ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി അതിഥിയാവും. തൃശൂര്‍ സ്വദേശികളായ രാംകുമാര്‍ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളായ ഉമ മേനോനാണ് മലയാളികള്‍ക്കെല്ലാം അഭിമാനമായി ട്രംപിന്റെ നയപ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച വാഷിങ്ടണില്‍ നടക്കുന്ന സ്റ്റേറ്റ് ഒഫ് ദി യൂണിയന് പ്രസംഗത്തില്‍ പങ്കെടുക്കുന്നതിനാണ് ഉമയ്ക്ക് ക്ഷണം. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം സ്റ്റെഫാനി മര്‍ഫി രാജ്യവ്യാപകമായി സംഘടിപ്പിച്ച ലേഖനമത്സരത്തില്‍ വിജയിച്ചാണ് ഈ കൊച്ചുമിടുക്കി നയപ്രഖ്യാപന പ്രസംഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. പുതുവര്‍ഷാരംഭത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് നയപ്രഖ്യാപന പ്രസംഗം നടത്തുന്ന പതിവ് യുഎസില്‍ ഉണ്ട്.
ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററുമായ കമലാ ഹാരിസ് 2020-ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ അവര്‍ക്കായി പ്രചരണരംഗത്ത് സജീവമാകാന്‍ താത്പ്പര്യമുണ്ടെന്നും ഉമ അറിയിച്ചു. ഫ്ളോറിഡയില്‍ ബിസിനസ് സംരംഭകരാണ് ഉമയുടെ മാതാപിതാക്കളായ രാംകുമാറും ഷൈലജയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: