ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത്

Tuesday 5 February 2019 3:01 am IST

കാലം മാറിയതോടെ നമ്മുടെ ഭക്ഷണ കാര്യത്തിലും, ഭക്ഷണം കഴിക്കുന്ന രീതിയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നതിനുപകരം ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുകയാണെന്ന് തോന്നിപ്പോകുന്ന രീതിയിലാണ് ഇന്നത്തെ ഭക്ഷണരീതി. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ജീവിതശൈലീ രോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ വ്യാപകമായി. വറുത്തതും പൊരിച്ചതും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം അമിതവണ്ണത്തിനും പ്രമേഹത്തിനും ഹൃദ്രോഗത്തിനും മറ്റു ജീവിതശൈലീ രോഗങ്ങള്‍ക്കും തളര്‍ച്ചയ്ക്കും കാരണമാകുന്നു.

മലയാളിയുടെ ഭക്ഷണ സംസ്‌കാരം സമ്പന്നമായിരുന്നു. ആ സമ്പന്നതയില്‍നിന്ന് പിന്നോട്ടുപോയതാണ് കേരളം രോഗങ്ങളുടെ കലവറയാകാന്‍ കാരണം. കുട്ടികള്‍ക്കും ജോലിക്ക് പോകുന്നവരുടെയും ക്ഷീണത്തിനുള്ള പ്രധാന കാരണം പ്രഭാതഭക്ഷണം ഉപേക്ഷിച്ചതാണ്. പ്രഭാതഭക്ഷണം ഊര്‍ജം നിലനിര്‍ത്തുകയും ദിവസം മുഴുവന്‍ പ്രസരിപ്പും ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

പഴമക്കാര്‍ പറഞ്ഞത് ശരിവയ്ക്കുന്നതാണ് ഇന്നത്തെ ജീവിതശൈലീ രോഗങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്. 

''പ്രഭാതഭക്ഷണം രാജാവിനെപ്പോലെ

ഉച്ചഭക്ഷണം മന്ത്രിയെപ്പോലെ

രാത്രിഭക്ഷണം യാചകനെപ്പോലെ'' ഇതായിരുന്നു പഴമക്കാരുടെ ഭക്ഷണരീതി.

പുട്ടും ദോശയും ബഹുകേമം

നമ്മുടെ പ്രഭാതഭക്ഷണത്തില്‍ ഊര്‍ജദായകമായ പുട്ട്, അപ്പം, ഇഡലി, ദോശ തുടങ്ങിയ വിഭവങ്ങള്‍ മാറിമാറി ഉള്‍പ്പെടുത്തിയിരുന്നു. ഇവയെല്ലാം പോഷകമൂല്യത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചമാണ്. പ്രഭാതഭക്ഷണത്തിന്റെ മെനു എന്തുമാകട്ടെ, അതിനോടൊപ്പം ഏതെങ്കിലും ഒരു പഴവര്‍ഗം ഉള്‍പ്പെടുത്തണം. പഴങ്ങളിലടങ്ങിയ നാരുകളും ആന്റിഓക്‌സിഡന്റുകളും ആരോഗ്യപോഷണത്തിന് അത്യന്താപേക്ഷിതമാണ്.

എപ്പോള്‍ പ്രഭാത ഭക്ഷണമാകാം?

രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ രണ്ട് മണിക്കൂറിനകം പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. പണ്ടു മലയാളികള്‍ രാവിലെ ഏഴുമണിക്ക് പ്രഭാതഭക്ഷണം കഴിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റ് താമസിപ്പിച്ച് ഉച്ചഭക്ഷണവുമായി ചേര്‍ത്ത് ബ്രഞ്ചായി കഴിക്കാറുണ്ട്. ഇത് ദോഷകരമാണ്. ഇത് ശരീരത്തിന് ക്ഷീണത്തിനും തളര്‍ച്ചയ്ക്കും ഇടയാക്കും. ഭക്ഷണകാര്യത്തില്‍ സമയക്ലിപ്തത നിര്‍ബന്ധമാണ്.

ഉച്ചഭക്ഷണം

ചോറ് കുറച്ച് കറികളും മറ്റുവിഭവങ്ങളും കൂടുതല്‍ കഴിക്കുന്നതാണ് ഉത്തമം. ചോറിന്റെ കൂടെ രണ്ടു ചപ്പാത്തിയോ അല്ലെങ്കില്‍ ഊണിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചോറിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇലക്കറികളും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കിയ കറികള്‍ ധാരാളം കഴിക്കണം. മീനോ ഇറച്ചിയോ ചേര്‍ത്തുണ്ടാക്കിയ കറികള്‍ അല്ലെങ്കില്‍ പരിപ്പ്, പയറ്, കടല തുടങ്ങിയവയെല്ലാം നിത്യേന ഉപയോഗിക്കാവുന്നതാണ്. ഊണിനുശേഷം അല്‍പം മധുരം കഴിക്കുന്നത് ആലസ്യമകറ്റും.

അത്താഴം

അത്താഴം വളരെയേറെ മിതമായിരിക്കണം. അത്താഴം അത്തിപ്പഴത്തോളം എന്ന് കാരണവന്മാര്‍ പറയാറുണ്ട്. ലളിതവും സസ്യഭക്ഷണവുമാണ് ഏറ്റവും ഉചിതം. വറുത്തതും പൊരിച്ചതും എണ്ണപ്പലഹാരങ്ങളും അത്താഴത്തില്‍ നിന്നൊഴിവാക്കണം. കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പെങ്ങിലും അത്താഴം കഴിച്ചിരിക്കണം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസം എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. കരിക്കന്‍ വെള്ളം, പഴച്ചാര്‍, നാരങ്ങാനീര് തുടങ്ങിയവ ക്ഷീണമകറ്റാന്‍ ഉത്തമമാണ്. വേനല്‍ച്ചൂടിനെ ചെറുക്കാന്‍ സംഭാരവും, ചുക്കും മല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളവും നല്ലതാണ്.

ദിവസം തുടങ്ങേണ്ടത്  രണ്ടുഗ്ലാസ് വെള്ളത്തില്‍നിന്ന്

ഒരുദിവസം തുടങ്ങേണ്ടത് ഒന്നോ രണ്ടോ ഗ്ലാസ് ശുദ്ധജലം കുടിച്ചുകൊണ്ടായിരിക്കണം. ബെഡ്‌കോഫിയോ ചായയോ കുടിക്കുന്നത് ഒഴിവാക്കിയാല്‍ നല്ലതാണ്. ഇത് താത്കാലിക ഉന്മേഷമേ നല്‍കൂ. ഒട്ടേറെ നാടന്‍ പാനീയങ്ങള്‍ മലയാളിക്ക് സ്വന്തമായുണ്ട്. എന്നാല്‍ അവയെയെല്ലാം മറന്ന് യുവതലമുറ കൃത്രിമ രുചികള്‍ക്ക് പിന്നാലെയാണ്. സംഭാരമാണ് മികച്ച നാടന്‍ പാനീയം. ക്ഷീണിച്ച് തളര്‍ന്നുവരുമ്പോള്‍ ഒരുഗ്ലാസ് സംഭാരം കുടിച്ചാല്‍ ക്ഷീണവും തളര്‍ച്ചയും പമ്പകടക്കും. സംഭാരം ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചുണ്ടാക്കുന്നതായിരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.