നാലു വയസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ മാര്‍ച്ചില്‍ തൂക്കിലേറ്റും

Monday 4 February 2019 5:59 pm IST

ഭോപ്പാല്‍: നാലു വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകനെ മാര്‍ച്ചില്‍ തൂക്കിലേറ്റും. മധ്യപ്രദേശിലെ മഹേന്ദ്രസിങ് ഗോണ്ടിന്റെ വധശിക്ഷ കഴിഞ്ഞ മാസം 25 ഹൈക്കോടതി ശരിവച്ചിരുന്നു. ഇതോടെ, ഇയാളുടെ വധശിക്ഷ മാര്‍ച്ച് രണ്ടിന് രാവിലെ അഞ്ചിന് ജബല്‍പൂര്‍ ജയിലില്‍ നടപ്പാക്കാന്‍ സത്‌നാ ജില്ലാ കോടതി ഉത്തരവിട്ടു. 

പന്ത്രണ്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിയമം കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്നിരുന്നു. വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ ബാലപീഡകരെ വധശിക്ഷയ്ക്ക് വിധേയമാക്കാനുള്ള നിയമ പ്രകാരം ആദ്യമായി തൂക്കിലേറ്റപ്പെടുന്നയാളാകും മഹേന്ദ്ര സിങ്. 

2018 ജൂണ്‍ 30ന് രാത്രിയാണ് മഹേന്ദ്രസിങ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വനത്തില്‍ കൊണ്ടുപോയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി മരിച്ചെന്നു കരുതി ഉപേക്ഷിച്ച് പോന്നു. എന്നാല്‍, അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ അതീവ ഗുരുതരമായി പരിക്കേറ്റ അവളെ കണ്ടെത്തി.

സര്‍ക്കാര്‍ ഉടന്‍ വിമാനത്തില്‍ കുട്ടിയെ ദല്‍ഹിയിലെത്തിച്ചു. അതിക്രൂരമായ പീഡനത്തില്‍ കുടലിന് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി മാസങ്ങളോളം ന്യൂദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ക്കൊടുവിലാണ് കുട്ടി രക്ഷപ്പെട്ടത്. അക്രമം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പ്രതിയെ പിടികൂടി.

കഴിഞ്ഞവര്‍ഷം സപ്തംബര്‍ 19ന് സെഷന്‍സ് കോടതി മഹേന്ദ്രയെ തൂക്കിലേറ്റാന്‍ വിധിച്ചു. ആക്രമണത്തിന് ഇരയായ കുട്ടിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിങ് വഴി രേഖപ്പെടുത്താനായത് കേസിന് ബലം കൂട്ടി. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ ശരിവച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.