ഇന്ദിരാഗാന്ധി എത്രയോ ഭേദം!

Wednesday 6 February 2019 1:27 am IST

ബംഗാള്‍ മുഖ്യമന്ത്രിയും സിബിഐയും തമ്മിലുള്ള പോരാട്ടം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ കൗതുകത്തോടെ വീക്ഷിക്കേണ്ട ഒരു പൊറാട്ടുനാടകമാണ്. ഈ സ്ത്രീയെങ്ങാനും ബംഗാളിന്റെ മുഖ്യമന്ത്രിയായാല്‍ ആ സ്റ്റേറ്റിന്റെ കഷ്ടകാലമാവും എന്ന് പണ്ട് മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്‍ പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. വിവര ശേഖരണത്തിനായി ഒരു പോലീസ് ഓഫീസറെ സിബിഐ സമീപിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉറക്കം കെടുന്നത് അവരുടെ മടിയില്‍ കനമുണ്ട് എന്നതിന്റെ ഉത്തമദൃഷ്ടാന്തം തന്നെയല്ലേ? ഇവരെ ചുമക്കുന്ന മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ അവര്‍ ചുമക്കുന്ന ഭാണ്ഡത്തിലെ വിഴുപ്പ് മനസ്സിലാക്കുന്നില്ല. 

ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്ന ഈ കഥാപാത്രത്തിനെ ചുമക്കുന്ന പാവം ബംഗാളികളെ ഓര്‍ത്തു സഹതപിക്കുക. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി എത്ര ഭേദം എന്ന് ആരും ഓര്‍ത്തു പോകും. ഇവര്‍ ഇനി ഒരു പക്ഷേ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനുമായി യുദ്ധത്തിലേര്‍പ്പെട്ടാലും അതിശയിക്കാനില്ല.

-സി.പി. വേലായുധന്‍ നായര്‍, ഇടപ്പള്ളി.

പഠനോത്സവങ്ങള്‍ സ്‌കൂളില്‍ മാത്രം പോരേ?

പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അനേകം പദ്ധതികളില്‍ ഒന്നാണ് പ്രൈമറി ക്ലാസുകള്‍ക്കുള്ള പഠനോത്സവം. ഒന്നു മുതല്‍ ഏഴുവരെ ക്ലാസിലെ ഓരോ കുട്ടിയും അവന് ആവശ്യമായ ശേഷികള്‍ നേടുന്നു എന്ന് ഉറപ്പിക്കാനുള്ള പദ്ധതിയാണിത്. കുട്ടികളുടെ പഠന നേട്ടങ്ങള്‍, രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ വിലയിരുത്തലാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. 

എന്നാല്‍ ഈ ആഘോഷം സ്‌കൂളുകള്‍ തമ്മിലുള്ള മത്സരമായി മാറുമ്പോള്‍, പദ്ധതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതാണു സത്യം. ഉത്സവം സ്‌കൂളിനു പുറത്തും ആകാം എന്ന ന്യായത്തില്‍, പണവും സംവിധാനങ്ങളും ആള്‍ശേഷിയുമെല്ലാം ഉള്ള വലിയ സ്‌കൂളുകള്‍ 'സ്റ്റേജ് ഷോ' എന്ന നിലയില്‍ തന്നെ നാട്ടിന്‍ പുറങ്ങളില്‍ ഉത്സവം ഒരുക്കുകയാണ്. സ്‌കൂളുകളെ 'വിലയിരുത്തുന്ന ' പൊതു സമൂഹമാകട്ടെ, ചെറിയ സ്‌കൂളുകളെ തഴയാന്‍ നിര്‍ബന്ധിതരുമാകുന്നു. ചെറുതും വലുതുമായ എല്ലാ സ്‌കൂളിലെയും പഠനോത്സവങ്ങള്‍ അതതു സ്‌കൂളില്‍ മാത്രം നടത്താന്‍ കര്‍ശന നിര്‍ദ്ദേശം ഉണ്ടാകണം.

-ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം.

ട്രെയിന്‍യാത്രാ ദുരിതത്തിന് പരിഹാരമില്ലേ?

