ബ്രിട്ടോയുടെ മരണം: ദുരൂഹത മാറ്റാന്‍ സിപിഎമ്മിന് ബാധ്യത

Wednesday 6 February 2019 1:02 am IST

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എം ഷാജഹാന്‍. മരണവുമായി ബന്ധപ്പെട്ട്  ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌ക്കര്‍ ഉയര്‍ത്തിയ ചേദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് ഷാജഹാന്‍ ഫേസ് ബുക്കില്‍ ചൂണ്ടിക്കാട്ടി. 

ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നത്  വ്യക്തമാണ്.   മെഡിക്കല്‍ റിപ്പോര്‍ട്ടിലും, മരണസമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നതിലും അവ്യക്തതയുണ്ടെന്ന് സീന പറയുന്നു, തനിക്ക് സത്യാവസ്ഥ അറിയില്ല എന്നും, മെഡിക്കല്‍ റിപ്പോര്‍ട്ട് പാര്‍ട്ടി വാങ്ങി എന്നും, കുടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്കേ അറിയൂ എന്നും സീന വ്യക്തമാക്കുന്നു

ഈ പശ്ചാത്തലത്തില്‍ ഇക്കാര്യത്തിലുള്ള ദുരൂഹത അകറ്റാന്‍ സിപിഎമ്മിന് ബാധ്യതയില്ലേ? ഷാജഹാന്‍ ചോദിക്കുന്നു.

ആശുപത്രിയില്‍ എത്തിക്കുന്ന  അന്ന് രാവിലെ ബ്രിട്ടോക്ക് അവശതയുണ്ടായിരുന്നുവെങ്കിലും വൈകിട്ടേ ആശുപത്രിയില്‍ എത്തിച്ചുള്ളു. ഇക്കാര്യത്തില്‍ എന്തെങ്കിലും അനാസ്ഥയുണ്ടായിട്ടുണ്ടോ? സിപിഎമ്മില്‍ ബ്രിട്ടോക്ക് ഒരിക്കലും ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. ബ്രിട്ടോ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നവര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റിലും മറ്റും എത്തിയപ്പോള്‍, ബ്രിട്ടോ വെറും പാര്‍ട്ടി മെമ്പറായി തുടര്‍ന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീനക്ക് ദേശാഭിമാനിയില്‍ നിന്ന്  രാജിവച്ചൊഴിയേണ്ട സ്ഥിതി ഉണ്ടായി. ബ്രിട്ടോ പാര്‍ട്ടിയുടെ ശക്തനായ വിമര്‍ശകനായിരുന്നു അതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടി, സംഘടനയില്‍ അടുപ്പിക്കാതെ മാറ്റി നിര്‍ത്തിയിരുന്നത്. ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍, ശാരീരികാസ്വസ്ഥതകള്‍ മറന്ന് ബ്രിട്ടോ എത്തി മൃതശരീരത്തില്‍ ഒരു റോസാ പൂവ് സമര്‍പ്പിച്ചിരുന്നു, ഷാജഹാന്‍ എഴുതുന്നു.

മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ടും ബ്രിട്ടോ അസ്വസ്ഥകരമായ ചോദ്യങ്ങള്‍ സിപിഎമ്മിനെതിരെ ഉന്നയിച്ചിരുന്നു.സിപിഎമ്മിന്റെ ജീര്‍ണതയ്ക്കും അഴിമതിക്കും വഴിപിഴച്ച പോക്കിനും എതിരെ ബ്രിട്ടോ ഉന്നയിച്ച വിമര്‍ശനത്തിന്റെ കാഠിന്യവും തീവ്രതയും ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഷാജഹാന്‍ എടുത്തു പറയുന്നു.

വിപ്ലവ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഹോമിച്ച വിപ്ലവകാരിയുടെ ദുരൂഹമായ മരണത്തില്‍ പാര്‍ട്ടിയുടെ മൗനം ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.