കൊടും ചതിയുടെ സര്‍ക്കാര്‍ മോഡല്‍

Friday 8 February 2019 1:32 am IST

ഒരിക്കല്‍ ചതിച്ചവരെ പിന്നീട് ഒരിക്കലും വിശ്വസിക്കരുതെന്നാണ് പറയാറുള്ളത്. പക്ഷേ, മലയാളികള്‍, പ്രത്യേകിച്ച് ഹിന്ദുക്കള്‍, അത്തരക്കാരെ വിശ്വസിച്ചു. ഒരിക്കലല്ല, പലതവണ. അതിന്റെ ഫലം സമൂഹം അനുഭവിച്ചുവരികയാണ്. സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തുടരെത്തുടരെ ഈ സമൂഹത്തോട് ചെയ്തുപോന്ന ചതിയുടെയും വഞ്ചനയുടെയും ഏറ്റവും വലിയ രൂപമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കണ്ടത്. ശബരിമലയിലെ യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധന ഹര്‍ജികളെല്ലാം തള്ളണമെന്ന് ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ ആവശ്യപ്പെടുന്നത് ഏത് ഭക്തനുവേണ്ടിയാണ്? 

ഭക്തരെയും വിശ്വാസികളെയും തെരുവിലും സന്നിധാനത്തുമൊക്കെ നിരന്തരം പീഡിപ്പിക്കുമ്പോഴും ഈ ഇടതുസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. അത്, സുപ്രീംകോടതി ഉത്തരവിന്റെ പേരിലാണ് ഞങ്ങള്‍ ഇതിനൊക്കെ നിര്‍ബന്ധിതരാകുന്നത് എന്നായിരുന്നു. ശബരിമലയിലെ യുവതീപ്രവേശന വിധിയുടെ പേരില്‍ യുവതികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് വിശദീകരിച്ചു. ചോദിച്ചുവാങ്ങിയ വിധിയുടെ പേരിലാണിതെല്ലാമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലായെങ്കിലും, സാങ്കേതികവശം അംഗീകരിക്കപ്പെട്ടു. വിധി പുനഃപരിശോധിക്കുമ്പോള്‍, അനുകൂലമല്ലെങ്കിലും, അപകടകരമല്ലാത്തൊരു സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുകയും ചെയ്തു. അവിടെയാണ് സര്‍ക്കാര്‍ വിശ്വാസിസമൂഹത്തെ പിന്നില്‍നിന്നു കുത്തിയത്. പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാട്, ഭക്തജനപീഡനത്തിന് തങ്ങള്‍ക്ക് കിട്ടിയ താത്ക്കാലിക ലൈസന്‍സ് സ്ഥിരപ്പെടുത്തി തരണമെന്ന അഭ്യര്‍ത്ഥനയല്ലേ? ഇനിയും എന്തൊക്കെയോ ഈ സര്‍ക്കാര്‍ നമുക്കെതിരെ കരുതിവച്ചിരിക്കുന്നു. 

സര്‍ക്കാര്‍ നിലപാടിന് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ദേവസ്വംബോര്‍ഡും അക്ഷരംപ്രതി അതുതന്നെ ആവര്‍ത്തിച്ചു. ഭക്തരുടെ വികാരം മനസ്സിലാക്കാന്‍ കഴിയാത്ത ഇത്തരമൊരു ദേവസ്വംബോര്‍ഡ് നമുക്കിനി വേണോയെന്ന് സമൂഹം ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല. വിശ്വസിച്ച് ഏല്‍പ്പിച്ചതിനെ സംരക്ഷിക്കാനാവാത്ത കാവല്‍ക്കാരനെക്കൊണ്ട് എന്ത് പ്രയോജനം? 

ഭരണാധികാരിയും രാഷ്ട്രീയക്കാരനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചൊന്നും ഈ മുഖ്യമന്ത്രിയോടോ മന്ത്രിമാരോടോ പറഞ്ഞിട്ട് കാര്യമില്ല. പൊതുജനം തങ്ങള്‍ക്കു ധാര്‍ഷ്ട്യം കാണിക്കാനുള്ള ഉപകരണങ്ങളാണെന്നു ധരിച്ചവര്‍ക്കിനി എന്ത് ധാര്‍മികത? ആ ധാര്‍ഷ്ട്യം കോടതിയിലെത്തിച്ച സത്യവാങ്മൂലത്തിലും പ്രകടമായിരുന്നു. ജഡ്ജിമാര്‍ അത് തിരിച്ചറിയാനുള്ള ചിന്താനിലവാരമുള്ളവരാകും എന്നതാണ് വിശ്വാസികള്‍ക്കുള്ള ആശ്വാസം. ഈ സര്‍ക്കാരില്‍നിന്ന് ഇനി ഹിന്ദുവിന് ഒന്നും പ്രതീക്ഷിക്കാനില്ല.

ആരും രക്ഷിക്കാനില്ലാത്തവര്‍ക്ക് ഈശ്വരന്‍ തുണയുണ്ടാവുമെന്നാണല്ലോ. അത് കോടതിയാവാം. അല്ലെങ്കില്‍ സ്വാമി അയ്യപ്പനാവാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.