡിഎ ഭരണം നേടിയെടുത്ത സാമ്പത്തിക  പുരോഗതിയും സമ്പദ്ഘടനയുടെ സ്ഥിരതയും പ്രതിഫലിപ്പിക്കുന്ന ബജറ്റാണിതെന്നാണ് പ്രാഥമിക നിഗമനത്തില്‍ കാണാനാകുന്നത്. 

സമൂഹത്തിലെ സകല വിഭാഗങ്ങള്‍ക്കും സംതൃപ്തി  നല്‍കുകയും സമ്പദ്ഘടനയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി വികസനരംഗത്ത്  കുതിപ്പിന് കളമൊരുക്കുകയും ചെയ്യും. മോദി സര്‍ക്കാരിന്റെ   കിരീടത്തിലെ മറ്റൊരു തിളക്കമാര്‍ന്ന തൂവലാണ് ബജറ്റ്.  മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് എന്ന ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം കണ്ടെത്താനും നികുതി വരുമാനം കൂട്ടാനും സാധിച്ചു. ഈ പണം ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് സഹായവും ആശ്വാസവും നല്‍കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

സമാനതകളില്ലാത്ത നിര്‍ദേശങ്ങള്‍

കര്‍ഷകനും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും വരുമാനം ഉറപ്പുവരുത്തിയ  കേന്ദ്ര ബജറ്റ് സമാനതകളില്ലാത്തതാണ്.മോദി സര്‍ക്കാര്‍ വന്‍കിടക്കാരെ സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ബജറ്റിലെ നിര്‍ദേശങ്ങള്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി മോദി സര്‍ക്കാരിന്റെ മാനുഷിക മുഖമാണ് വെളിവാക്കുന്നത്.

ഇത്തരമൊരു പദ്ധതി ലോകത്ത് തന്നെ അപൂര്‍വമാണ്. ആദായനികുതി പരിധി ഉയര്‍ത്തല്‍, ആശാവര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം കൂട്ടാനുള്ള തീരുമാനം, എട്ടു കോടി സൗജന്യ പാചക വാതക കണക്ഷന്‍, രാജ്യത്തെ പകുതി ജനങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കാനുള്ള പദ്ധതി തുടങ്ങിയവയെല്ലാം ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ സര്‍ക്കാരാണെന്നതിന്റെ തെളിവാണ്. ആദായനികുതി പരിധി ഒറ്റയടിക്ക് ഇരട്ടിയാക്കിയത് ആരും പ്രതീക്ഷിച്ചില്ല. ആദായനികുതി റിട്ടേണുകള്‍ 24 മണിക്കൂറിനകം പരിശോധിച്ച് ഉടന്‍തന്നെ ബാങ്കിലേക്ക് റീഫണ്ട് ലഭ്യമാക്കുന്ന പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും.

ചരക്കു സേവന നികുതി വരുമാനം ഈ വര്‍ഷം ലക്ഷം കോടി കവിയും. അഞ്ചു കോടി രൂപയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതിയാകുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

പ്രതിപക്ഷത്തെ തകര്‍ത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക്

നികുതിയിളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ബെഞ്ചിലടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുളള എന്‍ഡിഎ ബെഞ്ച് അത് സ്വീകരിച്ചത്. 'മോദി, മോദി...' എന്ന മുദ്രാവാക്യങ്ങളും ഇതിനിടെ ഉയര്‍ന്നു. 2019 പൊതുതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും 'കുറഞ്ഞ വേതനം ഉറപ്പാക്കു'മെന്ന് അടുത്തിടെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ലോക്‌സഭാതലത്തില്‍ സാക്ഷിയാകേണ്ടി വന്ന 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' കൂടിയായി ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം.

ഭരണബെഞ്ച് ആവേശത്തിലായിരുന്നെങ്കില്‍ മരണവീട്ടിലെന്നതുപോലെയായിരുന്നു പ്രതിപക്ഷം. നവഭാരതവും സ്വച്ഛഭാരതവുമെന്ന സ്വപ്‌നത്തിലേയ്ക്കുള്ള ദൂരം ഹ്രസ്വമാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിക്കുന്നു എന്നഭിമാനിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.