ഏറ്റുമാനൂര്‍ കൊടിയേറ്റ്; ഭക്തരോഷം ഭയന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും എത്തിയില്ല

Friday 8 February 2019 1:40 am IST

ഏറ്റുമാനൂര്‍: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ മലക്കംമറിഞ്ഞ ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ്, തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം എന്നിവയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുത്തില്ല. ഭക്തജന പ്രതിഷേധം ഭയന്നാണ് പ്രസിഡന്റ് എ. പദ്മകുമാറും അംഗങ്ങളായ കെ.പി. ശങ്കര്‍ദാസും എന്‍. വിജയകുമാറും വിട്ടുനിന്നത്. 

ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ശബരിമല കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ഇവിടുത്തെ ഉത്സവ ചടങ്ങുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ പങ്കെടുക്കുന്നത് പതിവായിരുന്നു. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത് ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറായിരുന്നു. പ്രസിഡന്റ് എത്തില്ലെന്ന് ഉപദേശക സമിതി ഭാരവാഹികളെ രാവിലെയാണ് അറിയിച്ചത്. കോട്ടയത്ത് ഉണ്ടായിരുന്നിട്ടും അംഗങ്ങളായ കെ.പി. ശങ്കര്‍ദാസും എന്‍. വിജയകുമാറും പരിപാടിക്ക് വന്നില്ല. ഇവരെ കൂടാതെ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ചീഫ് എഞ്ചിനീയര്‍ ശങ്കരന്‍ പോറ്റി എന്നിവരും ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നു. ഇവരും എത്തിയില്ല. 

കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്താല്‍ കൊടിയിറക്ക് ചടങ്ങുകളിലും പങ്കെടുക്കേണ്ടതുണ്ട്. മറിച്ചായാല്‍ ആചാരലംഘനം ഉണ്ടാകുമെന്ന കാരണത്താലാണ് വിട്ടുനിന്നതെന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചതെന്ന്  ഉപദേശക സമിതി ഭാരവാഹികള്‍ പറഞ്ഞു. 

പ്രസിഡന്റിന്റെയും അംഗങ്ങളുടെയും  അസാന്നിധ്യത്തില്‍ സാംസ്‌കാരിക സമ്മേളനത്തിന്റെയും കലാ പരിപാടികളുടെയും ഉദ്ഘാടനം അഡ്വ. കമ്മീഷണര്‍ എ.എസ്.പി കുറുപ്പ് നിര്‍വഹിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.