ലണ്ടന്‍: എവര്‍ട്ടനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് മറികടന്ന് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.
നിലവിലെ ചാമ്പ്യന്മാരായ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എവര്‍ട്ടനെ കീഴടക്കിയത്.ഈ വിജയത്തോടെ സിറ്റി അറുപത്തിരണ്ട് പോയിന്റുള്ള ലിവര്‍പൂളിനൊപ്പം എത്തി. പക്ഷെ ഗോള്‍ ശരാശരിയില്‍ ലിവര്‍പൂളിനെ പിന്നിലാക്കി സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറിവന്നു. സിറ്റി 26 മത്സരങ്ങളില്‍ നിന്നാണ് അറുപത്തിരണ്ട് പോയിന്റിലെത്തിയത്. അതേസമയം ലിവര്‍പൂള്‍ ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ നിന്നാണ് അറുപത്തിരണ്ടിലെത്തിയത്്.
ഇരു പകുതികളുടെയും അവസാന നിമിഷങ്ങളിലാണ് സിറ്റി എവര്‍ട്ടനെതിരെ ഗോളടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഐമറിക്ക് ലപോര്ട്ടി സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു. ഈ സീസണില്‍ ലപോര്ട്ടിയുടെ രണ്ടാം ഗോളാണിത്.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗബ്രിയേല്‍ ജീസസും സ്കോര്‍ ചെയ്തതോടെ സിറ്റി വിജയത്തിലേക്ക് പിടിച്ചുകയറി.
ഈ സീസണില്‍ ഇതുവരെ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ലിവര്‍പൂള്‍ ലെസ്റ്റര്‍, വെസ്റ്റ് ഹാം എന്നീ ടീമുകള്‍ക്കെതിരെ സമനില വഴങ്ങിയതോടെയാണ് സിറ്റിക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ വഴിയൊരുങ്ങിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: