കത്തില്‍ കൃത്രിമം: പി.കെ. ഫിറോസിനെതിരെ അന്വേഷണം

Friday 8 February 2019 10:55 am IST

തിരുവനന്തപുരം : കത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ അന്വേഷണം. തന്റെ പേരില്‍ ഫിറോസ് പുറത്തുവിട്ട കത്തില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് ജെയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. 

സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്റെ മകന്‍ ഡി.എസ്. നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ ഓഫ് കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമം നല്‍കിയതിനെതിരെ ജെയിംസ് മാത്യൂവിന്റേതാണെന്ന പേരില്‍ ഫിറോസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കത്താണ് വിവാദമായത്. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ധനവകുപ്പ് നടത്തിയ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി ഒമ്പത് പേജുള്ള കത്താണ് താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയത്. എന്നാല്‍ കത്തില്‍ ആരുടേയും പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം കാണിച്ചതെന്ന് ജെയിംസ് ആരോപിച്ചു. 

സ്ഥാപനത്തിലെ സംഘടനാ പ്രതിനിധിയെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനായി കത്തെഴുതിയതെന്നും ജെയിംസ് മാത്യൂ അറിയിച്ചു. എന്നാല്‍ യഥാര്‍ത്ഥ കത്ത് ജെയിംസ് മാത്യു തന്നെ പുറത്ത് വിടട്ടേയെന്ന് ഫിറോസ് ആരോപണങ്ങള്‍ തള്ളിക്കൊണ്ട് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.