തിരുവനന്തപുരം : ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ തുറക്കുന്നതിലൂടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കേരള പോലീസിന്റെ ഫേസ്ബുക് പേജ് വഴിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഫേസ് ബുക്കിലെ യുക്തിരഹിതമായ പ്രവചനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ പ്രവര്‍ത്തന സജ്ജമാകുന്ന ആപ്ലിക്കേഷനിലൂടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനും വ്യക്തിഗത വിവരങ്ങള്‍ നഷ്ടപ്പെടാനുമുള്ള സാധ്യതകളുണ്ട്. ഈ ലിങ്ക് വഴി ഫേസ് ബുക്ക് അക്കൗണ്ടില്‍ മറ്റൊരു ആപ് ഇന്‍സ്റ്റാള്‍ ആകുന്നതോടെയാണ് ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്നത്.
ഇത്തരത്തില്‍ മലയാളികളുടെ അടക്കം ആയിരക്കണക്കിനാളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ പ്രൈവസി സെറ്റിങ്സിലും സെക്യൂരിട്ടി സെറ്റിങ്സിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും പോലീസ് നിര്‍ദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: