കണ്ണൂര്‍ ലോക്‌സഭാ സീറ്റ്; ശ്രീമതിക്കും ജയരാജനും വേണ്ടി സിപിഎമ്മില്‍ പോര്

Monday 4 February 2019 1:25 am IST

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കണ്ണൂര്‍ സീറ്റിനെച്ചൊല്ലി സിപിഎമ്മില്‍ പോര്. നിലവിലുള്ള എംപി പി.കെ. ശ്രീമതിക്കും ജില്ലാ സെക്രട്ടറി പി. ജയരാജനും വേണ്ടി ഇരു വിഭാഗങ്ങള്‍ ശക്തമായി രംഗത്തെത്തി. സിപിഎമ്മിന് അന്യമായിരുന്ന, സീറ്റിനു വേണ്ടിയുള്ള വടംവലി അണികളെ ആശങ്കപ്പെടുത്തുന്നു.

ശ്രീമതിക്ക് ഒരവസരം കൂടി നല്‍കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജയരാജനെ പരിഗണിക്കണമെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പാര്‍ട്ടി അനുബന്ധ സംഘടനകളുടേതുള്‍പ്പെടെ വിവിധ ഘടകങ്ങളുടെ പ്രാഥമിക യോഗങ്ങള്‍ പൂര്‍ത്തിയായി. ഈ യോഗങ്ങളെല്ലാം ജയരാജന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. സ്വയം സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് ജയരാജന്‍ യോഗങ്ങളില്‍ പങ്കെടുത്തത്. എംപിയെന്ന നിലയില്‍ ശ്രീമതിയുടെ പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വം അതൃപ്തരെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജാതിസമവാക്യങ്ങളുടെ ആനുകൂല്യം ഇത്തവണയും നേടാനായാല്‍ മണ്ഡലം നിലനിര്‍ത്താമെന്നാണ് ഒരു വിഭാഗം കരുതുന്നത്.

 പാര്‍ട്ടിയില്‍ സ്വയം മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് വിധേയനായ നേതാവാണ് ജയരാജന്‍. പാര്‍ട്ടി ഘടകങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ട ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ശക്തമായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഇതിനു തടയിടാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി കുടുംബയോഗങ്ങളില്‍ പങ്കെടുത്തത്. യോഗങ്ങളില്‍ ജയരാജനെ പങ്കെടുപ്പിച്ചില്ലെന്നതും ശ്രദ്ധേയം. 

നേരത്തെ പിണറായിയുടെ കണ്ണൂരിലെ ശക്തനായ വക്താവായിരുന്നു ജയരാജന്‍. പിണറായി മുഖ്യമന്ത്രിയായതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായതും പയ്യന്നൂരില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധ സമരം വരാന്തയില്‍ കയറി ഉദ്ഘാടനം ചെയ്തതുമാണ് പിണറായിക്ക് ജയരാജനെ അനഭിമതനാക്കിയത്. ഒരു ഘട്ടത്തില്‍ ജയരാജനെ, പിണറായി തന്നെ നേരിട്ട് അതൃപ്തി അറിയിച്ചു.  

ജയരാജനെതിരായ പടയൊരുക്കത്തില്‍ മന്ത്രി ഇ.പി. ജയരാജനും കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദനും സജീവമായി രംഗത്തുണ്ട്. ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതില്‍ പി. ജയരാജന് പങ്കുണ്ടായിരുന്നു. പി. ജയരാജന്റെ കണ്ണൂരിലെ അപ്രമാദിത്വത്തിന് അറുതിവരുത്തുകയാണ് ഇ.പി.ജയരാജന്റെ പ്രധാന ലക്ഷ്യം. പി. ജയരാജന്‍ മത്സരിക്കുന്നെങ്കില്‍ കണ്ണൂരിന് പുറത്താകട്ടെയെന്ന നിലപാടിലാണ് ഇവര്‍. മുഖ്യമന്ത്രിക്കു ഇതേ നിലപാടാണുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.