കരതലപൊയ്കക്കടവിലെ അഭീഷ്ടവരദായകര്‍

Thursday 7 February 2019 3:08 am IST

ശൈവ-വൈഷ്ണവ ആരാധനയ്ക്ക് പ്രസിദ്ധമാണ് കുടശനാട്  തിരുമണിമംഗലം ശ്രീ മഹാദേവര്‍ ക്ഷേത്രം. പാലമേല്‍, നൂറനാട്, പന്തളം പ്രദേശങ്ങളിലായി  വ്യാപിച്ചുകിടക്കുന്ന കരിങ്ങാലി പുഞ്ചയുടെ കിഴക്കേ കരയിലാണ് ക്ഷേത്രമുള്ളത്. പുണ്യമായ പതിനെട്ടു കൈവഴികള്‍ ഉള്ള കരതല തീര്‍ത്ഥ പൊയ്കയെന്ന കരിങ്ങാലി പുഞ്ചയുടെ കരയില്‍ ആയതിനാലും വിഷ്ണു ചൈതന്യം നിറഞ്ഞു നില്‍ക്കുന്നതിനാലും കര്‍ക്കിടക വാവുബലിക്കു ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ധാരാളം പേര്‍ ഇവിടെ എത്തുന്നു. പടയോട്ട കാലത്തു പന്തളം രാജാവും കായംകുളം രാജാവും സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെട്ടത് ഇവിടെയായിരുന്നുവെന്ന് ചരിത്രം. 

 ഒരേ നാലമ്പലത്തിനകത്ത്  രണ്ടു ദേവന്മാരുടെ സാന്നിദ്ധ്യമാണ് ക്ഷേത്രത്തെയും നാടിനെയും പുണ്യവും പവിത്രവുമാക്കിയത്. സ്വയംഭൂവായ പരമശിവനും ചതുര്‍ബാഹുവായ മഹാവിഷ്ണുവും വൃത്താകാരമായ പ്രത്യേക ശ്രീകോവിലുകളില്‍ കിഴക്ക് ദര്‍ശനമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. രണ്ടു ശ്രീകോവിലുകള്‍ക്ക് മുമ്പിലും വലിയമ്പലവും ബലിക്കല്‍പുരകളും നമസ്‌കാരമണ്ഡപവും കൊടിമരങ്ങളും ആനക്കൊട്ടിലും കാണാം. രണ്ടു ദേവന്മാര്‍ക്കും ഒരേ സമയമാണ് കൊടിയേറ്റ്. ആറാട്ടും കൊടിയിറക്കും അങ്ങിനെ തന്നെ. രണ്ടു ദേവന്മാര്‍ക്കും പ്രത്യേക പൂജകളും വഴിപാടുകളുമുണ്ട്.

കുംഭമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി ഉത്രം നാളില്‍ ആറാട്ടോടു കൂടി ഉത്സവം സമാപിക്കുന്നു. ആറാട്ടിനു മഹാദേവനും മഹാവിഷ്ണുവും രണ്ട് ആനകളുടെ പുറത്തേറി  എഴുന്നെള്ളി ക്ഷേത്രം വലംവെച്ചു പടിഞ്ഞാറേ നടയിലെത്തുമ്പോള്‍ മറ്റൊരാനപ്പുറത്ത് ശ്രീ പാര്‍വതി ദേവി എഴുന്നള്ളി രണ്ട് അകമ്പടി ആനകളെ കൂട്ടി ആറാട്ടിനു പുറപ്പെടുന്നു. ശൈവ, വൈഷ്ണവ ശാക്തേയ മൂര്‍ത്തികളുടെ  ഏഴു ന്നള്ളത്ത് അത്യപൂര്‍വമാണ്.

 കിഴക്കു ദര്‍ശനമായി പരമശിവന്റെ സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന അതേ ശ്രീകോവിലില്‍ പടിഞ്ഞാറു ദര്‍ശനമായി അഭയവരദായികയായി പാര്‍വതീദേവിയുടെ വിഗ്രഹവും  വലതു വശത്തായി ഗണപതിയുടെ വിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. യക്ഷി, അമ്മ, രക്ഷസ്സ്, ധര്‍മശാസ്താവ്, മാടസ്വാമി എന്നീ ഉപദേവതകളുമുണ്ട്. നാഗരാജാവും, നാഗയക്ഷിയും, സര്‍പ്പക്കാവും, കുളവും ക്ഷേത്രത്തിനു  പി

ന്നിലാണ്. കരതലപൊയ്ക്കടവില്‍ കര്‍ക്കിടകവാവ് ബലിയും, ശിവരാത്രിയും, അഷ്ടമിരോഹിണിയും കാര്‍ത്തിക പൊങ്കാലയും, വൃശ്ചിക ചിറപ്പും നടന്നുവരുന്നു. ആറാട്ടുദിവസം മാത്രമാണ് ശ്രീപരമേശ്വരി ശ്രീലകം വിട്ട് പുറത്തെഴുന്നള്ളുന്നത്. ആറാട്ട് ഏഴുന്നള്ളത്ത് കുടശനാട് കടക്കമൂത്തേടത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ഭഗവതി  മകനോടൊപ്പം ക്ഷേത്രത്തില്‍ വിശ്രമിക്കും. മഹാദേവന്‍ കടക്ക മൂത്തേടത്ത് മകന്റെ ക്ഷേത്രക്കുളത്തില്‍ ആറാടി നൈവേദ്യ പൂജ കഴിഞ്ഞു തിരുമണിമംഗലം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. അടുത്ത വര്‍ഷം വീണ്ടും വരാമെന്നു പറഞ്ഞു മൂവരും മകനായ ധര്‍മ ശാസ്താവിനോട് യാത്ര പറയുന്നു.

