അവകാശവാദങ്ങളെല്ലാം പൊളിഞ്ഞു; ശബരിമലയില്‍ കയറിയത് രണ്ട് യുവതികള്‍

Tuesday 5 February 2019 7:00 am IST
യാതൊരുവിധ നിര്‍ദേശവും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ഒരു പൊതുചടങ്ങിലെ പ്രഖ്യാപനത്തില്‍ സ്ഥിരീകരണമില്ല, മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്നും സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് യുവതികള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കിയതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ  അവകാശവാദങ്ങളെല്ലാം പൊളിഞ്ഞു.

ശബരിമലയില്‍ കയറിയത് രണ്ട് യുവതികള്‍ മാത്രമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ സമ്മതിച്ചു. യുവതികള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ലെന്നും മന്ത്രി രേഖാമൂലം മറുപടി നല്‍കി. ഇതോടെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടിക അടക്കമുള്ള അവകാശവാദങ്ങളെല്ലാം വ്യാജമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.

നിയമസഭയില്‍ ജനുവരി 29ന് നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പിണറായി സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ ദേവസ്വം മന്ത്രി തന്നെ പൊളിച്ചത്. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് യുവതികള്‍ മാത്രമാണ് പ്രവേശിച്ചതെന്ന് മറുപടിയില്‍ പറയുന്നു.

ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന തരത്തിലുള്ള യാതൊരുവിധ നിര്‍ദേശവും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ഒരു പൊതുചടങ്ങിലെ പ്രഖ്യാപനത്തില്‍ സ്ഥിരീകരണമില്ല, മന്ത്രി വ്യക്തമാക്കി. 

സുപ്രീംകോടതിയില്‍ ആദ്യം കൊടുത്ത 51 പേരുടെ പട്ടികയില്‍ പുരുഷന്മാരും 50 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളുമാണുള്ളതെന്ന് ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇത് വിവാദമായതോടെ 17 യുവതികള്‍ ദര്‍ശനം നടത്തിയെന്നാണ് സുപ്രീംകോടതിയെ രണ്ടാമത് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ഇപ്പോള്‍ രണ്ട് പേരുടെ കാര്യത്തില്‍ മാത്രമേ സ്ഥിരീകരണമുള്ളൂവെന്ന് മന്ത്രി നിയമസഭയിലും പറഞ്ഞു.  

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനെന്ന വ്യാജേനയാണ് സര്‍ക്കാര്‍ ശബരിമലയില്‍ പോലീസ്‌രാജ് നടപ്പാക്കിയത്. ശബരിമലയില്‍ ശരണംവിളി വിലക്കിയതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും സുപ്രീംകോടതിയെ മറയാക്കിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനാണ് ഇതെല്ലാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. യുവതി സുരക്ഷയുടെ മറവില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചു.

ദേവസ്വം മന്ത്രിയുടെ മറുപടിയോടെ ഇതെല്ലാം കള്ളമെന്ന് വ്യക്തമായി. സുപ്രീംകോടതി വിധിയുടെ മറവില്‍ ഹിന്ദുവേട്ടയായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നതിനും സ്ഥിരീകരണമായി. ശബരിമല കേസ് പരിഗണിക്കുമ്പോള്‍ കോടതിയെ അടക്കം തെറ്റിദ്ധരിപ്പിച്ചതിന് ഇതോടെ, സര്‍ക്കാരിന് സുപ്രീംകോടതിയില്‍ മറുപടി പറയേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.