മലബാര്‍ മേഖലയില്‍ ട്രെയിന്‍ യാത്രാദുരിതം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പുതിയ ട്രെയിനുകളൊന്നുമില്ല. ഉള്ളവയിലെ അവസ്ഥ പരിതാപകരം. പരശുറാം എക്‌സ്പ്രസ്സിലെ ഒരു ജനറല്‍ കോച്ചുകൂടി കുറച്ചിരിക്കുന്നു. ഇപ്പോള്‍ത്തന്നെ യാത്രക്കാര്‍ ശ്വാസംമുട്ടിയാണ് യാത്രചെയ്യുന്നത്. മംഗലാപുരത്തുനിന്നും തെക്കോട്ടേക്ക് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്തവര്‍ ഒരിക്കലും യാത്ര മറക്കില്ല. അത്രയും ദുരിതമാണ്. യാത്രക്കാര്‍ ടിക്കറ്റെടുത്തിട്ടും ദുരിതമനുഭവിക്കാനാണോ വിധി? റെയില്‍വേ അധികൃതര്‍ ശുഭയാത്ര ആശംസിച്ചാല്‍ മാത്രം പോരാ. അത് യാത്രക്കാര്‍ക്ക് ലഭ്യമാക്കാനുള്ള കടമകൂടിയുണ്ട്.

-ശ്രീജിത്, മട്ടന്നൂര്‍. 

പിഴിഞ്ഞ് കൊതിതീരാത്ത സര്‍ക്കാര്‍

പ്രളയത്തിന്റെ പേരില്‍ പൊതുജനങ്ങളെ പിഴിയാവുന്നതിന്റെ പരമാവധി പിഴിഞ്ഞതിനുശേഷവും സര്‍ക്കാര്‍ ജീവനക്കാരെ സാലറി ചാലഞ്ചെന്ന ഓമനപ്പേരിട്ട് വഹിക്കാവുന്നതിന്റെ പരമാവധി വഹിച്ചതിന്റെ ശേഷവും വിദേശമലയാളികളെ പരമാവധി അറുത്തതിനുശേഷവും കേന്ദ്രത്തില്‍ നിന്നും പരമാവധി പിടിച്ചുവാങ്ങിയും ഇനിയും സെസ്സ് എന്ന പേരില്‍ പാവപ്പെട്ടവരെ കൊള്ളയടിക്കാനൊരുങ്ങുകയാണ്. 

ജിഎസ്ടി പ്രാബല്യത്തിലാക്കിയത് രാജ്യത്ത് വിലനിലവാരം ഏകീകരിക്കാനായിരുന്നു. എന്നാല്‍ കേരളത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നതുകൊണ്ട് ആ ഐക്യരൂപം നഷ്ടപ്പെടുമെന്നതിന് ഒരു സംശയവുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ പഴയ വാറ്റ് തന്നെയായിരുന്നു ഉചിതം. സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടാനുസരണം വില കയറ്റുകയും ഇറക്കുകയും ചെയ്യാമായിരുന്നു.

മന്ത്രിമാരുടെ പിടിപ്പുകേടാണ് ഈ ദുരിതത്തിനെല്ലാം കാരണം. അതിന്റെ പാപഫലം ദയവുചെയ്ത് തല ചായ്കാനിടമില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരുനേരത്തെ ആഹാരത്തിന് പോലും ഗതിയില്ലാത്ത മലയാളിയുടെ തലയില്‍ കെട്ടിവെക്കരുത്.

-കാപ്റ്റന്‍ കെ. വേലായുധന്‍, കണ്ണഞ്ചേരി.