ആര്‍ഷഭാരത, ദ്രാവിഡ, സിംഹള സംസ്‌കാരങ്ങളുടെ  തിരുശേഷിപ്പുകള്‍  ഇന്നും ക്ഷേത്രത്തില്‍ കാണാം.

 ഹരിപ്പാട് പടിഞ്ഞാറേ പുല്ലംവഴി ഇല്ലത്തിനാണ് ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല. അണികുന്നത്ത് അമ്പലം  എന്ന പേരിലും ക്ഷേത്രം പ്രസിദ്ധമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ്  ക്ഷേത്ര സങ്കേതം വലിയ കാവും വനവുമായിരുന്നു. പാണ്ഡവരുടെ അജ്ഞാതവാസകാലത്ത് പാശുപതാസ്ത്രം ശ്രീ പരമേശ്വരനില്‍ നിന്നും നേടിയെടുക്കുന്നതിനായി ഘോര തപസ്സനുഷ്ഠിച്ച അര്‍ജുനനെ പരീക്ഷിക്കാന്‍ മഹാദേവനും ശ്രീപാര്‍വതിയും കാട്ടാളനും കാട്ടാളത്തിയുമായി  പ്രത്യക്ഷപ്പെട്ടുവെന്നും പരീക്ഷണങ്ങള്‍ക്കൊടുവില്‍ മഹേശ്വരന്‍ അര്‍ജുനനെ വാരിയെടുത്തെറിഞ്ഞുവെന്നും വിശ്വസിച്ചു പോരുന്നു.  അര്‍ജുനന്‍ അണിവിരല്‍ കുത്തി വീണ സ്ഥലമാണ് അണികുന്നമായത്. നിസ്സഹായനായി നിലംപൊത്തിയ അര്‍ജുനന്‍ അവിടെ കിടന്നുകൊണ്ടുതന്നെ  മണ്ണുകുഴച്ചു ശിവലിംഗമുണ്ടാക്കി പൂജിച്ചുവെന്ന് ഐതിഹ്യം.  

ഒരിക്കല്‍ ചുള്ളിവിറക് ശേഖരിക്കാന്‍ എത്തിയ  കുറവ സ്ത്രീകളായ തിരുവും  മണിയും കത്തിക്കു മൂര്‍ച്ച കൂട്ടാന്‍ കല്ലില്‍ രാകിയപ്പോള്‍ രക്തം പൊടിഞ്ഞത് കണ്ടു പരിഭ്രാന്തരായി നാട്ടുകര പ്രമാണിമാരെ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോള്‍ രക്തം പൊടിച്ചകല്ല് സ്വയംഭൂ ശിവലിംഗമാണെന്നു ബോദ്ധ്യപ്പെട്ടു. തിരുവിനും മണിക്കും ദേവദര്‍ശനം ലഭിച്ച സ്ഥലത്തിനും ക്ഷേത്രത്തിനും  തിരുമണിമംഗലം എന്നപേരില്‍ പ്രശസ്തി ഉണ്ടായെന്നാണ് പഴമക്കാര്‍ പറയുന്നത്.

 മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പടയോട്ട കാലത്തു കായംകുളം രാജാവ് സേനാസന്നാഹം വിപുലപ്പെടുത്തുവാന്‍ കുടശനാട്ടു വന്നു താമസിച്ചതായും അന്ന് ഭക്തജനങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് പ്രകാരമാണ് ശിവക്ഷേത്രം നിര്‍മിച്ചതെന്നും ചരിത്രരേഖകള്‍ പറയുന്നു. യുദ്ധത്തില്‍ കായംകുളം രാജാവ് പരാജയപ്പെട്ടു. പിന്നീട് ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായി. തുടര്‍ന്നാണ് വിഷ്ണുക്ഷേത്രം നിര്‍മിച്ചതെന്നു കരുതുന്നു.

പ്രളയജലത്തില്‍ മുങ്ങിപ്പോയ ഭൂമിയെ വീണ്ടെടുക്കുവാന്‍  ദേവലോകത്തു നിന്നയച്ച പരമേശ്വരന്‍ തിരികെ എത്താതിരുന്നതില്‍ ആശങ്കപെട്ട ദേവന്മാര്‍ മഹാവിഷ്ണുവിനെ ഭൂമിയിലേക്ക് അയച്ചുവെന്നും  രണ്ടു ദേവന്മാരും ഭൂമിയില്‍ കണ്ടുമുട്ടി അണിചേര്‍ന്ന പുണ്യഭൂമിയാണ് അണികുന്നം എന്നും മറ്റൊരു ഐതിഹ്യമുണ്ട്.

ശബരിമല അയ്യപ്പന്റെ ബാല്യം ചെലവഴിച്ച പന്തളം രാജകൊട്ടാരത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് ഇപ്പോള്‍ ക്ഷേത്രമുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.