ഐഎന്‍എക്‌സ് മീഡിയ അഴിമതി; ചിദംബരത്തെ വിചാരണ ചെയ്യാന്‍ അനുമതി

Monday 4 February 2019 1:03 am IST

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ വിചാരണ ചെയ്യാന്‍ സിബിഐക്ക് നിയമമന്ത്രാലയത്തിന്റെ അനുമതി. മകന്‍ കാര്‍ത്തി ചിദംബരവും കേസില്‍ പ്രതിയാണ്. 

കാര്‍ത്തിയെ നേരത്തെ ചോദ്യം ചെയ്യുകയും ഇന്ത്യയിലും വിദേശത്തുമുള്ള 54 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് സിബിഐ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം അനുവദിച്ചു. ചിദംബരത്തെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്ന് ഏതാനും ദിവസം മുന്‍പ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

 ചിദംബരം ധനമന്ത്രിയായിരിക്കെ കോഴ വാങ്ങി ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് വിദേശ നിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കിയെന്നാണ് കേസ്. ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരും സിബിഐ അന്വേഷണം നേരിടുന്നുണ്ട്. ഇതിന് പുറമെ 3500 കോടിയുടെ എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ ചിദംബരം ഒന്നാം പ്രതിയാണ്. എന്‍ഫോഴ്‌സ്‌മെന്റും സിബിഐയുമാണ് കേസ് അന്വേഷിക്കുന്നത്. ഇതില്‍ ചിദംബരത്തെ വിചാരണ ചെയ്യാന്‍ നേരത്തെ നിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.