ആറ്റുകാല്‍ പൊങ്കാല പ്രതീക്ഷിക്കുന്നത് 40 ലക്ഷം പേരെ

Monday 4 February 2019 8:06 pm IST

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 12 ന്  ആരംഭിക്കും.  അന്ന് രാത്രി 10.20ന്  പാടി കാപ്പുകെട്ടി കുടിയിരുത്തും. പൊങ്കാല 20 നാണ്. രാവിലെ 10.15 ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. അന്നുരാത്രി ദേവിയുടെഎഴുന്നള്ളത്ത് കഴിഞ്ഞ് 21-ന്  രാത്രി നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ഇത്തവണ 40 ലക്ഷം പേരെ പ്രതീക്ഷിക്കുന്നതായും ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് വീണ്ടും തീരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1997ലെ പൊങ്കാലയില്‍ 15 ലക്ഷം സ്ത്രീ ഭക്തജനങ്ങള്‍ പങ്കെടുത്തതായി ഗിന്നസ്സ് വേള്‍ഡ് റെക്കോഡ് ബുക്കില്‍ രേഖപ്പെടുത്തി. 2009 ല്‍. പൊങ്കാലയ്ക്ക് 25 ലക്ഷം സ്ത്രീ ഭക്തജനങ്ങള്‍ പങ്കെടുത്തതായി ഗിന്നസ്സ് വേള്‍ഡ്  റെക്കോഡില്‍ വീണ്ടും ഇടംപിടിച്ച് ലോകപ്രശസ്തി നേടി. ഇത് തിരുത്താനാണ് ശ്രമം.

കലാപരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 12ന് വൈകുന്നേരം 6.30ന് ചലച്ചിത്രതാരം  പത്മശ്രീ മമ്മൂട്ടി നിര്‍വഹിക്കും.  പാലിയം ഇന്‍ഡ്യ സ്ഥാപകനും ചെയര്‍മാനുമായ പത്മശ്രീ ഡോ. എം.ആര്‍. രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും. 

ഭാരവാഹികളായ ശശിധരന്‍ നായര്‍. കെ (ചെയര്‍മാന്‍), ചന്ദ്രശേഖര പിള്ള. വി (പ്രസിഡന്റ്), ശിശുപാലന്‍ നായര്‍. കെ (സെക്രട്ടറി), അജിത്കുമാര്‍. എം.എ (ജോയിന്റ് സെക്രട്ടറി), അയ്യപ്പന്‍ നായര്‍. വി (ട്രഷറര്‍), രവീന്ദ്രന്‍ നായര്‍. ആര്‍ (ജനറല്‍ കണ്‍വീനര്‍), ശോഭ. വി (കണ്‍വീനര്‍, പബ്ലിസിറ്റി) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.