മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാരം പി. പരമേശ്വരന് സമ്മാനിച്ചു

Saturday 2 February 2019 4:50 pm IST

കോട്ടയം: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 98-ാം ജയന്തിയോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ ശങ്കരസ്മൃതി പുരസ്‌കാരം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് സുരേഷ് ഗോപി എം.പി സമ്മാനിച്ചു. 50,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മള്ളിയൂരിലെ മണ്ണില്‍ നടക്കുന്ന ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കാനായത് മഹാഭാഗ്യമാണെന്ന് മറുപടി പ്രസംഗത്തില്‍ വികാരധീനനായി  പി. പരമേശ്വരന്‍ പറഞ്ഞു.  ഈ വര്‍ഷത്തെ മള്ളിയൂര്‍ ഗണേശ പുരസ്‌കാരം ജ്യോതി ശാസ്ത്രജ്ഞരായ കല്ലേറ്റുംകര പത്മനാഭശര്‍മ, ജനാര്‍ദ്ദന അയ്യര്‍ എന്നിവര്‍ക്കും സമ്മാനിച്ചു. ഫലകവും 10,001 രൂപയുമാണ് ഗണേശ പുരസ്‌ക്കാരം. മള്ളിയൂര്‍ സ്മൃതി മണ്ഡപത്തിന്റെ മാതൃക ചടങ്ങില്‍ സുരേഷ് ഗോപി അനാച്ഛാദനം ചെയ്തു.

ജയന്തി സമ്മേളനത്തിന്റെ ദീപപ്രോജ്വലനം കൊല്‍ക്കത്ത ഗൗഡിയ മിഷന്‍ പ്രസിഡന്റ് തൃദണ്ഡി സ്വാമി ശ്രീമദ് ഭക്തിസുന്ദര്‍ സന്യാസി മഹാരാജ് നിര്‍വഹിച്ചു.മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. താഴമണ്‍ മഠം കണ്ഠര് രാജീവര് അനുഗ്രഹ പ്രഭാഷണം നടത്തി. 

2020 ലെ ഭാഗവതാമൃത സത്ര വിളംബരം പന്തളം രാജ പ്രതിനിധി ശശികുമാര്‍ വര്‍മ്മ നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ആചാര്യവന്ദനം നടത്തി. ശിവരാമകൃഷ്ണ സ്വാമി, ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, പത്മനാഭസ്വാമി ക്ഷേത്രം മുന്‍ മേല്‍ശാന്തി നാരായണ പട്ടേരി എന്നിവര്‍ പ്രസംഗിച്ചു. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.