അവര്‍ക്ക് വേണ്ടത് സഹായമോ അതോ മുടിയോ

Thursday 7 February 2019 3:40 am IST
കീമോതെറാപ്പി കഴിഞ്ഞ് മുടി നഷ്ടപ്പെട്ടവര്‍ക്കുള്ള ഒരു വിഗ്ഗിന് 20,000 മുതല്‍ 30,000 രൂപ വരെയാണ് വില. അതായത് നിങ്ങള്‍ ദാനമായി നല്‍കുന്ന മുടി ഇവരുടെ കൈകളില്‍ എത്താന്‍ അവര്‍ മുടക്കേï തുകയാണിതെന്ന് ഓര്‍ക്കണം. ഏകദേശം 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ നീളമുള്ള മുടി ഉപയോഗിച്ച് മാത്രമേ വിഗ്ഗ് ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു..

പെണ്‍കുട്ടികള്‍ക്ക് നീണ്ടമുടി അഴകാണ്. മലയാളിയുടെ സൗന്ദര്യ സങ്കല്‍പത്തില്‍ മുടിക്ക് പ്രത്യേക സ്ഥാനമുണ്ടുതാനും. ശാലീനതയുടെ ഭാഗമാണത്. നീണ്ടിരുണ്ട് ഇടതൂര്‍ന്ന കാര്‍കൂന്തല്‍ കവികളുടെ സൗന്ദര്യ വര്‍ണനകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ അടുത്ത കാലത്ത് തുടങ്ങിയ ട്രെന്‍ഡാണ് മുടി മുറിക്കലും പിന്നെ സ്‌ട്രെയ്റ്റ് ചെയ്യലും. പിന്നെപ്പിന്നെ 'കേശദാനം' വന്നു. നീളത്തിലുള്ള മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യുന്നു എന്ന പേരില്‍ വാര്‍ത്താമാധ്യമങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ് പുതുതലമുറയിലെ യുവതികളില്‍ പലരും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പെണ്‍കുട്ടികളുടെ മുടി മുറിച്ച് ശേഖരിച്ച് വിഗ് ഉണ്ടാക്കി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നുവെന്നാണ് പ്രചാരണം. സെലിബ്രിറ്റി വനിതകള്‍ കേശദാനം ചെയ്താല്‍ വാര്‍ത്താപ്രാധാന്യം ഏറും. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള പ്രവൃത്തി. ഇവ ക്യാന്‍സര്‍ രോഗികളില്‍ എത്തുന്നുണ്ടോ, ഉണ്ടെങ്കില്‍ അത് സൗജന്യമായാണോ? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അന്വേഷിച്ചിട്ടുണ്ടോ?

നീളം കുറഞ്ഞ മുടിയോടുള്ള ഭ്രമം വര്‍ദ്ധിച്ചതോടെ, അത് മുതലെടുക്കാനായി ചില ഏജന്‍സികള്‍ കച്ചവട താല്‍പ്പര്യത്തോടെ, എത്തിയതാണ് ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം എന്നതില്‍ തട്ടിപ്പ് കടന്നുകൂടിയത്. ക്യാന്‍സര്‍ രോഗകള്‍ക്കായി കേശദാനം എന്ന പേരില്‍ സഹായിക്കാനുള്ള സംരംഭത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ഓരോ ക്യാന്‍സര്‍ രോഗിയും കഷ്ടപ്പെടുന്നത്, മുടി ഇല്ലാഞ്ഞിട്ടല്ലെന്ന് ആര്‍ക്കാണറിയാത്തത്. അവര്‍ക്ക് ആവശ്യം മരുന്നും സന്തോഷവും സമാധാനവും ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയുമാണ്. നൂറില്‍ ഒരുശതമാനം മാത്രമാണ് ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടുവെന്ന് കരുതി സങ്കടപ്പെട്ട് വിഗ് തിരഞ്ഞെടുക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ക്യാന്‍സര്‍ ചികിത്സയില്‍ മുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി വിഗ് ഉണ്ടാക്കി നല്‍കുന്ന സംഘടനകളുണ്ട്. ഇന്ത്യയില്‍ അത്തരത്തിലുള്ള ഒരു സംഘടന ഉള്ളതായി കേട്ടിട്ടില്ല.  

