അഭിഭാഷകര്‍ അവഹേളിക്കപ്പെടുന്ന കാലം

Wednesday 6 February 2019 1:34 am IST
മുന്‍പൊക്കെ ജഡ്ജിപദം പ്രഗത്ഭരെ തേടിവരികയായിരുന്നു. ജനം അവരെ ആരാധനയോടെ വീക്ഷിച്ചിരുന്നു. ഇന്ന് അതുവെറും ഉദ്യോഗമായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും (ഇംഗ്ലീഷില്‍ പറഞ്ഞാല്‍ സ്റ്റേക്ക് ഹോള്‍ഡേഴ്‌സ്) ഇതില്‍ ഉത്തരവാദിത്വമുണ്ട്. ഭരണഘടനാപദവി വഹിക്കുന്നവര്‍ക്ക് സാധാരണ സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ മുന്‍കാല പ്രാബല്യത്തോടുകൂടി സാമ്പത്തികാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്.

ബ്രിട്ടീഷ് ഭരണകാലത്തെ പ്രഗത്ഭനായ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളായിരുന്നു സര്‍ ലയണല്‍ ലീച്ച്. സംയുക്ത മദ്രാസ്സ് സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒരു ഭയത്തിന്റെ പരിവേഷമുണ്ടായിരുന്നു. 'കാറ്റ് പോലും ഭയപ്പെടും അദ്ദേഹത്തിന്റെ കോടതിയില്‍ പ്രവേശിക്കാന്‍' എന്നായിരുന്നു തമിഴരുടെ പറച്ചില്‍. പ്രശസ്തനായ ഒരു അഭിഭാഷകനോട്, കൂടിക്കാഴ്ചയ്ക്കുശേഷം ജഡ്ജി പദത്തിലേക്ക് അദ്ദേഹത്തെ നിര്‍േദശിക്കുകയാണെന്നും ഔപചാരിക ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതുവരെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ അഭിഭാഷകന്‍ ഒരു ദുര്‍ബലനിമിഷത്തില്‍ ഒരു വാക്പ്രയോഗം നടത്തി. വലിയ ഒരു കേസ് ഏല്‍പ്പിക്കാന്‍ വന്ന കക്ഷികളോട് അബദ്ധവശാല്‍ ''കേസ് നടത്താന്‍ ഞാന്‍ ബാറില്‍ ഉണ്ടാവുമോ എന്നെനിക്കറിയില്ല'' എന്ന് പറഞ്ഞു. 

സംഭവം ബാര്‍ അസോസിയേഷന്‍ ഹാളുകളില്‍ ചര്‍ച്ചാവിഷയമായി. സര്‍ ലയണല്‍ലീച്ച് ആ അഭിഭാഷകനെ വിളിച്ചുവരുത്തി പറഞ്ഞു. ഞാന്‍ എന്റെ നിര്‍ദേശം പിന്‍വലിക്കുകയാണ്. നിയമനക്കാര്യം പോലും രഹസ്യമായി സൂക്ഷിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ലല്ലോ. ജഡ്ജിയായാല്‍ ഇതിലും ഗൗരവമായ കാര്യങ്ങള്‍ രഹസ്യമായി വയ്‌ക്കേണ്ടിവരും. 

 ജഡ്ജിപദം നഷ്ടപ്പെട്ട അദ്ദേഹം ബാറില്‍ തിളങ്ങിനിന്നു എന്നുമാത്രമല്ല അന്നൊക്കെ ഏതൊരു അഭിഭാഷകനും കൊതിക്കുമായിരുന്ന അഡ്വക്കേറ്റ് ജനറല്‍ പദവി നേടുകയും ചെയ്തു.

ശ്രീ ഭാഷ്യം അയ്യങ്കാര്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നപ്പോഴാണ് ബ്രിട്ടീഷുകാരനായിരുന്ന ഗവര്‍ണറോട് അഡ്വക്കേറ്റ് ജനറലിനെ കാണാന്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്കു വരേണ്ടിവരുമെന്നും ഗവര്‍ണറുടെ വസതിയിലേക്ക് അഡ്വക്കേറ്റ് ജനറല്‍ ചെല്ലുന്ന കീഴ്‌വഴക്കം ഇല്ലെന്നും ചങ്കൂറ്റത്തോടെ ഓര്‍മ്മിപ്പിച്ചത്.

ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ പണ്ട് ഉണ്ടായിരുന്ന അതീവശ്രദ്ധയും സൂക്ഷ്മതയും ചൂണ്ടിക്കാണിക്കാനാണിതു പറഞ്ഞത്. ഇന്ന് നിയമനങ്ങളുടെ പ്രാരംഭഘട്ടങ്ങളില്‍ത്തന്നെ പേരുകള്‍ പരസ്യമായി ചര്‍ച്ച ചെയ്യുകയും പതിവുള്ള പേരുവയ്ക്കാത്ത പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് തുടരെതുടരെ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. പക്ഷേ മേല്‍സൂചിപ്പിച്ച കഥയിലെ കഥാപാത്രം അവഹേളിതനായില്ല എന്ന് മാത്രമല്ല തനിക്ക് പറ്റിയ അബദ്ധം പിന്നീട് അദ്ദേഹം അടുത്ത സഹപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുകയും ഉണ്ടായി.

ഇന്നോ? ജഡ്ജി നിയമനത്തിന്റെ പേരില്‍ കുലീനതയും മാന്യതയും സത്യസന്ധതയും പുലര്‍ത്തി പോരുന്ന പല അഭിഭാഷകരും പരസ്യമായി അവഹേളിക്കപ്പെടുന്നു. സുതാര്യത എന്ന പേരിലാണ് ഇതൊക്കെ നടക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ട അഭിഭാഷകരുടെ മനസ്സിനുണ്ടാവുന്ന മാറാത്ത മുറിവുകള്‍ വിസ്മരിക്കപ്പെടുന്നു. സഹപ്രവര്‍ത്തകരേയും ബന്ധുക്കളെയും അഭിമുഖീകരിക്കാന്‍പോലും അവര്‍ക്ക് വൈഷമ്യമുണ്ടാവുന്നു. കാരണം അഭിഭാഷകവൃത്തി എല്ലാക്കാലത്തും മാന്യവും പ്രൗഢവുമായ തൊഴിലായിട്ടാണ് കണക്കാക്കപ്പെടുന്നത്. ആ തൊഴില്‍ തിരഞ്ഞെടുക്കുന്നവര്‍ മറ്റുപല തൊഴിലിലുമില്ലാത്ത നിബന്ധനകളും നിഷ്‌കര്‍ഷകളും പാലിക്കാന്‍ ബാദ്ധ്യതയുള്ളവരാണ്. അതുകൊണ്ടാണ് ഇംഗ്ലീഷില്‍ അത് ''നോബിള്‍ പ്രഫഷന്‍'' എന്ന് ആവര്‍ത്തിച്ച് ഇപ്പോഴും വിളിക്കപ്പെടുന്നത്.

 സ്വാതന്ത്ര്യസമര കാലത്ത് നേട്ടങ്ങളെല്ലാം ഉപേക്ഷിച്ചു സമരത്തിന്റെ തീച്ചൂളയില്‍ ഇറങ്ങിയവരായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ബുലാഭായ് ദേശായി, ഫിറോഷാ മേത്ത, ഡോ. രാജേന്ദ്രപ്രസാദ്, സി. രാജഗോപാലാചാരി തുടങ്ങിയ അഭിഭാഷകര്‍. അഭിഭാഷക വൃത്തിയുടെ മാന്യതയ്ക്കും തിളക്കത്തിനും ശോഭയ്ക്കും ഈ മഹാന്‍മാര്‍ മാറ്റ് കൂട്ടി. തങ്ങളുടെ ത്യാഗപൂര്‍ണമായ ജീവിതം അനുകരിക്കാന്‍ യുവ അഭിഭാഷകര്‍ക്ക് പ്രചോദനം നല്‍കി. 

