നാല്‍പ്പതാണ്ടുകളുടെ കരുത്തുമായി ദേശീയ അധ്യാപക പരിഷത്ത്

Friday 8 February 2019 1:34 am IST
ലോകോത്തരമായ ദര്‍ശനങ്ങളുടെ ആവിഷ്‌ക്കാരമായ ശ്രേഷ്ഠസംസ്‌കൃതിയില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം അവയിലൂന്നിയുള്ള കര്‍മ്മപദ്ധതിയുടെ നിര്‍വഹണവും അധ്യാപക പരിഷത്തിന്റെ മുഖമുദ്രയാണ്. 'അധ്യാപനം രാഷ്ട്രസേവനം, വിദ്യാഭ്യാസം രാഷ്ട്രപുരോഗതിക്ക്' എന്ന പരിഷത്തിന്റെ മുദ്രാവാക്യം സാക്ഷാത്ക്കാരം നേടുന്നത് ഈ സവിശേഷതയുടെ കരുത്തുകൊണ്ടാണ്.

നാലു പതിറ്റാണ്ടുനീണ്ട പ്രവര്‍ത്തനത്തിലെ കുതിപ്പിന്റെ പുത്തന്‍ നാഴികക്കല്ലാകും ദേശീയ അധ്യാപക പരിഷത്തിന്റെ നാളെ സമാപിക്കുന്ന ത്രിദിന കൊല്ലം സംസ്ഥാന സമ്മേളനം. സംഘടനാ ശാക്തീകരണത്തിന്റെയും സാമൂഹ്യ അംഗീകാരത്തിന്റെയും നൂതന അധ്യായം രചിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശിംഗനാട്. വൈദേശിക മുഠാളത്തത്തിനെതിരെ പോരാട്ടഗാഥകള്‍ രചിക്കപ്പെട്ട കൊല്ലത്തിന്റെ വിരിമാറില്‍ നവഭാരത സൃഷ്ടിയെന്ന സ്വപ്നം നെഞ്ചേറ്റിയ ഒരു പ്രസ്ഥാനത്തിന്റെ കാവലാളുകള്‍ മൂന്നുദിനരാത്രങ്ങള്‍ ഒത്തുചേരുകയാണ്. 

സമഗ്രമായ സമാജബോധം തലമുറകളിലേക്ക് പകര്‍ന്നു നല്‍കി, സര്‍ഗധനരായ പൗരന്മാരെ വാര്‍ത്തെടുക്കുമ്പോഴാണ് വിദ്യാഭ്യാസസങ്കല്‍പം സാക്ഷാത്കൃതമാകുന്നത്. ഗുരുസ്ഥാനീയരായി വിരാജിച്ച് വിശ്വത്തിന് വെളിച്ചമേകിയ അസംഖ്യം മഹത്തുക്കള്‍ ഭാരതത്തില്‍ ഇത് സാധ്യമാക്കിയിട്ടുണ്ട്. അത്തരം ഗുരുവര്യന്മാരാല്‍ വിരചിതമാണ് വിശ്വോത്തരമായ ഭാരതീയ സംസ്‌കൃതി. നന്മയാല്‍ സമ്പുഷ്ടമായ ലോകവീക്ഷണവും ശാസ്ത്രശുദ്ധവും വിജയശാലിയുമായ ജീവിത വ്യവഹാരങ്ങളും ഈ സംസ്‌കൃതിയുടെ സവിശേഷതയാണ്. അത് സൃഷ്ടിച്ചെടുത്തവര്‍ തെളിയിച്ച പന്ഥാവിലൂടെ ദൃഢനിശ്ചയത്തോടെ പദാനുപദം മുന്നേറി രാഷ്ട്രനവനിര്‍മാണം സാധ്യമാക്കുക എന്നതാണ് അധ്യാപക പരിഷത്തിന്റെ ജന്മദൗത്യം. പരിമിതികളും പ്രതിസന്ധികളും ഏറെയുണ്ടായിരുന്നെങ്കിലും നാലു ദശകങ്ങള്‍ വിജയകരമായി ആ ദൗത്യം നിര്‍വഹിച്ചുവരുന്നു. 

വര്‍ത്തമാനകാലത്തും വെല്ലുവിളികള്‍ നിസ്സാരമല്ല. ഭാരതീയ ദര്‍ശനങ്ങളില്‍ വേരുറപ്പിച്ച് വളര്‍ത്തിയെടുത്ത നവോത്ഥാന കല്പതരുവിന്റെ കടയ്ക്കല്‍ കോടാലി പതിയുന്നു. ഇതരശബ്ദങ്ങളില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന മാര്‍ക്സിയന്‍-മൗദൂദിയന്‍ ഫാസിസ്റ്റ് നിഷേധാത്മക കൂട്ടായ്മ നാട്ടിലുയര്‍ത്തുന്ന ഹുങ്കാരശബ്ദം ജനതയുടെ സ്വസ്ഥത കെടുത്തുന്നു. മഹത്തായ പൈതൃകത്തിന്റെ ഈടുവെയ്പുകള്‍ മാന്തിത്തുരന്ന് തകര്‍ത്തെറിയുന്ന കാഴ്ചയാണെങ്ങും. മൂല്യ നിരാസത്തിന്റെ അപകടക്കെണിയില്‍ പെട്ടുപോകുന്ന ബാല്യ, കൗമാരങ്ങളാണ് ഇന്ന് ഈ നാടിന്റെ മുഖമുദ്ര. കുലീനമായ ഭാവഹാവാദികളില്‍ അഭിമാനമുള്ളവരായി ശിരസ്സുയര്‍ത്തി നില്‍ക്കേണ്ടുന്ന യുവത ആഭാസങ്ങളുടെയും അരോചകമായ കെട്ടുകാഴ്ചകളുടെയും വേഷപ്പകര്‍ച്ചയില്‍ അഭിരമിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുകയാണ്. യാദൃശ്ചികമായി സംഭവിക്കുന്നതല്ല ഇതൊന്നും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അളന്നുമുറിച്ച ആസൂത്രണവും ലക്ഷ്യനിര്‍ണയവും ഇതിന്റെ പിന്നിലുണ്ട്. നല്ല നാടിനെ സൃഷ്ടിച്ചെടുക്കാനുള്ള സ്വാഭാവിക കര്‍ത്തവ്യം നെഞ്ചേറ്റിയ അധ്യാപകവൃന്ദമാണ് ഉള്‍ക്കിടിലമുണ്ടാക്കുന്ന ഈ അവസ്ഥയോട് സംവദിക്കേണ്ടത്. ദേശീയ അധ്യാപക പരിഷത്തില്‍ അണിചേര്‍ന്നിട്ടുള്ള കര്‍മയോഗികള്‍ അതിന് സദാ സന്നദ്ധരാണ്. 

എന്നാല്‍, സ്വത്വബോധത്തോടെ കര്‍മ്മമണ്ഡലത്തില്‍ വ്യാപൃതരാകേണ്ടവര്‍ അടിമപ്പണിക്ക് നിയോഗിക്കപ്പെട്ടവരാണെന്ന ധാര്‍ഷ്ട്യമാണ് ഭരണകൂട മേലാളന്മാരെ നയിക്കുന്നത്. ഇവരുടെ അമിതാധികാര പ്രവൃത്തികള്‍ അധ്യാപക സമൂഹത്തിന്റെ ആത്മാഭിമാനവും ആത്മവിശ്വാസവും കെടുത്തുന്ന തരത്തിലാണ് മുന്നേറുന്നത്. പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ അധ്യാപകരോടും ജീവനക്കാരോടും പിടിച്ചുപറി സമീപനം കൈക്കൊണ്ട ഇടത് സര്‍ക്കാര്‍സമീപനം അതിനുദാഹരണമാണ്. ഇടതുമുന്നണിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ള വനിതാമതില്‍ നിര്‍മ്മാണത്തിന് വിദ്യാഭ്യാസ വകുപ്പിനെ ദുരുപയോഗം ചെയ്തത് സംസ്ഥാനസര്‍ക്കാര്‍ പുലര്‍ത്തുന്ന അല്‍പത്തത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിലും ധനകാര്യ മന്ത്രിയുടെ പ്രത്യേകിച്ചുമുള്ള കഴിവുകേടിന്റെയും പരാജയത്തിന്റെയും മകുടോദാഹരണമാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. ആധുനിക സമൂഹത്തിനിണങ്ങുന്ന തരത്തില്‍ വിദ്യാഭ്യാസ മേഖലയെ പുനഃരുദ്ധരിക്കാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്ന് എന്‍ടിയു വിലയിരുത്തുന്നു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

പൊതുവിദ്യാഭ്യാസരംഗത്ത് ഉണര്‍വുണ്ടായതായി അവകാശപ്പെടുന്ന മന്ത്രി അതിന് പശ്ചാത്തലമൊരുക്കിയത് എസ്എസ്എ, ആര്‍എംഎസ്എ തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളാണെന്ന് മനഃപൂര്‍വം മറച്ചുവെയ്ക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ ശുചിത്വമുള്‍പ്പടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അധ്യാപക ശാക്തീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ച ഫണ്ട് കേന്ദ്രത്തില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. അതുപയോഗിച്ച് സാധ്യമാക്കിയ പുരോഗതി തങ്ങളുടേതാക്കി അവതരിപ്പിക്കുന്നത് ലജ്ജാകരമാണ്. മാത്രവുമല്ല, കേന്ദ്രഫണ്ട് ശരിയാംവണ്ണം വിനിയോഗിക്കാത്തതിന്റെ പേരില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയായ എന്‍എസ്‌ക്യുഎഫ് പരാജയപ്പെട്ടതായി മന്ത്രിക്ക് സമ്മതിക്കേണ്ടിയും വന്നു. നിയമനം നേടിയിട്ടും വേതനം ലഭിക്കാതെ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് അധ്യാപകര്‍ വിവിധ തലങ്ങളില്‍ കേരളത്തിലുണ്ട്. അവരുടെനേരെ ഒരല്‍പംപോലും പരിഗണന ഈ സര്‍ക്കാരിനില്ല. നേരത്തെ തുടങ്ങേണ്ടിയിരുന്ന ശമ്പള പരിഷ്‌ക്കരണ നടപടികളെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് അധ്യാപകരിലും ജീവനക്കാരിലും ആശങ്കയുണര്‍ത്തുന്നുണ്ട്. രൂക്ഷമായ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുന്നതാണ് സംസ്ഥാന ബജറ്റ്.

അതേസമയം രാജ്യം ഭരിക്കുന്ന മോദിസര്‍ക്കാര്‍ അവതരിപ്പിച്ച യൂണിയന്‍ ബജറ്റ് സര്‍വരാലും പ്രശംസിക്കപ്പെടുന്നു. എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന സമഗ്രമായ വികസനരേഖയാണത്. നവഭാരത സൃഷ്ടിക്കുതകുന്ന നല്ല നാളെയുടെ വിളംബരം അതില്‍ കാണാം. ആദായ നികുതിയില്‍ പ്രഖ്യാപിച്ച വമ്പന്‍ ഇളവ് അധ്യാപകരിലും ജീവനക്കാരിലും ഉണര്‍ത്തിവിട്ട ആത്മവിശ്വാസം ചില്ലറയല്ല.

ദേശീയ അധ്യാപക പരിഷത്ത് കര്‍മ്മകാണ്ഡത്തിന്റെ നാലുദശകങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് മലയാളക്കരയിലെ അധ്യാപക പ്രസ്ഥാനങ്ങളില്‍ വേറിട്ട പന്ഥാവിലൂടെ പ്രയാണം നടത്തിയാണ്. അവകാശപ്പോരാട്ടങ്ങളെപ്പോലെ മഹത്വമാര്‍ന്നതാണ് സമൂഹരചന നടത്തേണ്ടവരെന്ന നിലയില്‍ തങ്ങളില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളുടെ നിര്‍വഹണവുമെന്ന തിരിച്ചറിവാണ് അധ്യാപക പരിഷത്തിന്റെ രൂപീകരണത്തിന് പശ്ചാത്തലമൊരുക്കിയത്. അതുതന്നെയാണ് പരിഷത്തിനെ വേറിട്ടതാക്കുന്നതും. ലോകോത്തരമായ ദര്‍ശനങ്ങളുടെ ആവിഷ്‌ക്കാരമായ ശ്രേഷ്ഠസംസ്‌കൃതിയില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം അവയിലൂന്നിയുള്ള കര്‍മ്മപദ്ധതിയുടെ നിര്‍വഹണവും അധ്യാപക പരിഷത്തിന്റെ മുഖമുദ്രയാണ്. 'അധ്യാപനം രാഷ്ട്രസേവനം, വിദ്യാഭ്യാസം രാഷ്ട്രപുരോഗതിക്ക്' എന്ന പരിഷത്തിന്റെ മുദ്രാവാക്യം സാക്ഷാത്ക്കാരം നേടുന്നത് ഈ സവിശേഷതയുടെ കരുത്തുകൊണ്ടാണ്.

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ എബിആര്‍എസ്എമ്മിന്റെ ഘടക സംഘടനയാണ് ദേശീയ അധ്യാപക പരിഷത്ത്. സമൂഹത്തെ സമഗ്രപുരോഗതിയിലേക്കു നയിക്കാനുതകുന്ന വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിന് ഏറെ പ്രാധാന്യം കല്‍പിക്കുന്നതാണ് ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ സൃഷ്ടിപരമായ എല്ലാ നയങ്ങളോടും കൈകോര്‍ത്താണ് എബിആര്‍എസ്എം പ്രവര്‍ത്തിക്കുന്നത്. സ്വാഭാവികമായും കേരളത്തില്‍ അതിന്റെ പ്രതിഫലനം അധ്യാപക പരിഷത്തിലൂടെയാണ്. വിദ്യാഭ്യാസ മേഖലയില്‍ രൂപപ്പെടുന്ന  സാമൂഹ്യവിരുദ്ധവും രാഷ്ട്ര വിരുദ്ധവുമായ ആശയങ്ങളോടും പ്രവണതകളോടും സന്ധിയില്ലാത്ത പോരാട്ടം നടത്തുകയും ആവശ്യമായ തിരുത്തലുകള്‍ക്ക് സമ്മര്‍ദ്ദമൊരുക്കുകയും ചെയ്ത ചരിത്രം അധ്യാപക പരിഷത്തിനുണ്ട്. അധ്യാപക സമൂഹത്തെ കറവപ്പശുവാക്കി ചൂഷണം ചെയ്യാനുള്ള ഭരണകൂട കുതന്ത്രങ്ങളെ ചെറുത്തു തോല്‍പ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഭരണ-പ്രതിപക്ഷ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആദര്‍ശത്തിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാന്‍ അധ്യാപക പരിഷത്ത് ഒരിക്കലും സന്നദ്ധമായിട്ടില്ല. പ്രതിബദ്ധത കര്‍മ്മമണ്ഡലത്തോടും പൊതുസമൂഹത്തോടും മാത്രമാണെന്ന് ഇതിനകം തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അംഗീകാരവും സ്വീകാര്യതയും ഏറിവരുന്നു. ഇനിയും കൂടുതല്‍ കരുത്താര്‍ജ്ജിക്കണം. 

ഈയൊരു പശ്ചാത്തലത്തിലാണ് സംഘടനയുടെ നാല്‍പതാം സംസ്ഥാന വാര്‍ഷിക സമ്മേളനം നടക്കുന്നത്. അധ്യാപക സമൂഹവും നാട് പൊതുവേയും അഭിമുഖീകരിക്കുന്ന അപകടങ്ങള്‍ നിസ്സാരമല്ല. പരിഹാരമെന്തെന്ന വലിയ ചോദ്യം ഉയരുന്നുണ്ട്. ഉത്തരം കണ്ടെത്തണം, പ്രതിവിധികള്‍ മെനയണം. അതിനുള്ള വേദിയാകും സംസ്ഥാന സമ്മേളനം. നെഞ്ചേറ്റിയ പ്രത്യയശാസ്ത്രത്തോടും പരിരക്ഷിക്കുന്ന സമൂഹത്തോടുമുള്ള പ്രവര്‍ത്തകരുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയാണത്.

എന്‍ടിയു സംസ്ഥാന പ്രസിഡന്റാണ്

ലേഖകന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.