ക്യാന്‍സര്‍ രോഗികളെ സഹായിക്കണമെന്ന് മനസ്സുള്ളവര്‍ ചെയ്യേണ്ടത് ഒരു നേരത്തെ മരുന്ന് വാങ്ങാനുള്ള പണം നല്‍കുകയാണ്. ഇപ്പറയുന്നവരില്‍ എത്രപേര്‍ അത്തരം സഹായം നല്‍കിയിട്ടുണ്ട്? ആയിരത്തില്‍ ഒന്ന് മാത്രമായിരിക്കും. 

കീമോതെറാപ്പി ചെയ്യുന്ന സമയത്ത് മാത്രമാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. ഇതിനുശേഷം മുടി വളരുകയും ചെയ്യും. പുരുഷന്മാര്‍ തൊപ്പിയും സ്ത്രീകള്‍ കറുത്ത തുണിയുമാണ് ഇക്കാലയളവില്‍ ഉപയോഗിക്കാറ്. ഏകദേശം 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ നീളമുള്ള മുടി ഉപയോഗിച്ച് മാത്രമേ വിഗ്ഗ് ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതില്‍ താഴെ നീളമുള്ളവ പ്രച്ഛന്നവേഷത്തിനൊക്കെ വിഗ് ഉണ്ടാക്കുന്നതിനായി മാറ്റുകയാണ് പതിവ്. നീളംകുറഞ്ഞ മുടി ദാനം ചെയ്താല്‍ ഫലത്തില്‍ അത് പാഴായി പോകുകയാണ്.  

ദിനംപ്രതി വില വര്‍ദ്ധിക്കുന്ന മരുന്നുകള്‍ക്ക് പുറമേ, കീമോതെറാപ്പി കഴിഞ്ഞ് മുടി നഷ്ടപ്പെട്ടവര്‍ 20,000 മുതല്‍ 30,000 രൂപ വരെ വില നല്‍കിയാണ് വിഗ്ഗ് വാങ്ങേണ്ടത്. അതായത് നിങ്ങള്‍ ദാനമായി നല്‍കുന്ന മുടി ഇവരുടെ കൈകളില്‍ എത്താന്‍ അവര്‍ മുടക്കേണ്ട തുകയാണിതെന്ന് ഓര്‍ക്കണം. ഒറിജിനല്‍ മുടിയെങ്കില്‍ കൂടുതല്‍ വിലയും  മുടിപോലെ തോന്നുന്ന മറ്റ് പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള വിഗ്ഗെങ്കില്‍ കുറഞ്ഞവിലയുമാണ് കണക്ക്. ലക്ഷങ്ങള്‍ ചികിത്സയ്ക്കായി ചെലവഴിക്കുന്നതിനിടയ്ക്ക്, ഇത്രയും രൂപ വിഗ്ഗ് വാങ്ങി വെറുതെ കളയാന്‍ ആരും തയ്യാറാകില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 4ന് ലോക ക്യാന്‍സര്‍ ദിനത്തില്‍ ഹെയര്‍ ഫോര്‍ ക്യാന്‍സര്‍ പേഷ്യന്റ്‌സ് എന്ന ടൈറ്റലില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ക്കു പരിധിയില്ലായിരുന്നു. ചിലര്‍ ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വാതോരാതെ സംസാരിച്ചു. 

ക്യാന്‍സര്‍ രോഗികളുടെയെണ്ണം ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന നാടാണു നമ്മുടേത്. അതിനൊപ്പം, കേശദാനത്തിലൂടെ മുടി സ്വീകരിക്കുന്ന ഏജന്‍സികളുടെ എണ്ണവും കൂടിവരുന്നു. ഇക്കൂട്ടര്‍ക്കു വന്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് ഓരോ ദാതാവും ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്നവയില്‍ വലിയൊരു ശതമാനവും ഹെയര്‍ സ്‌റ്റൈല്‍ സെറ്റ് ചെയ്ത് ഫാന്‍സി സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നവരുമുണ്ട്. നമ്മള്‍ ദാനം ചെയ്യുന്നത് അര്‍ഹമായ കരങ്ങളില്‍ എത്തുന്നുണ്ടോയെന്ന് ചിന്തിക്കേണ്ട ബാധ്യതകൂടി നമുക്കില്ലേ?  

ദൃശ്യ ഉത്തമന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.