അന്ന് ജഡ്ജിപദം പ്രഗത്ഭരെ തേടിവരികയായിരുന്നു. ജനം അവരെ ആരാധാനയോടെ വീക്ഷിച്ചിരുന്നു. ഇന്ന് അതുവെറും ഉദ്യോഗമായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും (ഇംഗ്ലീഷില്‍ പറഞ്ഞാല്‍ സ്റ്റേക്ക് ഹോള്‍ഡേഴ്‌സ്) ഇതില്‍ ഉത്തരവാദിത്വമുണ്ട്. ഭരണഘടനാപദവി വഹിക്കുന്നവര്‍ക്ക് സാധാരണ സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ മുന്‍കാല പ്രാബല്യത്തോടുകൂടി സാമ്പത്തികാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്. 

വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് ആകെയുള്ള ജഡ്ജിമാരുടെ അംഗസംഖ്യയ്ക്ക് ഏതാണ്ട് തുല്യമായ ലാവണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നു. അഡിമിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലുകള്‍, ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍, ലോകായുക്തകള്‍ എന്നിവ വിരമിച്ച നിരവധി ജഡ്ജിമാരെ കാത്തിരിക്കുന്ന ചിലവ മാത്രമാണ്. ചിലര്‍ അനായാസമായി ഒരു ചേമ്പറില്‍ നിന്ന് മറ്റൊരു ചേമ്പറിലേക്ക് ചേക്കേറുന്നു. പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളും ഓര്‍മ്മക്കുറവും ബാധിച്ചിട്ടുപോലും മരണംവരെ ജനങ്ങളുടെ ചെലവില്‍ കഴിഞ്ഞുകൂടുന്നു. ഇതിനും പുറമെയാണ് കോടികള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ബിട്രേഷനുകള്‍? ദല്‍ഹിയില്‍നിന്ന് വിരമിക്കുന്ന ജഡ്ജിമാര്‍ രണ്ട് ലക്ഷവും മൂന്നുലക്ഷവും വാടക നല്‍കി അവിടെത്തന്നെ താമസിക്കുന്നു. ഇത്രയും ആനുകൂല്യങ്ങളും സാമ്പത്തിക നേട്ടങ്ങളും ഐഎഫ്എസ്സില്‍ നിന്നോ ഐഎഎസ്സില്‍ നിന്നോ വിരമിക്കുന്നവര്‍ക്കുപോലും ലഭിക്കുന്നില്ല. ജീവന്‍ പണയം വെച്ച് രാജ്യസേവനം നടത്തുന്ന ഉന്നത സൈനികോദ്യോഗസ്ഥന്മാര്‍ക്കും ഈ പരിഗണനയില്ല. ജുഡീഷ്യറിയെ വരുതിയിലാക്കാനാണ് ഈ നടപടികളെന്ന് നമ്മുടെ ബഹുമാന്യരായ ജഡ്ജിമാര്‍ തിരിച്ചറിയുന്നില്ല. അനൗചിത്യം ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് സമീപകാലത്ത് വിരമിച്ച പല ജഡ്ജിമാരും പുതിയ സ്ഥാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. വിരമിക്കല്‍ തീയതി മുതല്‍ മൂന്നു കൊല്ലക്കാലത്തേക്കെങ്കിലും പദവികള്‍ വഹിക്കുന്നത് നിയമം മൂലം നിരോധിക്കേണ്ടതാണ്. അഭിഭാഷക വര്‍ഗ്ഗം ഈ സ്വര്‍ണ്ണഖനി കൈക്കലാക്കാന്‍ പരിശ്രമിക്കുന്നതില്‍ എന്താണത്ഭുതം? പ്രൗഢിയും അധികാരവുമുള്ള സ്ഥാനങ്ങളുണ്ടെങ്കിലെ ജനങ്ങളുടെ അംഗീകാരമുണ്ടാകൂ എന്ന് പലരും തെറ്റിദ്ധിരിച്ചതുപോലെ തോന്നുന്നു. 

