വകതിരിവില്ലാത്തവര്‍ മൃഗതുല്യര്‍

Sunday 3 February 2019 2:49 am IST

വസ്തുതത്ത്വത്തെ വിവേചനം ചെയ്ത് നന്നായി അറിയുന്നതിനെയാണ് വിദ്യ എന്ന് പറയുന്നത്. അവിദ്യാവസ്ഥയിലെ ഗുണമോ ദോഷമോ ഒന്നും ശരിയായ വസ്തുവിനെ ബാധിക്കില്ല. കയറില്‍ പാമ്പിനെ കാണുമ്പോള്‍ വാസ്തവത്തില്‍ പാമ്പിന്റെ ദോഷങ്ങളൊന്നും കയറിന് ഉണ്ടാകുന്നില്ല.

 അവിവേകം കൊണ്ടാണ് അഥവാ ശരിയായ വിചിന്തനം ചെയ്യാന്‍ കഴിയാത്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. അവിവേകം മൂലം ആത്മാ-അനാത്മാഭ്രമം ഉണ്ടാകുന്നു. അത് അവിദ്യയെ തുടര്‍ന്നാണ് സംഭവിക്കുന്നത്. ആ അവിദ്യയെ മുന്‍നിര്‍ത്തിയാണ് ലൗകികങ്ങളും വൈദികങ്ങളുമായ എല്ലാ പ്രമാണ പ്രമേയ വ്യവഹാരങ്ങളും നടക്കുന്നത്. എല്ലാ ശാസ്ത്രങ്ങളും വിധിയേയും നിഷേധത്തേയും ആധാരമാക്കിയാണ് ഉള്ളത്.

 അങ്ങനെ നോക്കുകയാണെങ്കില്‍ പ്രത്യക്ഷമായ വസ്തുക്കളും ശാസ്ത്രങ്ങളുമെല്ലാം അവിദ്യയുടെ ഫലമാണ് എന്ന് പറയണം.വിവേകമില്ലാതെ ദേഹത്തില്‍ ആത്മാവിനെ അധ്യസിക്കുന്നവര്‍ക്കാണ് ശാസ്ത്രങ്ങളും പ്രത്യക്ഷം മുതലായ പ്രമാണങ്ങളും വേണ്ടത്.

ദേഹം ഇന്ദ്രിയങ്ങള്‍ എന്നിവയില്‍ ഞാന്‍ എന്നും എന്റെ എന്നും അഭിമാനമില്ലാത്തയാള്‍ക്ക് ജ്ഞാതാവ് അഥവാ അറിയുന്നയാള്‍ എന്ന നില ഉണ്ടാകില്ല. അതിനാല്‍ അറിയേണ്ടതായ (ജ്ഞേയ) വിഷയങ്ങളില്‍ അഭിമാനം ഉണ്ടാക്കില്ല.

അപ്പോള്‍ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനവും വേണ്ടതില്ല. അതിനാല്‍ പ്രത്യക്ഷ വ്യവഹാരങ്ങളും ഇല്ല. അധിഷ്ഠാനമായതിന്റെ പ്രേരണയില്ലാതെ ഇന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാനാവില്ല. ദേഹത്തില്‍ ആത്മാവെന്ന അധ്യാസം ഉള്ളപ്പോഴാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുക. അതിനാല്‍ ദേഹത്തെ ആത്മാവെന്ന് ആരോപിക്കുന്നില്ലെങ്കില്‍ പിന്നെ മനസ്സോ ഇന്ദ്രിയങ്ങളോ പ്രവര്‍ത്തിക്കുകയില്ല. ആത്മാവ് അനാസക്തനായതിനാല്‍ ജ്ഞാതാവ് എന്ന ഭാവവും ഉണ്ടാകില്ല. അതിനാല്‍ ദേഹത്തില്‍ ആത്മാവിനെ അധ്യസിക്കുന്നത് അവിവേകമാണ്. അവിവേകികള്‍ക്കായാണ് ശാസ്ത്രവും പ്രമാണവും.

ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മനുഷ്യരും മൃഗങ്ങളും ഒരു പോലെയാണ്. വടിയോങ്ങി നില്‍ക്കുന്ന ഒരാളെ കാണുമ്പോള്‍ മൃഗങ്ങള്‍ അകലേക്ക് ഓടിപ്പോകും.എന്നാല്‍ പുല്ലോ തിന്നാനുള്ളവയോ കൈയിലെടുത്ത് നില്‍ക്കുന്നയാളുടെ അടുത്തേക്ക് ഇവ ഓടി വരും. അതുപോലെ വാളെടുത്ത് കൊല്ലാന്‍ നില്‍ക്കുന്നയാളെ കാണുമ്പോള്‍ മറ്റുള്ളവര്‍ അകലേക്ക് മാറി നില്‍ക്കും.എന്നാല്‍ വളരെ സ്‌നേഹം കാണിക്കുന്നവരുടെ അടുത്തേക്ക് അണയുകയും ചെയ്യും. ഇങ്ങനെയെങ്കില്‍ ഒട്ടും വിവേകമില്ലാത്തവരായ മൃഗങ്ങളും അറിവില്ലാത്തവരായ അവിവേകികളായ മനുഷ്യരും വ്യത്യാസമില്ല.

അതിനാല്‍ വകതിരിവ് ഉപയോഗിക്കാത്ത മനുഷ്യരെ മൃഗങ്ങള്‍ക്ക് തുല്യരായി പറയുന്നത്.സാധാരണ മനുഷ്യരുടെയും മൃഗങ്ങളുടേയും  പ്രവര്‍ത്തനം വികാരത്തെ അടിസ്ഥാനമാക്കിയാണ്. അറിവില്ലായ്മ മൂലം തെറ്റിദ്ധാരണയില്‍ പെട്ടാണ് മനുഷ്യന്‍ ഇങ്ങനെയാകുന്നത്.

വിവേക ബുദ്ധിയോടെ ജീവിക്കുന്ന ഒരാള്‍ക്ക് ലൗകികമായ കാര്യങ്ങളെ കൊണ്ട് മാത്രം സുഖമുണ്ടാകില്ല. പക്ഷേ ഇതറിയാമെങ്കിലും ശരിയായ സുഖത്തെ നല്‍കുന്ന പരബ്രഹ്മ പദവിയെ നേടാന്‍ പ്രയത്‌നിക്കുന്നില്ല.

വിശപ്പ്, ദാഹം തുടങ്ങിയവ ഇല്ലാത്തതും ബ്രാഹ്മണന്‍, ക്ഷത്രിയന്‍ മുതലായ ഭേദങ്ങളൊന്നുമില്ലാത്തതും സംസാരത്തിന്റെ കെട്ടുപാടുകളില്ലാത്തതും വേദാന്ത വിജ്ഞാനം കൊണ്ട് മാത്രം അറിയാവുന്നതുമാണ് ആ പരബ്രഹ്മ പദവി.എന്നാല്‍ ഇത് കൊണ്ട് ലൗകിക ജീവിതത്തില്‍ എന്ത് പ്രയോജനം എന്ന് കരുതി ആളുകള്‍ ബ്രഹ്മവിദ്യയില്‍ അലസത കാണിക്കുന്നു. ഒപ്പം തന്നെ ഇത് നേടാന്‍ പ്രയാസമാണ് എന്നും അവര്‍ കരുതുന്നു. അതിനാല്‍ അറിവില്ലായ്മയുടെ അശാസ്ത്രീയതയില്‍ കുടുങ്ങിപ്പോകുന്നു. അതിനെ മറികടക്കാനാവുന്നില്ല. ഇത് മാറണം ഏവര്‍ക്കും സമനായ ആ ബ്രഹ്മത്തെ അറിഞ്ഞ് നമുക്ക് സാക്ഷാത്കരിക്കാനാവണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.