ബംഗാളിലെ തൃണമൂലിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു: യോഗി

Sunday 3 February 2019 7:30 pm IST
ജനവിരുദ്ധവും ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റവുമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് യോഗി വ്യക്തമാക്കി.

കൊല്‍ക്കത്ത: ബിജെപിയെ തൃണമൂല്‍ ഗോണ്‍ഗ്രസ് ഭയക്കുന്നുണ്ടെന്നും ബംഗാളിലെ അവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാഗാളിലെ റാലിയില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കാതിരുന്ന തൃണമൂല്‍ സര്‍ക്കാരിനെ വിമര്‍ശിക്കവെയാണ് യോഗിയുടെ പ്രസ്താവന. റാലിയില്‍  പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ കഴിയും എന്നാല്‍ തന്റെ ശബ്ദത്തെ തടയാന്‍ കഴിയില്ല- യോഗി പറഞ്ഞു. ജനവിരുദ്ധവും ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റവുമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് യോഗി വ്യക്തമാക്കി. 

മമതയ്ക്ക് സര്‍ക്കാരിനേയോ അതിന്റെ ഏജന്‍സികളേയോ ദുരുപയോഗം ചെയ്യാന്‍ അവകാശമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ തൃണമൂല്‍ പാര്‍ട്ടിയുടെ കേഡര്‍മാരെ പോലെ പ്രവര്‍ത്തിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ദുര്‍ഗാപൂജ നിര്‍ത്തലാക്കാനുള്ള നീക്കമാണ് തൃണമൂല്‍ സര്‍ക്കാരിന്റേതെന്നും യോഗി വിമര്‍ശിച്ചു. സംസ്ഥാനത്തെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതാകണമെന്നും അതിനായി ശക്തമായ പോരാട്ടം നടത്തണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോടായി അദ്ദേഹം ആഹ്വാനം ചെയ്തു.

ബംഗാളിലെ തെക്കന്‍ ദിനജ്പൂര്‍ ജില്ലയിലെ ഗണതന്ത്ര ബച്ചാവോ റാലിയിലാണ് യോഗി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ വേദിക്ക് സമീപമുള്ള പ്രദേശത്ത് ഹെലികോപ്റ്റര്‍ പറന്നിറങ്ങാന്‍ അനുവദിക്കാതിരുന്നതോടെയാണ് യോഗി റാലിയില്‍ പങ്കെടുക്കാതെ മടങ്ങിയത്. പിന്നീട് ലക്‌നൗവില്‍ നിന്ന് ഫോണീലൂടെയാണ് യോഗി റാലിയെ അഭിസംബോധന ചെയ്തത്.  

തൃണമൂല്‍ സര്‍ക്കാര്‍ നിങ്ങളെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും അതിനാലാണ് മോദിജിയുടെ ഡിജിറ്റല്‍ ഇന്ത്യയിലൂടെ നിങ്ങളോട് സംസാരിക്കുന്നതെന്നും റാലിയെ അഭിസംബോധന ചെയ്ത് യോഗി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.