കൊളീജിയം എന്ന വിചിത്ര സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നവര്‍ക്ക് മേല്‍പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമായും തെളിവിന്റെ അടിസ്ഥാനത്തിലും സ്ഥിരീകരിക്കപ്പെടുന്നവയാണെന്ന് സമ്മതിക്കേണ്ടിവരും. ഇന്ത്യയിലെ ഏറ്റവും സീനിയറായ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിനേയും ദല്‍ഹി ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ചീഫ് ജസ്റ്റിസ് പദവി വഹിക്കുന്ന ഒരാളെയും കൊളീജിയം ശുപാര്‍ശ ചെയ്തതെങ്കിലും പിന്നീട് കൊളിജിയത്തിന്റെ ഘടനയില്‍ മാറ്റം വന്നപ്പോള്‍ ആ ശുപാര്‍ശ പുറംതള്ളി താരതമ്യേന സീനിയോറിറ്റിയില്‍ വളരെ താഴെയുള്ള രണ്ട് ജഡ്ജിമാരെ ശുപാര്‍ശ ചെയ്യുകയും ത്വരിത വേഗത്തില്‍ അവരെ നിയമിക്കുകയും ചെയ്തത് അത്ര പുതിയകാര്യമല്ല. ഈ സംഭവത്തില്‍ ബന്ധപ്പെട്ട രണ്ട് ചീഫ് ജസ്റ്റിസുമാര്‍ക്കുണ്ടാകുന്ന മനോവിഷമവും അപമാനഭാരവും അവരുടെ ആത്മവിശ്വാസത്തേയും ആത്മാര്‍ത്ഥതയേയും പ്രവര്‍ത്തനരീതിയേയും ബാധിക്കും. അത് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. സീനിയോറിറ്റി അംഗീകൃത മാനദണ്ഡമല്ലെങ്കിലും അത് മറികടന്നാലുള്ള പ്രത്യാഘാതങ്ങള്‍ ഒരു മഹത് സ്ഥാപനത്തെ ആകെ ഉലയ്ക്കും. 

അഭിഭാഷകരുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇന്ററാക്ഷന്‍ എന്ന പേരില്‍ സുപ്രീം കോടതിയിലേക്ക് ക്ഷണിക്കപ്പെട്ട ആഭിജാത്യവും അന്തസ്സും, സ്വഭാവശുദ്ധിയും, സത്യസന്ധതയും പുലര്‍ത്തിപോരുന്ന ഒരു അഭിഭാഷകന്‍ അപമാനിതനായിട്ടാണ് തിരികെ എത്തിയത്. ഇതേ അനുഭവം തന്നെയാണ് മറ്റു പല അഭിഭാഷകരുടേയും, വിവിധ ഹൈക്കോടതികളില്‍നിന്ന് ജഡ്ജി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരുടേയും. ഇത് അഭികാമ്യമാണോ? സീനിയര്‍ പദവി നല്‍കുന്ന കാര്യത്തിലും ഇതുതന്നെ. ഔദാര്യവിതരണത്തിനുള്ള മറ്റൊരു മേഖലയായി മാറിക്കഴിഞ്ഞു അത്. നിര്‍ലജ്ജമായ ലോബിയിങ്ങ് അംഗീകൃത രീതിയായി. കഴിവും, മികവും, സത്യസന്ധതയും ഉള്ള പല അഭിഭാഷകരും നടപടിക്രമങ്ങളിലെ പാളിച്ചകള്‍ കൊണ്ട് അവഹേളിക്കപ്പെട്ട് തിരസ്‌കരിക്കപ്പെടുന്നു. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുകൂടി. ഈ നടപടി അഭിഭാഷകരുടെ മനസ്സില്‍ മാറാത്ത മുറിവുകളുണ്ടാക്കിക്കഴിഞ്ഞു. സാമൂഹിക എന്‍ജിനീയര്‍മാരെന്നും പരിഷ്‌ക്കര്‍ത്താക്കളെന്നും വിശേഷിക്കപ്പെടുന്ന, രാഷ്ട്രനിര്‍മ്മാതാക്കളായ ഗാന്ധിജിയുടേയും, ലിങ്കണ്‍ന്റേയും, ലെനിന്റേയും പൈതൃകം അവകാശപ്പെടുന്ന അഭിഭാഷക സമൂഹം അപമാനിതരാകാന്‍ വിധിക്കപ്പെട്ടവരാണോ? അവര്‍ക്കും സംഘബലമില്ലേ? സംഘടനകളില്ലേ? എന്താണ് ആരും പ്രതികരിക്കാത്തത്? അതോ പ്രതികരണശേഷി നഷ്ടപ്പെട്ട, വിലകുറഞ്ഞ സമൂഹമായി അഭിഭാഷകര്‍ തരംതാണോ?

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.