ഇന്നത്തെ സുഖം നാളത്തെ ദുഃഖമായേക്കാം

സോഷ്യല്‍ മീഡിയകളിലെ സ്വാധീനം ഇന്ന് കൂടുതലും യുവതി യുവാക്കന്മാരിലാണ്. ഫേയ്‌സ്ബുക്കിലും, വാട്ട്‌സപ്പിലും കണ്ടുമുട്ടിയ ഒരാളുടെ പിന്നാലെ കുതിച്ച് പോകുമ്പോള്‍ പലരും ചിന്തിക്കില്ല ഇത്രയുംകാലം നമ്മുടെ സന്തോഷത്തിനായി നേട്ടോട്ടമോടിയ രണ്ടു ജീവനെപറ്റി. നേരായ വഴിയിലൂടെ ഇവ ഉപയോഗിച്ചാല്‍ ഓരോന്നിനും അതിന്റെതായ മൂല്യവും പ്രാധാന്യവുമുണ്ട്. പത്ത് മാസം വയറ്റില്‍ ചുമന്ന് പെറ്റ അമ്മ, സ്വന്തം ചോര വിയര്‍പ്പാക്കി വളര്‍ത്തിയ അച്ഛന്‍, കൂടെപിറപ്പുകള്‍ ഇവരെയെല്ലാം ഇന്നലെ പരിചയപ്പടുന്ന ഒരാള്‍ക്കുവേണ്ടി വലിച്ചെറിയുന്നു. ഫേയ്‌സ്ബുക്കില്‍ പരിചയപ്പെടുന്ന ഒരാള്‍ക്കുവേണ്ടി സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് അവര്‍ക്കൊപ്പം ഇറങ്ങി തിരിക്കുമ്പോള്‍, ചിന്തിക്കില്ല നാളെ നമ്മുക്കും ഈ അവസ്ഥയുണ്ടായേക്കാമെന്ന്. സ്വന്തം സന്തോഷത്തിനുവേണ്ടി നമ്മള്‍ ഇല്ലാതാക്കുന്നത് ജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മാതാപിതാക്കളുടെ സ്വപ്‌നങ്ങളെയാണ്. നമ്മള്‍ ഓരോരുത്തരും ജനിച്ച് വീഴുമ്പോള്‍ അവര്‍ കാണുന്ന സ്വപ്‌നങ്ങള്‍ അത് വാക്കുകളാല്‍ വര്‍ണ്ണിക്കാനാകില്ല. എന്നാല്‍ നമ്മളോ ആ സ്വപ്‌നത്തില്‍ ചവിട്ടി നൃത്തമാടുന്നു, എന്തിനുവേണ്ടി ഇന്നലെ കണ്ടുമുട്ടിയ ഒരാള്‍ക്കുവേണ്ടിയാണെല്ലോ എന്നോര്‍ക്കുമ്പോള്‍ സഹതാപമാണ്. ജീവിതത്തില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന വേദന അറിയണമെങ്കില്‍ ഒരുനാള്‍ നമ്മളും ആ സ്ഥാനത്ത് എത്തണം.

-ധന്‍ലക്ഷ്മി, കോട്ടയം

സംവരണം വെല്ലുവിളിയോ

85 ശതമാനം വരുന്ന അടിസ്ഥാന വര്‍ഗ്ഗത്തോടുള്ള വെല്ലുവിളിയാണ് സാമ്പത്തിക സംവരണമെന്ന് വാദഗതി ഉയര്‍ത്തുന്നവര്‍, രാജ്യത്ത് 15 ശതമാനം വരുന്ന സവര്‍ണ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം വെല്ലുവിളിയാവുന്നതെങ്ങനെയാണ്? മുന്നാക്കക്കാരുടെ സംവരണം വന്നപ്പോള്‍ പലരും മുന്നിട്ടിറങ്ങി പിന്‍വലിക്കണം, അപലപനീയം എന്നൊക്കെ ഗീര്‍വാണം വിടുമ്പോള്‍ തോന്നും ഇവരുടെ കൈയില്‍നിന്നാണ് കൊടുക്കുന്നതെന്ന്.

-വി. വിനോദ്കുമാര്‍, നറുകര.

കുഞ്ഞനന്തന്റെ പരോള്‍

കുഞ്ഞനന്തന് എന്നും പരോളാണ്. 29 മാസത്തിനുള്ളില്‍ 216 പരോള്‍ ലഭിച്ചു. 51 വെട്ടിന്റെ പാരിതോഷികം. ടിപിയുടെ ഭാര്യ രമയുടെ കണ്ണുനീര്‍ ആരുകാണാന്‍. വെറുതെയല്ല ആഭ്യന്തരം മുഖ്യന്‍ കൈവിടാത്തത്. കണ്ടുകൂടാത്തവരെ തല്ലിക്കൊല്ലാന്‍ പോലീസുണ്ടല്ലോ. കൊലയാളികള്‍ക്ക് കുഞ്ഞനന്തന്റെ പരോള്‍ ഏറെ പ്രചോദനമാകും.

-എം. ശ്രീധരന്‍, തൃശ്ശൂര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.