കോട്ടയം: എല്ലാത്തിനെയും സമഭാവനയോടെ കാണുന്ന സമൂഹത്തിന്റെ വിശ്വാസങ്ങള്‍ ഇന്ന് വേട്ടയാടപ്പെടുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ 98-ാം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 മൗലികമാണ്. അത് വിശ്വാസസംരക്ഷണം ഉറപ്പ് തരുന്നു. വിശ്വാസങ്ങളെ നിരോധിക്കാന്‍ കഴിയില്ല. ആചാരലംഘനമുണ്ടായാല്‍ പ്രതിഷ്ഠയുടെ പിതൃസ്ഥാനീയനായ തന്ത്രിക്ക് തീരുമാനമെടുക്കാന്‍ അവകാശമുണ്ട്.
ശബരിമലയില്‍ തന്ത്രിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രണ്ട് യുവതികള്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ട നാല് കാര്യങ്ങളില്‍ മൂന്നും സുപ്രീംകോടതി തള്ളിയത് ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തില്ല. തന്ത്രിക്കെതിരെ കോടതിയലക്ഷ്യനടപടി അടക്കമുള്ള ആവശ്യങ്ങളാണ് കോടതി നിരാകരിച്ചത്. ഇത് മാധ്യമങ്ങള്‍ തമസ്കരിച്ചതോടെ അറിയാനുള്ള പൗരന്റെ അവകാശമാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: