ന്യുദല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി. ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 139എഎ സ്ഥീരികരിച്ചാണിതെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുള്‍ നാസര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ആധാര്‍ പാനുമായി ബന്ധിപ്പിക്കാതെ രണ്ട് പേര്‍ക്ക് 2018-19ലെ ആദായ നികുതി ഫയല്‍ ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് കേന്ദ്രം നല്കിയ ഹര്‍ജിയിലാണ് വിധി.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് ഹൈക്കോടതി അങ്ങനെ ഒരു വിധി പുറപ്പെടുവിച്ചതെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞതിനാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ പാനുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു.
എന്നാല്‍ പരാതിക്കാരായ ശ്രേയ സെന്‍, ജയശ്രീ സത്പുതേ എന്നിവരുടെ റിട്ടേണുകള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരമേ റിട്ടേണ്‍ ഫയല്‍ ചെയ്യാവു എന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 26ന് ആധാര്‍ പദ്ധതിക്ക് ഭരണഘടനാ പരമായ സാധുതയുണ്ടെന്ന് വിധിച്ച സുപ്രീംകോടതി, ബാങ്ക് അക്കൗണ്ട്, ടെലിഫോണ്‍ സേവനങ്ങള്‍, സ്കൂള്‍ പ്രവേശനം എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നും എന്നാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നും വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: