ഇന്ത്യയുടെ ആദ്യ എഞ്ചിന്‍രഹിത ട്രെയിന്‍ മോദി 15 ഫ്‌ളാഗ് ഓഫ് ചെയ്യും

Thursday 7 February 2019 11:15 am IST

ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച എഞ്ചിന്‍രഹിത സെമി-ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി  15ന് ഫ്‌ളാഗ് ഓഫ് ചെയ്യും. റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 'ട്രെയിന്‍-18' മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ഇതുപോലുള്ള ആറെണ്ണം നിര്‍മ്മിക്കുമെന്നാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സ്ലീപ്പര്‍ കോച്ചുകളായിരിക്കും.

ഓട്ടോമാറ്റിക് ഡോറുകളും സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടൊയ്ലെറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടാകും. 

മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍ രീതിയില്‍ രൂപകല്‍പ്പന ചെയ്ത, യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കീയിരിക്കുന്നത്. 2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് 'ട്രെയിന്‍-18' എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും. 

എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തതും. സാധാരണ മെയില്‍ എക്സ്പ്രസ് വണ്ടിക്കളില്‍ എന്‍ജിന്‍ സമീപത്തായിരിക്കും വൈദ്യൂതി വിതരണത്തിനുള്ള സംവിധാനം ക്രമീകരിക്കുക.  ട്രെയിന്‍-18 ല്‍ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ടു കുതിപ്പിക്കാനുള്ള മോട്ടോറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 

16 കോച്ചുകളുള്ള വണ്ടിയില്‍ എട്ട് കോച്ചുകള്‍ ഇത്തരത്തിലുള്ളതാകും. കോച്ചുകളിലെ മറ്റു സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യൂതി ഇവിടെനിന്നു ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.