ശബരിമല: ദേവസ്വം നിലപാട് ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും

Friday 8 February 2019 1:07 am IST

കൊല്ലം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ച തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നടപടി ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.

 ഭക്തരുടെ വിശ്വാസാചാരങ്ങളെ അവഹേളിക്കുന്ന നിലപാട് സുപ്രീംകോടതിയില്‍ അവതരിപ്പിക്കാന്‍ അഭിഭാഷകനെ നിയോഗിച്ചത് ക്ഷേത്രങ്ങളില്‍ ഭക്തര്‍ അര്‍പ്പിക്കുന്ന കാണിക്കപ്പണം ഉപയോഗിച്ചാണെന്ന സങ്കടമാണ് ഭക്തര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ഭക്തര്‍ നല്‍കുന്ന കാണിക്കപ്പണം തന്നെ ഭക്തര്‍ക്കെതിരെ  ഉപയോഗിക്കുന്നത് ഇനിയും തുടരണമോ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു. 

ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയും വഴിപാട് കഴിക്കുന്നതും ഒഴിവാക്കണമെന്ന പ്രചാരണം വീണ്ടും ശക്തമായിട്ടുണ്ട്. ഇത് ഭക്തസമൂഹം ഏറ്റെടുത്താല്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തികനില പരുങ്ങലിലാകും. മുന്‍കാലങ്ങളിലെല്ലാം മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് ശബരിമലയില്‍ മാത്രമല്ല നാടൊട്ടുക്കുള്ള എല്ലാ ക്ഷേത്രങ്ങളിലും വരുമാന വര്‍ധനവ് ഉണ്ടാകുമായിരുന്നു. എന്നാല്‍ യുവതീപ്രവേശനവിഷയത്തോടെ ഇക്കുറി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെല്ലാം കാണിക്കയിനത്തില്‍ വരുമാനം കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. മഹാക്ഷേത്രങ്ങളില്‍ മാത്രമല്ല നാട്ടുമ്പുറങ്ങളിലെ അമ്പലങ്ങളില്‍ പോലും സ്വാമിശരണം എന്ന് എഴുതിയ കടലാസുതുണ്ടുകളാണ് കാണിക്കവഞ്ചികളില്‍ ഉണ്ടായിരുന്നത്. ശബരിമലയില്‍ മാത്രം തൊണ്ണൂറുകോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. 

 ഭക്തര്‍ക്കൊപ്പം എന്ന് പറഞ്ഞിരുന്ന ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച് നിലപാട് എടുത്തതോടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്നും  പണം മുടക്കി വഴിപാടുകള്‍ കഴിക്കരുതെന്നുമുള്ള തീരുമാനം ഭക്തര്‍ വീണ്ടും കൈക്കൊള്ളുന്നതായാണ് സൂചന. കൂടുതല്‍ ഭക്തര്‍ ഈ തീരുമാനത്തിലെത്തിയാല്‍ കാണിക്കവരുമാനം കുറയും. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങും. ക്ഷേത്രത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നിത്യനിദാനച്ചിലവിനുപോലും പണം കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.