വായ്പകളുടെ പലിശ കുറയും

Thursday 7 February 2019 12:26 pm IST

മുംബൈ: ആര്‍ബിഐയുടെ പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചു. പലിശ നിരക്ക് 25 പോയിന്റ് (0.25 ശതമാനം) കുറയ്ക്കാനാണ് പ്രധാന തീരുമാനം. ഇത് ബാങ്ക് വായ്പകളുടെ പലിശ കുറയ്ക്കാന്‍ വഴിയൊരുക്കും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയില്‍ കാര്യമായ കുറവ് ഉണ്ടാകും. റിപ്പോ(ആര്‍ബിഐ വിവിധ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പക്കുള്ള പലിശ) 6.5 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം കുറച്ച് 6.25 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ (ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പക്കുള്ള പലിശ)  6.0 ശതമാനമായി തുടരും. ഇതിനു മുന്‍പ് 2017 ആഗസ്തിലാണ് ആര്‍ബിഐ പലിശ നിരക്ക് കുറച്ചത്.  

ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറഞ്ഞതായി വിലയിരുത്തിയ ആര്‍ബിഐ അതു കണക്കിലെടുത്താണ് പുതിയ സാമ്പത്തിക നയം രൂപീകരിച്ചത്. എണ്ണവില നേരിയ തോതില്‍ കൂടിയെങ്കിലും ഏറ്റവും കൂടിയ വിലയില്‍ നിന്ന് വളരെ കുറവാണ്.

 ഇന്ത്യയുടെ മൊത്തം സാമ്പത്തിക വളര്‍ച്ച (ജിഡിപി)2019 2020ല്‍ 7.4 ശതമാനമാകുമെന്നും ആര്‍ബിഐ പ്രവചിക്കുന്നു. ആദ്യ രണ്ടുപാദത്തില്‍ ഇത് 7.2 മുതല്‍ 7.4 ശതമാനം വരെയായിരിക്കും. മൂന്നാം ത്രൈമാസ പാദത്തില്‍ ഇത് 7.5 ശതമാനമാകും. 

ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായ ശേഷമുള്ള ആദ്യ സാമ്പത്തിക നയപ്രഖ്യാപനമായിരുന്നു ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.