മായാപ്രപഞ്ചം

Sunday 3 February 2019 2:50 am IST

മക്കളേ, 

ലോകം മായയാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കാറുണ്ട്. സത്യത്തെ മറയ്ക്കുന്നതും സത്യത്തില്‍നിന്ന് നമ്മളെ അകറ്റുന്നതും എന്താണോ അതാണു മായ. ശാശ്വതമായ ശാന്തി തരാന്‍ കഴിവില്ലാത്തതെന്തോ അതാണ് മായ. ലോകവസ്തുക്കളും ലോകാനുഭവവും സത്യമാണെന്നു കരുതുന്നതുകൊണ്ടാണ് നമ്മള്‍ അവയുടെ പിറകെ പോകുന്നത്. അങ്ങനെ നമ്മള്‍ സത്യത്തില്‍നിന്ന് അകലുന്നു. ശാശ്വതമായ ശാന്തി നമുക്കു നഷ്ടപ്പെടുന്നു. സ്വപ്‌നം കാണുന്നയാള്‍ക്ക് സ്വപ്‌നലോകം സത്യമാണ്. എന്നാല്‍ ഉണരുമ്പോള്‍ അത് സത്യമല്ലെന്നു തിരിച്ചറിയുന്നു. അതുപോ

ലെ നമ്മള്‍ ഇപ്പോള്‍ മായമൂലം ഉണ്ടായ ഒരു സ്വപ്‌നത്തിലാണ്. അതില്‍നിന്ന് ഉണര്‍ന്നാലേ സത്യമെന്തന്നറിയൂ. 

ദരിദ്രനായ ഒരു യുവാവ് നദിക്കരയിലിരുന്ന് ചൂണ്ടയിടുകയായിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ തുമ്പിക്കൈയില്‍ മാലയേന്തിയ ഒരു ആനയും പിന്നാലെ ഒരു ജനക്കൂട്ടവും വരുന്നതു കണ്ടു. ആന തുമ്പിക്കൈയ്യിലുണ്ടായിരുന്ന മാല യുവാവിന്റെ കഴുത്തിലിട്ടു. വമ്പിച്ച ഹര്‍ഷാരവം അവിടെ ഉയര്‍ന്നു. ആ രാജ്യത്തെ അടുത്ത കിരീടാവകാശിയെ തീരുമാനിക്കാനുള്ള ചടങ്ങായിരുന്നു അവിടെ നടന്നത്. രാജ്യത്തിലെ പ്രധാന ക്ഷേത്രത്തിലെ ദേവന് അര്‍പ്പിച്ച മാല ആന ആരുടെ കഴുത്തിലിടുന്നുവോ അയാളായിരിക്കും കിരീടാവകാശി. അങ്ങനെ ആ യുവാവ് രാജ്യത്തിന്റെ അടുത്ത അവകാശിയായി. രാജകുമാരിയെ വിവാഹം കഴിക്കുകയും ചെയ്തു.

ഒരു ദിവസം രാജകുമാരിയും യുവാവും കൂടി കുതിരപ്പുറത്തു കൊട്ടാരത്തിനടുത്തുള്ള മലയുടെ മുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നു് കൊടുംകാറ്റു വീശി. കുതിരയും യാത്രക്കാരും താഴെ വീണു. ആ വീഴ്ചയില്‍ രാജകുമാരിയും കുതിരയും മരിച്ചു. ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ടു് അയാള്‍  രക്ഷപ്പെട്ടു. മരക്കൊമ്പില്‍നിന്നു ശ്രദ്ധിച്ചു താഴേയ്ക്കു ചാടി. അവിടെ വനമോ രാജകുമാരിയോ കുതിരയോ കൊട്ടാരമോ യാതൊന്നും കണ്ടില്ല. സ്വന്തം കുടിലിന്റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ടു്. രണ്ടുദിവസത്തെ പട്ടിണിമൂലം അയാള്‍ ക്ഷീണിച്ചു കുടിലില്‍ വന്നുകിടന്നതാണ്. തളര്‍ച്ചമൂലം പെട്ടെന്നു മയങ്ങി. ആ പകലുറക്കത്തില്‍ കണ്ട വെറും സ്വപ്‌നം

 മാത്രമായിരുന്നു താന്‍ കണ്ടതെല്ലാം എന്നു് ഉണര്‍ന്നപ്പോള്‍ അയാള്‍ക്കു ബോദ്ധ്യമായി. രാജ്യവും രാജകുമാരിയും നഷ്ടമായതില്‍ യാതൊരു ദുഃഖവും തോന്നിയില്ല. കാരണം അതുവെറും സ്വപ്‌നം മാത്രമാണെന്നു് അയാള്‍ക്കറിയാമായിരുന്നു. പക്ഷേ, സ്വപ്‌നം കണ്ടുകൊണ്ടിരുന്നപ്പോള്‍ അവ തികച്ചും യാഥാര്‍ത്ഥ്യമായിരുന്നു. ഈ കഥയിലെ യുവാവിനെ പോലെയാണ് ഇന്നു നമ്മള്‍. നാം കണ്ടുകൊണ്ടിരിക്കുന്ന ലോകജീവിതമാകുന്ന സ്വപ്‌നത്തില്‍നിന്നും ഉണര്‍ന്നാല്‍ അതിലെ ജയപരാജയങ്ങളും ലാഭനഷ്ടങ്ങളും നമ്മെ ബാധിക്കില്ല.

ലോകം മായയാണെങ്കില്‍ നമ്മള്‍ അതിനെ ഏതു രീതിയിലാണ് സമീപിക്കേണ്ടത്? അതിനെ തള്ളിക്കളയണോ? തീര്‍ച്ചയായും വേണ്ട. ലോകത്തെയും ലോകവസ്തുക്കളെയും വിവേകപൂര്‍വ്വം സമീപിച്ചാല്‍ അവ തന്നെ നമുക്ക് സത്യത്തിലേയ്ക്കുള്ള വഴികാട്ടിയായിത്തീരും. അപ്പോള്‍ ഏതൊന്നിലും നമുക്ക് നന്മ മാത്രം ദര്‍ശിക്കാന്‍ കഴിയും. ഒരു കൊലയാളി കത്തി ഉപയോഗിച്ചു മറ്റുള്ളവരുടെ ജീവനെടുക്കുമ്പോള്‍ ഒരു ഡോക്ടര്‍ കത്തി ഉപയോഗിച്ച് എത്രയോ പേരുടെ ജീവന്‍ രക്ഷിക്കുന്നു. അതിനാല്‍ എല്ലാം മായയെന്നുപറഞ്ഞു തള്ളാതെ നമ്മുടെ ഈ ശരീരത്തെയും ജീവിതത്തെയും സത്യത്തെ അറിയാന്‍വേണ്ടി പ്രയോജനപ്പെടുത്തണം.

മായയെ അതിക്രമിച്ച ജീവന്മുക്തന്മാര്‍ ലോകത്തിനു അനുഗ്രഹമായിത്തീരുന്നു. അവര്‍ ഒരിക്കലും മായയ്ക്കധീനരാകുന്നില്ല. എന്നാല്‍ മായയ്ക്കധീനരായി ലോകസുഖങ്ങളുടെ പിന്നാലെ പോകുന്നവര്‍ക്കു ഒടുവില്‍ ദുഃഖവും നിരാശയും പ്രതിബന്ധങ്ങളും മാത്രമേ ഉണ്ടാകുന്നുള്ളു.  ലോകം മിഥ്യ  എന്നു പറഞ്ഞു അതിനെ തീര്‍ത്തും തള്ളിക്കളയുവാന്‍ അമ്മ പറയുന്നില്ല.

മിഥ്യ എന്നു പറഞ്ഞാല്‍ മാറിക്കൊണ്ടിരിക്കുന്നത് എന്നാണ്. അങ്ങനെയുള്ളതിനെ ആശ്രയിച്ചാല്‍, അവയില്‍ ബന്ധിച്ചാല്‍ ദുഃഖിക്കാന്‍ മാത്രമേ സമയം കാണൂ.  നമ്മുടെ ഈ ശരീരവും മാറിക്കൊണ്ടിരിക്കുന്നതാണ്. അങ്ങനെയുള്ള ശരീരത്തെ സത്യമെന്നുകണ്ട് അതിനുവേണ്ടിമാത്രം ജീവിതം അര്‍പ്പിക്കരുത് എന്നാണ് അമ്മ പറയുന്നത്. ഭൗതികവസ്തുക്കളോടു ബന്ധം വന്നവര്‍ക്കെല്ലാം ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളു. അക്കാരണത്താലാണ് അതിനെ മായയെന്നും മിഥ്യയെന്നുമൊക്കെ പറയുന്നത്. എല്ലാറ്റിന്റെയും നല്ലവശം മാത്രം ദര്‍ശിക്കുന്നവന് ഒന്നും മിഥ്യയായി കാണാന്‍ കഴിയില്ല, എല്ലാം അവനെ നന്മയിലേയ്ക്കു നയിക്കുന്നു. 

മാതാ അമൃതാനന്ദമയി 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.