വിലവര്‍ധന: സിമന്റ് വില്‍പ്പന നിര്‍ത്താനൊരുങ്ങി വ്യാപാരികള്‍

Monday 4 February 2019 1:37 am IST

കോഴിക്കോട്: അനിയന്ത്രിതമായ സിമന്റ് വിലവര്‍ധയില്‍ പ്രതിഷേധിച്ച് വില്‍പ്പന നിര്‍ത്താനൊരുങ്ങി സിമന്റ് വ്യാപാരമേഖലയിലെ സംഘടനകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സിമന്റ് വില്‍പ്പന നിര്‍ത്തിവയ്ക്കാനും ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന സംയുക്തയോഗം തീരുമാനിച്ചു. 

വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാരിനെ സമീപിച്ചിട്ട് ഒരു മാസമായി. അനുകൂല തീരുമാനമില്ലെങ്കില്‍ വില്‍പ്പന നിര്‍ത്തി, നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. സിമന്റ് വില നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകും. 

സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ലെന്‍സ് ഫെഡ്, കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍, സിഡബ്ല്യുഎസ്എ, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളാണ് വിലവര്‍ധനവിനെതിരെ രംഗത്തെത്തിയത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിപ്പോള്‍ സിമന്റിന് സംസ്ഥാനത്ത്. ഇക്കഴിഞ്ഞ ഒന്നു മുതല്‍, 50 രൂപവരെ വര്‍ധിപ്പിച്ചത്. അടുത്ത 10 മുതല്‍ വീണ്ടും വില വര്‍ധിപ്പിക്കാനാണ് സിമന്റ് കമ്പനികളുടെ നീക്കം. എന്നാല്‍, സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഇത്രയും വിലവര്‍ധനയുണ്ടായിട്ടില്ലെന്നും സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി, ടോണി തോമസ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, എ.കെ. രതീഷ്, സതീഷ്‌കുമാര്‍, കെ.കെ. വിജയരാജന്‍, സി. ജയറാം, അരുണ്‍കുമാര്‍, കെ. സലീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.