കാലിക്കറ്റ് 'ഹീറോസ്'

Monday 4 February 2019 1:05 am IST

കൊച്ചി: പ്രോ വോളി ലീഗില്‍ കേരളത്തിന്റെ രണ്ടാമത്തെ ടീം കാലിക്കറ്റ് ഹീറോസിന് വിജയത്തുടക്കം. അമ്പരിപ്പിക്കുന്ന ആരാധകക്കൂട്ടത്തിനു മുന്നില്‍ കനത്ത സ്മാഷുകളുമായി കളം നിറഞ്ഞ ഹീറോസ്, ചെന്നൈ സ്പാര്‍ട്ടന്‍സിനെ വീഴ്ത്തി, സ്‌കോര്‍: 15-8, 15-8, 13-15, 15-11, 15-11.

പലപ്പോഴും ഹീറോസിന്റെ സ്മാഷുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ പതറുന്ന ചെന്നൈയെയാണ് കളത്തില്‍ കണ്ടത്. ആധികാരികമായിരുന്നു ആദ്യ സെറ്റ്. കളിയുടെ ആദ്യ പോയിന്റ് കൃത്യമായ ഗെയിം പ്ലാനിലൂടെ ഹീറോസ് കൈപ്പിടിയിലാക്കി. ആദ്യ സെറ്റില്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ തന്നെ രണ്ടിനെതിരെ ഏഴ് പോയിന്റിന് മുന്നിലെത്തി വരവറിയിച്ചു ഹീറോസ്. ഫലപ്രദമായി ഉപയോഗിച്ച സൂപ്പര്‍ പോയിന്റ് മാത്രമാണ് ആദ്യ സെറ്റില്‍ ചെന്നൈയ്ക്ക് ആശ്വാസമായത്. സെറ്റ് തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ചെന്നൈ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ചെമ്പടയുടെ വീര്യത്തിനു മുന്നില്‍ കീഴടങ്ങി. ആദ്യ സെറ്റില്‍ നായകന്‍ ജെറോം വിനീതിന്റെയും അറ്റാക്കറും കര്‍ണാടക ടീം നായകനുമായ കാര്‍ത്തിക്കിന്റെയും തന്ത്രങ്ങളാണ് ചെന്നൈയെ നിഷ്പ്രഭമാക്കിയത്.  

വന്‍മതില്‍ തീര്‍ത്ത് കളംനിറഞ്ഞ കോംഗോ ബ്ലോക്കര്‍ ഇല്ലാനി നിങ്കാം പോറോയാണ് രണ്ടാം സെറ്റില്‍ ഹീറോസിനെ എടുത്തുയര്‍ത്തിയത്. സ്‌കോര്‍ 13-8ല്‍ നില്‍ക്കെ അമേരിക്കന്‍ സൂപ്പര്‍താരം പോള്‍ ലോതാം എടുത്ത സെര്‍വ് ഇടിമിന്നല്‍ കണക്കെ മറുകോര്‍ട്ടില്‍ പതിച്ചതോടെ കാണികള്‍ ആര്‍ത്തിരമ്പി. കളിയിലെ ഏറ്റവും മനോഹര നിമിഷവും ഇതു തന്നെ. ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ താരമെന്ന വിശേഷണവുമായി കളത്തിലിറങ്ങിയ മുപ്പതൊമ്പതുകാരന്‍ സി.കെ. രതീഷ് പലപ്പോഴും ഹീറോസിന്റെ രക്ഷകനായി. 

മൂന്നാം സെറ്റില്‍ നടന്നത് കടുത്ത പോരാട്ടം. അടിക്ക് മറുപടിയെന്ന രീതിയില്‍ ഇരു ടീമുകളും നിറഞ്ഞാടി. ഹീറോസിന്റെ  പല കനത്ത സെര്‍വുകള്‍ക്കും മികച്ച ടീം വര്‍ക്കിലൂടെ മറുപടി നല്‍കിയ ചെന്നൈ നിര്‍ണായകമായ മൂന്നാം സെറ്റ് സ്വന്തമാക്കി. ഒപ്പത്തിനൊപ്പം നീങ്ങിയ സെറ്റില്‍ ചെന്നൈ നേടിയ സൂപ്പര്‍ പോയിന്റാണ് മത്സരത്തില്‍ വഴിത്തിരിവായത്. 

നാലാം സെറ്റില്‍ കൂടുതല്‍ ശ്രദ്ധയോടെ കളിച്ച ഹീറോസിനെയാണ് കളത്തില്‍ കണാനായത്. രാജ്യത്തെ മികച്ച സ്മാഷറും മലയാളി താരവുമായ അജിത് ലാല്‍ പലപ്പോഴും ചെന്നൈയെ വിറപ്പിച്ചു. അടിതെറ്റാത്ത പ്രതിരോധവും വിറപ്പിക്കുന്ന സ്മാഷുകള്‍ക്കൊപ്പം പരിചയസമ്പത്തും ഒത്തുചേര്‍ന്നപ്പോള്‍ വിജയം സമ്പൂര്‍ണം. അജിത് ലാലാണ് കളിയിലെ താരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.