വിവിഐപികള്‍ക്ക് ഇനി എയര്‍ ഇന്ത്യ വണ്‍; ഇന്ത്യയും മാറുന്നു

Thursday 7 February 2019 2:53 pm IST

ന്യൂദല്‍ഹി: പാഞ്ഞടുക്കുന്ന മിസൈലുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍, പ്രത്യേക സുരക്ഷാ സ്യൂട്ടുകള്‍, മറ്റ് കരുതലുകള്‍.... അങ്ങനെ  വിവിഐപികള്‍ക്ക് അതിശക്തമായ സുരക്ഷയൊരുക്കുന്ന വിമാനങ്ങള്‍ ഇന്ത്യക്കും സ്വന്തമാകുകയാണ്.

അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ പോലെ ഇന്ത്യക്ക് എയര്‍ ഇന്ത്യ വണ്‍. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചാല്‍ വിമാനം ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വണ്‍ ആകും. രണ്ട് പുതിയ ബോയിങ്ങ് 777 വിമാനങ്ങളാണ് വിവിഐപി യാത്രകള്‍ക്ക് സജ്ജമാക്കുന്നത്. ലോകത്തെ ഏറ്റവും പുതിയ സുരക്ഷാ സംവിധനങ്ങളാകും ഇവയിലുള്ളത്. 

വലിയ വിമാനങ്ങള്‍ക്കുള്ള ഇന്‍ഫ്രാറെഡ് കൗണ്ടര്‍ മെഷേഴ്‌സ് (മിസൈലുകളെ നേരിടാനുള്ള സംവിധാനം) രക്ഷക്കുള്ള പ്രത്യേക സ്യൂട്ടുകള്‍ (എസ്പിഎസ്) എന്നിവയെല്ലാം ഇതിലുണ്ടാകും. പതിമൂവായിരം കോടി രൂപ ചെലവിട്ടാണ് ഈ സുരക്ഷാ ഉപകരണങ്ങള്‍ വിവിഐപി വിമാനത്തില്‍ ഘടിപ്പിക്കുക. ഇതോടെ ഈ വിമാനങ്ങള്‍ പറക്കുന്ന കോട്ടകളാകും.

രണ്ട് ബോയിങ്ങ് 777 വിമാനത്തില്‍ ഘടിപ്പിക്കാനുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചു. 12 ലേസര്‍ ട്രാന്‍സ്മിറ്ററുകളും ഇവയിലുണ്ടാകും.  സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്ക ഈ ഉപകരണങ്ങള്‍ ഇന്ത്യക്ക് വില്‍ക്കുന്നത്.കഴിഞ്ഞ ജനുവരിയിലാണ് എയര്‍ ഇന്ത്യ രണ്ട് ബോയിങ്ങുകള്‍ വാങ്ങിയത്.

ഇവ അമേരിക്കയിലെ ഡാലസിലേക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിക്കാന്‍ അയച്ചിരിക്കുകയാണ്. ഇവ മടങ്ങിയെത്തുന്നതോടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന 26 വര്‍ഷം പഴക്കമുള്ള ജംബോ ജെറ്റുകള്‍ മാറ്റും. ഈ വര്‍ഷം ഒടുവില്‍ പുതിയ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.