പിണറായിക്കെതിരെ നേതൃനിരയില്‍ കടുത്ത അതൃപ്തി

Monday 4 February 2019 2:08 am IST
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ബിജെപിയേയും ആര്‍എസ്എസ്സിനേയും എതിര്‍ത്തതിന്റെ പേരില്‍ തീവ്രമുസ്ലിം വോട്ടുകള്‍ കുറച്ച് ലഭിക്കുമെങ്കിലും ഹിന്ദു സമൂഹം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍.

തൃശൂര്‍: ശബരിമല വിഷയത്തിലെ നിലപാടിനെച്ചൊല്ലി സിപിഎം നേതൃത്വത്തിലെ കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേയും സര്‍ക്കാരിന്റെയും നിലപാട് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി സമ്മാനിക്കുമെന്ന് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ബിജെപിയേയും ആര്‍എസ്എസ്സിനേയും എതിര്‍ത്തതിന്റെ പേരില്‍ തീവ്രമുസ്ലിം വോട്ടുകള്‍ കുറച്ച് ലഭിക്കുമെങ്കിലും ഹിന്ദു സമൂഹം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നേതൃത്വത്തിലെ ഭൂരിപക്ഷവും ഈ നിലപാടിലാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെ പലരും ഇതേ അഭിപ്രായക്കാരാണ്. 

ഉത്തരവാദിത്വം പിണറായിക്ക്

പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം പിണറായിക്കാണെന്ന നിലപാടിലാണ് ഇവര്‍. പാര്‍ട്ടി കേന്ദ്ര നേതൃത്വവും ശബരിമല വിഷയത്തിലുള്ള പിണറായിയുടെ നിലപാടിനെ ഗൗരവത്തോടെയാണ് കാണുന്നത്. അനാവശ്യമായ വിവാദമുണ്ടാക്കി വലിയ വിഭാഗത്തിന്റെ എതിര്‍പ്പ് നേടിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ നിന്നുള്ള സീറ്റുകളിലാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതുകൂടി ഇല്ലാതായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടും. സെക്രട്ടേറിയറ്റിന്റെ ഈ വിലയിരുത്തലിനെത്തുടര്‍ന്നാണ് സംസ്ഥാന ബജറ്റില്‍ ശബരിമലയ്ക്ക് പ്രത്യേകം തുക എന്ന പ്രഖ്യാപനം ഉള്‍പ്പെടുത്തിയത്. ഇത് അവസാന നിമിഷം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. 

സീറ്റ് നിര്‍ണയത്തിലും ചേരിതിരിവു രൂക്ഷം

 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെ അപ്രമാദിത്വം അവസാനിക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടിക്ക് സീറ്റുകള്‍ കുറഞ്ഞാലും പിണറായി ദുര്‍ബലനാകുന്നത് കോടിയേരി വിഭാഗത്തിന് ആശ്വാസമാണ്. ലോക്‌സഭ സീറ്റ് നിര്‍ണയവും പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവ് രൂക്ഷമാക്കി. സംസ്ഥാന സെക്രട്ടറിയേയും സെക്രട്ടേറിയറ്റിനേയും മറികടന്ന് പിണറായി വിജയന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെടുന്നതില്‍ കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥരാണ്. 2014ല്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ തീരുമാനിച്ചത് പിണറായിയായിരുന്നു. 

കഴിഞ്ഞ തവണ എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനേയും ചാലക്കുടിയില്‍ ഇന്നസെന്റിനേയും സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അന്ന് വലിയ മുറുമുറുപ്പും ഉയര്‍ന്നു. ക്രിസ്റ്റി ഫെര്‍ണാണ്ടസ് പെയ്ഡ് സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണമുള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകര്‍  ഉയര്‍ത്തി. 

ബേബിയോടും രാജീവിനോടും പിണറായിക്ക് താത്പര്യമില്ല

പിബി അംഗങ്ങളില്‍ നിന്ന് എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍, മുന്‍ ജില്ലാ സെക്രട്ടറിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ മത്സരിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബേബിയും രാജീവും മത്സരിക്കുന്നതിനോട് പിണറായിക്ക് താത്പര്യമില്ല. ഇന്നസെന്റ് മത്സരിക്കാനില്ല എന്നറിയിച്ച സാഹചര്യത്തില്‍ പിണറായിയുടെ താത്പര്യപ്രകാരം സിനിമയില്‍ നിന്ന് മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരെ സമീപിച്ചിട്ടുണ്ട്. എറണാകുളത്ത് മത്സരിക്കാനാണ് മമ്മൂട്ടിയോട് ആവശ്യപ്പെട്ടത്. മത്സരിക്കാനില്ലെന്ന നിലപാടിലാണ് മമ്മൂട്ടി. പാലക്കാട് എം.ബി. രാജേഷിന് ഒരു ഊഴം കൂടി നല്‍കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പില്ല. പിണറായിയുടെ ആളാണെങ്കിലും രാജേഷിനോട് കോടിയേരി വിഭാഗത്തിന് എതിര്‍പ്പില്ല. ആലത്തൂരില്‍ പി.കെ. ബിജുവിന് സീറ്റ് നഷ്ടമാകാനാണ് സാധ്യത. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.