കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ ഇന്ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സും ഏറ്റുമുട്ടുന്നു. പരിചയ സമ്പന്നതയാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ കൈമുതല്‍. ദേശീയ ടീമംഗങ്ങളായ ജി.ആര്.വൈഷ്ണവ്, ഗുരീന്ദര്‍ സിങ് എന്നിവരെ കൂടാതെ സെര്‍ബിയന്‍ രാജ്യാന്തര താരം നോവിക്ക ബെലിക്കയും അഹമ്മദാബാദ് ടീമിന് ശക്തി പകരുന്നു.
കഴിവു തെളിയിക്കാനുള്ള അവസരമാണ് ലീഗ്. ആദ്യ മല്‍സരം എന്ന നിലയില്‍ പരിചയ സമ്പന്നരായ തങ്ങള്‍ക്ക് അല്‍പ്പം മുന്‍തൂക്കമുണ്ടെന്നും അത് മല്‍സരത്തിന് നിര്‍ണായകമാണെന്നും അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് ക്യാപ്റ്റന്‍ രഞ്ജിത് സിങ് പറഞ്ഞു.
ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞവരുടെ ടീമായ ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സിനെയും എഴുതി തള്ളാനാവില്ല. അഞ്ചിലധികം താരങ്ങള്‍ 23 വയസില്‍ താഴെയുള്ളവരാണ്. ഫോര്‍മാറ്റ് വളരെ രസകരമാണ്. കൂടുതല്‍ കാര്യങ്ങളൊന്നും അറിയാത്തതിനാല്‍ മല്‍സരത്തിലെ സമീപനമായിരിക്കും നിര്‍ണായകം. ആദ്യ മല്‍സരത്തിന് ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് ടീമെന്നും ഓരോ മല്‍സരത്തിലും മെച്ചപ്പെടുത്തികൊണ്ടു വരണമെന്നും ഒടുവില്‍ ചാമ്പ്യന്‍ഷിപ്പ് നേടണമെന്നതാണ് പ്രധാന കാര്യമെന്ന് മറക്കരുതെന്നും ബ്ലാക്ക് ഹോക്ക്സ് നായകന് കാഴ്സണ് ക്ലാര്‍ക്ക് പറഞ്ഞു. ഏഴു മണിക്ക് ആരംഭിക്കുന്ന മല്‍സരം സോണി സിക്സ്, സോണി ടെന്‍3, സോണി ലൈവ് എന്നിവയില്‍ തല്‍സമയ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: