കൊച്ചി: പ്രോ വോളി ലീഗിലെ ത്രില്ലര്‍ പോരാട്ടത്തില്‍ കാലിക്കറ്റ് ഹീറോസിന് തകര്‍പ്പന്‍ ജയം. അഞ്ച് സെറ്റ് നീണ്ട കളിയില്‍ യു മുംബ വോളിയെയാണ് ഹീറോസ് തകര്‍ത്തത്. സ്കോര്‍: 15-10, 12-15, 15-13, 14-15, 15-9. ഹീറോസിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. യു മുംബയുടെ രണ്ടാം പരാജയവും.
ആദ്യ ഇടവേളക്ക് പിരിയുമ്പോള്‍ ഹീറോസ് 8 – 7 ന് മുന്നിലായിരുന്നു. പിന്നീട് 10-7നും 11-8നും ലീഡുയര്‍ത്തി. തൊട്ടുപിന്നാലെ സൂപ്പര്‍ പോയിന്റില്‍് അജിത്ത് ലാലിന്റെ തകര്‍പ്പന്‍ സ്മാഷില്‍ രണ്ട് പോയിന്റ് നേടി. 15-10ന് ഹീറോസ് ആദ്യ സെറ്റ് നേടി.
രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. കാശ്മീരി താരം സഖ്ലെയ്ന്‍ താരിഖിനെ യു മുംബ ഇറക്കി. അജിത്ത് ലാലിന്റെ സ്മാഷുകള്‍ ഹീറോസിനെ 6-4ന് മുന്നിലെത്തിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന മുംബ സൂപ്പര്‍ പോയിന്റിലൂടെ ഒപ്പമെത്തി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ അവര്‍ 8-6നു ലീഡ് നേടി. പ്രശാന്ത് സരോഹയുടെ കനത്ത സര്‍വുകളുടെ കരുത്തില്‍ 15-12ന് യു മുംബ രണ്ടാം സെറ്റ് സ്വന്തമാക്കി.
മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഹീറോസ് 4-2ന് ലീഡ് നേടിയെങ്കിലും തിരിച്ചടിച്ച മുംബ 6-5 ന് മുന്നിലെത്തി. ടോമിസ്ലാവിന്റെ കിടയറ്റ സര്‍വുകളും സ്മാഷുകളുമാണ് മുംബക്കു തുണയായത്. സൂപ്പര്‍ പോയിന്റ് നേടി ഹീറോസ് തിരിച്ചു വരവിന്റെ സൂചന നല്കി. കളി മൂത്തു. 11-11ന് സമനില, വീണ്ടും 13-12ന് ഹീറോസ് മുന്നില്‍. ജറോമിന്റെയും ലോട്മാന്റെയും അജിത്തിന്റെയും സ്മാഷുകള്‍ക്ക് ആരവങ്ങളുടെ അകമ്പടി. അജിത്തിന്റെ തകര്‍പ്പന്‍ സ്മാമാഷില് 15-13ന് ഹീറോസ് മൂന്നാം സെറ്റ് നേടി.
നാലാം സെറ്റില്‍ തുടക്കം മുതല്‍ ഹീറോസായിരുന്നു മുന്നില്‍. ജറോമിന്റെയും ലോട്മന്റെയും സര്‍വുകള്‍ക്കും അജിത്ത് ലാലിന്റെ കിടിലന്‍ സ്മാഷുകള്‍ക്കും മുന്നില്‍ മുംബ വിറച്ചു.
എന്നാല്‍ ഹീറോസ് വരുത്തിയ ചില പിഴവുകളിലൂടെ മുംബ ഒപ്പമെത്തി. രണ്ട് തവണ സൂപ്പര്‍ പോയിന്റ് നേടിയ മുംബ 14-13ന് ലീഡ് നേടി. 15-14ന് നാലാം സെറ്റ് മുംബ നേടിയതോടെ അഞ്ചാം സെറ്റിലേക്ക് ആവേശമായി.
ജെറോം വിനീതിന്റെ സൂപ്പര്‍ സര്‍വിലൂടെ രണ്ട് പോയിന്റ് നേടിയാണ് ഹീറോസ് തുടങ്ങിയത്. ഒപ്പത്തിനൊപ്പം മുംബ കളിച്ചുവന്നെങ്കിലും സൂപ്പര്‍ പോയിന്റില്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ 9 – 6ന് ഹീറോസ് മുന്നിലെത്തി.സൂപ്പര്‍ സര്‍വിലൂടെ 11-6ന് ലീഡ് നേടിയ ഹീറോസ് പിന്നീട് കളംപിടിക്കാന്‍ മുംബയെ അനുവദിച്ചില്ല. 15-9ന് ഹീറോസ് സെറ്റും മത്സരവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: