അഴിമതി അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് മമതയുടെ പോലീസ്

Sunday 3 February 2019 8:12 pm IST

ന്യൂദല്‍ഹി: ജനാധിപത്യത്തെയും അന്വേഷണ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ശാരദ, റോസ്‌വാലി ചിട്ടി തട്ടിപ്പ് കേസില്‍ കല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ മമതയുടെ നിര്‍ദേശ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. അന്വേഷണം അട്ടിമറിച്ച രാജീവ്, കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നിരവധി തവണ സിബിഐ സമന്‍സ് അയച്ചെങ്കിലും ഇയാള്‍ സഹകരിച്ചില്ല. ഇതോടെയാണ് സിബിഐ കൊല്‍ക്കത്തയിലെ വസതിയിലെത്തിയത്. 

ഉദ്യോഗസ്ഥരെ പോലീസുകാര്‍ വീടിന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് വാക്കേറ്റമായി. ഇതോടെ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചാര്‍ത്തി ബലംപ്രയോഗിച്ച് ഉദ്യോഗസ്ഥരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. കൊല്‍ക്കത്തിയിലെ സിബിഐ ഓഫീസും പോലീസ് വളഞ്ഞു. സിബിഐ ജോയിന്റ് ഡയറക്ടറുടെ വീട്ടിലേക്കും പോലീസെത്തി. നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ മമത നേരിട്ട് കമ്മീഷണറുടെ വസതിയിലെത്തി സിബിഐയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചു. അഴിമതി കേസുകള്‍ അന്വേഷിക്കുന്നത് സംസ്ഥാനത്തിന് എതിരായുള്ള നീക്കമെന്നാണ് മമതയുടെ വാദം. സിബിഐക്കുള്ള പൊതുവായ അനുമതി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു. 

രാജീവ് കുമാര്‍ അറസ്റ്റിലാകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇതോടെ അദ്ദേഹം മികച്ച ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം മമത രംഗത്തുവന്നു. ബിജെപിയുടെ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് സിബിഐയുടെ തീരുമാനം. കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കുന്നതും ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നതുമാണ് മമതയുടെ നിലപാട്. 

എല്ലാവിധ ജനാധിപത്യ മര്യാദകളും കാറ്റില്‍പ്പറത്തിയാണ് ബംഗാളില്‍ തൃണമൂലിന്റെ ഏകാധിപത്യ ഭരണം. നേരത്തെ അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടറിന് അനുമതി നല്‍കിയിരുന്നില്ല. ബിജെപിയുടെ രഥയാത്രയും വിലക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി അംഗങ്ങള്‍ ദിവസങ്ങളോളം ദല്‍ഹിയില്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നു. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തിന് ഇരകളാകുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.