മതിലുകളെക്കാള്‍ ഭേദം ചങ്ങലകള്‍: സേതു

Sunday 3 February 2019 3:26 am IST

ഇത് മതിലുകളുടെ കാലമാണ്. പല തരം മതിലുകള്‍. സിമന്റ് മതില്‍, ഉരുക്കു മതില്‍, മനുഷ്യമതില്‍, ചിലത് പൊളിഞ്ഞ് വീഴുമ്പോള്‍ പുതിയവ രൂപം കൊള്ളുന്നു. മതിലുകളും മുള്‍വേലികളും സുരക്ഷയുടെ, അതിരുകളുടെ അടയാളമെന്നാണ് കരുതിയിരുന്നത്. ഉദാഹരണങ്ങള്‍ നിരവധി. അങ്ങനെ നോക്കുമ്പോള്‍ കൂട്ടായ്മകള്‍ക്ക് മതിലുകളെക്കാള്‍ ഭേദം പഴയ ചങ്ങലകളാകുമെന്നു തോന്നിപ്പോകാറുണ്ട്. കൈകോര്‍ത്തുള്ള ആ നില്‍പ്പിന് ഒരു പവറുണ്ട്. പിന്നെ, ഇത്രയും കാറ്റും മഴയും കടന്നുപോയിട്ടും വലിയ തുരുമ്പൊന്നും കയറിയിട്ടില്ലല്ലോ ആ ചങ്ങലകളില്‍.

-സേതു

ബാലചന്ദര്‍ ഒരിക്കലും എന്റെ മതമേതെന്ന് ചോദിച്ചിട്ടില്ല. ഞാന്‍ കര്‍ണാടകത്തില്‍ നിന്നല്ലേ എന്ന് ആശങ്കപ്പെട്ടിട്ടില്ല. സിനിമയില്‍ വന്നശേഷം പലരും പേര് മാറ്റിയിട്ടുണ്ട്. രാജ്കുമാറിന്റെ പേര് മുത്തുരാജ് എന്നായിരുന്നു. 

വിഷ്ണുവര്‍ദ്ധനും അംബരീഷിനുമെല്ലാം വേറെ പേരുകളുണ്ട്. നമ്മുടെ മമ്മൂക്കയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നാല്‍ വേറെ പേരിലല്ലേ അദ്ദേഹം മത്സരിക്കുക? അപ്പോള്‍ പോലും നമുക്കദ്ദേഹം മമ്മൂട്ടിയായിരിക്കും. ഞാനെപ്പോഴും പ്രകാശ്‌രാജാണ്. നടനായിരിക്കുമ്പോഴും രാഷ്ട്രീയക്കാരനായിരിക്കുമ്പോഴുമെല്ലാം ഞാന്‍ പ്രകാശ്‌രാജാണ്.

കേന്ദ്രത്തില്‍ രൂപപ്പെടാനുള്ള പ്രതിപക്ഷ ഐക്യമുന്നണികള്‍ക്ക് ധാര്‍മ്മികവും സൈദ്ധാന്തികവുമായ അടിത്തറ നല്‍കാറുള്ള ഇടതുപക്ഷം മുന്‍പെന്നത്തെക്കാളുമേറെ സംഖ്യാപരമായി ദുര്‍ബലമാണ് എന്നുള്ളതാണ് ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഈ സവിശേഷത തിരിച്ചറിഞ്ഞത് നിമിത്തം തന്നെയായിരിക്കണം നവലിബറല്‍ രാഷ്ട്രീയവും വിശിഷ്യ ഹിന്ദുരാഷ്ട്രീയവും മുന്നോട്ടുവെച്ചു തന്നെ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെയും ഇതര പ്രതിപക്ഷ പാര്‍ട്ടികളെയും ചുരുങ്ങിയത് ഹിന്ദി ഹൃദയഭൂമിയിലെങ്കിലും പ്രേരിപ്പിക്കുന്നത്.

-സതീഷ് സൂര്യന്‍

കംപ്യൂട്ടര്‍വത്കരണത്തിനെതിരെ സമരം ചെയ്ത ചരിത്രം നമുക്കുണ്ടെങ്കിലും ഇന്ന് ഒട്ടെല്ലാവിഭാഗക്കാരും കംപ്യൂട്ടര്‍ പ്രണയികളാണ്. എന്നിട്ടും കേരള സര്‍ക്കാരില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റോ, ടൈപ്പിസ്റ്റോ, സ്റ്റെനോയോ ആകണമെങ്കില്‍ ഭാരിച്ച മാനുവല്‍ ടൈപ്‌റൈറ്റര്‍ താങ്ങി പരീക്ഷാഹാളിലെത്തി, അതിലെ കസര്‍ത്തില്‍ നിന്ന് ആര്‍ജ്ജിച്ച അഭ്യാസബലം തെളിയിക്കേണ്ടതുണ്ട്.

ബി.എസ് വാര്യര്‍

 

 

അവനവനാത്മസുഖത്തിന്

ഭജിച്ച് പൂജിച്ചാചരിപ്പത്

അപരന്ന്

അസുഖമേകട്ടെയെന്ന്

പ്രാര്‍ത്ഥന!

വേരറുത്ത ജാതി

പേരില്‍ വാലാട്ടിനില്‍പ്പൂ

കണ്ണാടി പ്രതിഷ്ഠയില്‍

തിളങ്ങുവതെന്ത്

ഗുരുവിന്റെ

കണ്ണുനീര്‍...?

-മധു ആലപ്പടമ്പ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.