വാര്‍ത്തകളെ സര്‍ക്കാര്‍ നിയന്ത്രിക്കുമ്പോള്‍

Friday 8 February 2019 1:40 am IST
കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഞെക്കിക്കൊല്ലുന്ന ഫാസിസം നടപ്പിലാക്കുന്നെന്നും എല്ലാം പറഞ്ഞ് തെരുവിലിറങ്ങിയേനെ. സാംസ്‌കാരികനായകര്‍ വിലാപഗീതങ്ങളുമായി തെരുവിലിറങ്ങുമായിരുന്നു.

മാധ്യമങ്ങളെ നിയന്ത്രിച്ചും വായമൂടിക്കെട്ടിയും ഒരു സര്‍ക്കാരിന് എത്രനാള്‍ മുന്നോട്ടുപോകാനാകും? ജനങ്ങള്‍ അറിയേണ്ടത് എന്താണെന്ന് തങ്ങള്‍ നിശ്ചയിക്കുമ്പോള്‍ മാത്രം മാധ്യമങ്ങള്‍ അത് ജനങ്ങളെ അറിയിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതല്ലെ യഥാര്‍ത്ഥ ഫാസിസം. നിര്‍ഭാഗ്യവശാല്‍ കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ അങ്ങനെ തീരുമാനിച്ചിരിക്കുന്നു. പക്ഷേ, ഈ ഫാസിസം കണ്ടില്ലെന്ന് നടിക്കുകയാണ് എന്തിനും ഏതിനും പ്രതികരിക്കുന്ന പ്രതികരണ തൊഴിലാളികളും സാംസ്‌കാരിക നായകരും നവോത്ഥാന പ്രേമികളും. എങ്ങനെ പ്രതികരിക്കാനാകും?. നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടതുപക്ഷ സര്‍ക്കാരാണ്.

ഞങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താണ് എന്ന നിലപാടാണ് മാധ്യമപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷത്തിനും. അതുകൊണ്ടുതന്നെ അവരാരും സമരത്തിനില്ല. ഈ നിയന്ത്രണങ്ങള്‍ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരോ, അതുമല്ലെങ്കില്‍ കേരളം ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയോ ആയിരുന്നെങ്കില്‍ ഉറഞ്ഞുതുള്ളാന്‍ ധാരാളം പേര്‍ ഉണ്ടാകുമായിരുന്നു. കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഞെക്കിക്കൊല്ലുന്ന ഫാസിസം നടപ്പിലാക്കുന്നെന്നും എല്ലാം പറഞ്ഞ് തെരുവിലിറങ്ങിയേനെ. സാംസ്‌കാരികനായകര്‍ വിലാപഗീതങ്ങളുമായി തെരുവിലിറങ്ങുമായിരുന്നു. ഇപ്പോള്‍ ആര്‍ക്കും പ്രതിഷേധിക്കേണ്ട. കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി സമരംചെയ്യാനുമാളില്ല. കാരണം, നിയന്ത്രണം കൊണ്ടുവന്നത് പിണറായി വിജയനാണ്. അപ്പോള്‍ പിന്നെ, സംഘടനാബോധവും അവകാശങ്ങളുമെല്ലാം മറന്ന് കയ്യുംകെട്ടി ഇരിക്കുക തന്നെ. ഇതല്ലെ യഥാര്‍ത്ഥ ഷണ്ഡത്വം. 

മാധ്യമങ്ങളെ നിയന്ത്രിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു. മാധ്യമങ്ങളെ നിയന്ത്രിച്ച് തങ്ങളുടെ വരുതിയിലാക്കാനും സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാനുമുള്ള ബോധപൂര്‍വ്വശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സെക്രട്ടേറിയറ്റിനകത്തും പുറത്തും മറ്റ് പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റു പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. തന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് കടക്കൂപുറത്തെന്നും മാറിനില്‍ക്കെന്നുമൊക്കെ മുഖ്യമന്ത്രി പറഞ്ഞതിന്റെ തുടര്‍ച്ചയായിരുന്നു വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍.

ഇതുപ്രകാരം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതികരണം നിര്‍ബന്ധപൂര്‍വം എടുക്കുന്നതില്‍ നിന്നാണ് മാധ്യമങ്ങളെ പ്രധാനമായി വിലക്കിയത്. വിശിഷ്ടവ്യക്തികള്‍ മാധ്യമങ്ങളുമായി സംവദിക്കണോയെന്ന കാര്യത്തിലും ചില വിലക്കുകള്‍ കൊണ്ടുവന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാത്രമേ മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭ്യമാകൂ. അത് തന്നെയും പബ്ലിക് റിലേഷന്‍സ് വകുപ്പൊരുക്കുന്ന സ്ഥലങ്ങളില്‍ മാത്രം. മാധ്യമങ്ങള്‍ ആരുടെ പ്രതികരണം എപ്പോള്‍ തേടണം, എടുക്കണം എന്നൊക്കെ സര്‍ക്കാര്‍ സംവിധാനമായ പിആര്‍ഡി തീരുമാനിക്കും എന്ന് നിര്‍ദ്ദേശിക്കുന്ന തരത്തില്‍ അങ്ങേയറ്റം ഫാസിസ്റ്റ് മനോഭാവത്തോടെയുള്ള നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. പത്രസമ്മേളനം, പത്രക്കുറിപ്പ്, മാധ്യമ ഏകോപനം, മാധ്യമങ്ങളെ ക്ഷണിക്കല്‍, മാധ്യമപ്രവേശനം, ഫോട്ടോ/വീഡിയോ സെഷനുകള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. സര്‍ക്കാര്‍ വകുപ്പുകളും മന്ത്രിമാരും പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന മാത്രമേ മാധ്യമങ്ങളോട് സംവദിക്കാനാകൂ എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ സ്ഥിരം മാധ്യമകേന്ദ്രങ്ങള്‍ തുടങ്ങണമെന്നതായിരുന്നു മറ്റൊരു നിര്‍ദ്ദേശം. അവിടങ്ങളില്‍ വച്ച് മാത്രമേ പ്രതികരണം തേടാനാകൂ. വിമാനം ഇറങ്ങിവരുന്ന മന്ത്രിയോട് പ്രതികരണമാരായണമെങ്കില്‍ ഈ കേന്ദ്രത്തില്‍ വച്ചുമാത്രമേ പറ്റൂ. പ്രതികരണം കൊടുക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ മന്ത്രിക്ക് ഇവിടേക്ക് വരാതിരിക്കാം.

