കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പ്; ചരിത്ര തീരുമാനം തീരത്ത് ആവേശം

Saturday 2 February 2019 5:08 am IST

കൊച്ചി: കേന്ദ്ര സര്‍ക്കാറിനുകീഴില്‍  ഫിഷറീസിന്  സ്വതന്ത്ര വകുപ്പ് രൂപീകരിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരം. ബജറ്റ് പ്രഖ്യാപനത്തിനിടയിലാണ് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ തീരുമാനം പ്രഖ്യാപിച്ചത്. അസംഘടിത വിഭാഗമായ ഭാരതത്തിലെ 95 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം നേരിട്ടു ലഭിക്കും.

വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തു. മൂന്നര പതിറ്റാണ്ടു കാലത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നിരന്തരമായ ആവശ്യത്തിനാണ് തീരുമാനമായിരിക്കുന്നത്. തീരദേശ സംസ്ഥാനങ്ങളിലെല്ലാം സംസ്ഥാന ഫിഷറീസ് മന്ത്രാലയം ഉള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാറിനു കീഴില്‍ മന്ത്രാലയം ഇല്ലാതിരുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തിന് തിരിച്ചടിയായിരുന്നു.

 നവംബറില്‍ സിഎംഎഫ്ആര്‍ഐയില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലും കേന്ദ്രത്തോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരുന്നു. 45 ലക്ഷത്തോളം

പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിനും അമ്പതു ലക്ഷത്തോളം അനുബന്ധ തൊഴിലാളികള്‍ക്കും കേന്ദ്ര തീരുമാനം ആവേശം പകരും. സി. എം.എഫ്. ആര്‍.ഐ, സി.ഐ.എഫ്.ഐ, സി.ഐ.എഫ് .എന്‍ .ഇ.ടി, നിസാറ്റ്, എം.പി.ഇ.ഡി.എ, ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ തുടങ്ങി എട്ടോളം മത്സ്യ ഗവേഷണ സ്ഥാപനങ്ങള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇവയെല്ലാം വിവിധ മന്ത്രാലയങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 

ഇതിനെല്ലാം ഏകോപിതമായ സ്വഭാവം ഉണ്ടാക്കാന്‍ ഫിഷറീസ് വകപ്പിന്റെ രൂപീകരണത്തോടെ സാധിക്കും.അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവരെ അയല്‍ രാജ്യങ്ങള്‍ തടവിലാക്കിയാല്‍ പോലും വിദേശകാര്യമന്ത്രാലയം നേരിട്ട് ഇടപെടേണ്ട സാഹചര്യത്തില്‍ നിന്നും മാറ്റം വരും എന്നുള്ളതും പ്രതീക്ഷ നല്‍കുന്നു. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയിടങ്ങളിലും ഫിഷറീസ് സ്വതന്ത്ര മന്ത്രാലയം ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.