മന്ത്രിസഭാസമ്മേളനം, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്നിവയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ കയറ്റുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാകും ഇവിടെ പ്രവേശനം. തലസ്ഥാനത്ത് ആകെയുള്ള പത്രപ്രവര്‍ത്തകരില്‍ ചെറിയ ശതമാനത്തിനുമാത്രമാണ് അക്രഡിറ്റേഷനുള്ളത്. 

പുതിയ സര്‍ക്കുലറിലും ഇക്കാര്യങ്ങളെല്ലാം ആവര്‍ത്തിക്കുന്നു എന്നുമാത്രമല്ല, നിര്‍ബന്ധമായും അതെല്ലാം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നും വ്യക്തമാക്കുന്നുണ്ട്. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനെ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമാക്കി മാറ്റുകയാണിവിടെ. സര്‍ക്കാരിന്റെ വാര്‍ത്തകള്‍ സമൂഹത്തിലെത്തിക്കാനുള്ള സംവിധാനമാണ് പിആര്‍ഡി. അതിനു പിആര്‍ഡി ആശ്രയിക്കുന്നത് മാധ്യമങ്ങളെയാണ്. ഇവിടെ പിആര്‍ഡിയെ ആശ്രയിച്ചുമാത്രമേ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്കുമേല്‍ ഇത്തരം നിയന്ത്രണം കൊണ്ടുവരികയും മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാര്‍ വകുപ്പിനെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാരിന് പൊതുസമൂഹത്തില്‍ നിന്ന് എന്തെല്ലാമോ ഒളിക്കാനുണ്ടെന്നാണ് വ്യക്തമാകുന്നത്. ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ എല്ലാം സുതാര്യമായി വേണം ചെയ്യാന്‍ എന്നാണ് വയ്പ്പ്. അപ്പോ പിന്നെ മറയും ഒളിവും എന്തിനാണ്. പഴയതും പുതിയതുമായ സര്‍ക്കുലര്‍ ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. 

മാധ്യമങ്ങളെ അകറ്റിനിര്‍ത്താന്‍ ഒരു ഭരണാധികാരിക്കും അവകാശമില്ല. ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ എന്തിനു ഭയപ്പെടണം?. പിണറായി സര്‍ക്കാരിന്റെത് പത്രമാരണ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാധ്യമങ്ങളോടു പ്രതികരിക്കുന്നതില്‍ ഭയമെന്തിനാണ്. ജനകീയ സര്‍ക്കാരാണെന്ന് നാഴികയ്ക്ക് നാല്പതുവട്ടും വീമ്പുപറയുന്നവര്‍ ജനങ്ങളെ ഭയപ്പെടുന്നതിനു തുല്യമല്ലേ ഇത്. ഒരു മാധ്യമപ്രവര്‍ത്തകന് മന്ത്രിയുടെ അടുത്തെത്താന്‍ വലിയ കടമ്പകള്‍ കടക്കേണ്ടിവരുന്നു എന്നത് ജനാധിപത്യസംവിധാനത്തില്‍ ഭൂഷണമല്ല. അത്തരം വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്ന സമൂഹം ഏകാധിപത്യവാഴ്ചയാണ് പിന്തുടരുന്നത്. 

കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതികരണതൊഴിലാളികളും ഇതൊന്നും കണ്ടില്ലെന്ന് ഭാവിച്ച് മിണ്ടാതിരിക്കുന്നതില്‍ അദ്ഭുതമില്ല. അവരുടെ അന്നത്തിന്റെ പ്രശ്‌നമാണത്. കിട്ടാനിരിക്കുന്ന സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടുത്താനാകില്ലെന്ന ഓര്‍മ്മയുള്ളതിനാലാണ്. എന്നാല്‍, മാധ്യമ സമൂഹം ഉറക്കെ മുദ്രാവാക്യം വിളിച്ചില്ലെങ്കിലും വായമൂടിക്കെട്ടിയെങ്കിലും തെരുവിലിറങ്ങേണ്ടിയിരുന്നില്ലേ. പത്രപ്രവര്‍ത്തകരുടെ സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുള്ള അവകാശം കൂടിയല്ലേ ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നത്?. ഉണരൂ തൊഴിലാളി വര്‍ഗ്ഗമേ, ഉണരൂ! ഭയം വിട്ടുണരൂ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.