അധികാരത്തിന്റെ അശ്ലീലാര്‍ത്ഥങ്ങള്‍

Saturday 9 February 2019 1:36 am IST
ബീഫ്‌വിവാദം, ജെഎന്‍യു, തുടങ്ങി വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നിയമവാഴ്ചക്കെതിരായ നീക്കങ്ങള്‍, ഭാരതീയ സംസ്‌കാരത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിെല്ലാം രണ്ടുകൂട്ടരുടെയും സ്വരം ഒരുപോലെ. എഴുത്തുപ്രശസ്തി നേടാനുള്ള എളുപ്പവഴി മതഭീകരസംഘടനകളെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും ഒരുപോലെ പ്രീണിപ്പിച്ചു നിര്‍ത്തുക എന്നതാണ്.

വാദത്തിനുവേണ്ടി വാദിക്കരുത്, സത്യപ്രകാശനത്തിനും സത്യാന്വേഷണത്തിനും വേണ്ടിയാവണം വാദിക്കുന്നത് എന്നരുളിയത് ശ്രീനാരായണഗുരു ദേവനാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും മതമൗലികവാദികള്‍ക്കും പുറമെ നിന്നുള്ളവരുടെ നവോത്ഥാനം സ്വീകാര്യമല്ലാത്തതിനാലാവണം മതമൗലികവാദികളെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും ഒരുപോലെ സേവിക്കാനിറങ്ങി പുറപ്പെട്ടവര്‍ക്ക് ഇത്തരം പ്രബോധനങ്ങള്‍ ബാധകമാകാത്തത്. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മുമ്പേപറഞ്ഞ രണ്ടുകൂട്ടരും എഴുത്തുകാരിയായി കൊണ്ടാടുന്ന കെ.ആര്‍. മീരയ്ക്ക് ഇപ്പോള്‍ വെറും വാദത്തിനുവേണ്ടി മാത്രം വാദിക്കാന്‍ തോന്നുന്നത്.

സംഭവം ഇത്രയേ ഉള്ളൂ. അലിഗഡില്‍ ഗാന്ധിജിയുടെ ചിത്രത്തിനു നേര്‍ക്ക് കൃത്രിമത്തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം കണ്ട് ആ എഴുത്തുകാരിക്ക് പേടി തോന്നുന്നുവത്രെ. അങ്ങനെ പേടിച്ചതുകൊണ്ട് കുഴപ്പമൊന്നുമില്ല, ആ പേടിക്കുപിന്നാലെ മേല്‍പറഞ്ഞ ഹീനസംഭവത്തെ ചേര്‍ത്ത് മറ്റുചിലരുടെ പേരുകള്‍ കൂടി ഈ മഹതി എഴുന്നളിക്കുന്നുണ്ട്. ആരാണവര്‍ എന്നല്ലേ, മാതാ അമൃതാനന്ദമയീദേവി, എന്‍എസ്എസ് പ്രസിഡന്റ് ജി. സുകുമാരന്‍ നായര്‍, പി.എസ്. ശ്രീധരന്‍ പിള്ള, കെ.പി. ശശികലടീച്ചര്‍, ശോഭാസുരേന്ദ്രന്‍, ചിദാനന്ദപുരി സ്വാമികള്‍ എന്നിവരെയൊക്കെ ഈ സംഭവവുമായി ചേര്‍ത്തുകെട്ടുമ്പോള്‍ എഴുത്തുകാരി ഉദ്ദേശിക്കുന്നതെന്താണെന്നു വ്യക്തം. അത്, മേല്‍പറഞ്ഞ വ്യക്തികളെ മുഴുവന്‍ ശത്രുപക്ഷത്തു നിര്‍ത്തുന്ന മതമൗലികവാദികളുടെയും  മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയുടെയും പന്തിയില്‍നിന്നും ഊണുതരപ്പെടുത്തുക എന്നതാണെന്നു മൂക്ക് കീഴ്‌പ്പോട്ടായ എല്ലാ മലയാളികള്‍ക്കുമറിയാം.

ഹിന്ദു മഹാസഭയുടെ ഹീനപ്രവര്‍ത്തിയെ ജനാധിപത്യബോധമുള്ള ആരും അംഗീകരിക്കില്ല. എഴുത്തുകാരി പറഞ്ഞവരാരും ആ പറഞ്ഞ സംഭവത്തെ പ്രവര്‍ത്തികൊണ്ടോ മനസുകൊണ്ടോ അംഗീകരിച്ചിട്ടില്ല. പിന്നെ അവര്‍ക്ക് ഇത്തരമൊരു പാതകം പറയാനുള്ള ആര്‍ജ്ജവം എവിടുന്ന് കിട്ടി?. അധികാരത്തോടുള്ള ആര്‍ത്തി കുടിലമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുമെന്ന ഗാന്ധിസൂക്തമോര്‍ക്കുക. ഗാന്ധിജി ഭയന്ന, അധികാരത്തോടുള്ള അശ്ലീലമായ ആ ആര്‍ത്തിതന്നെയാണ് ഇത്തരം അസംബന്ധങ്ങള്‍ പുലമ്പാന്‍ എഴുത്തുകാരുടെ വ്യാജപടത്തില്‍ അഭിരമിക്കുന്നവരെ പ്രേരിപ്പിക്കുന്നത്. സമൂഹത്തിലോ സാഹിത്യത്തിലോ സൃഷ്ടിപരമോ സര്‍ഗാത്മകമോ ആയ യാതൊരു സംഭാവനയും ചെയ്യാത്ത സായാഹ്നബുദ്ധി ജീവികള്‍ക്ക് പ്രശസ്തി നേടാനുള്ള എളുപ്പവഴി, മതഭീകരവാദികളെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും കൂട്ടുപിടിക്കലാണ്. അടുത്തകാലത്തു സമൂഹത്തിലുയര്‍ന്നുവന്ന പല സന്നിഗ്ദ്ധാവസ്ഥകള്‍ക്കും ഈ രണ്ടുപേരുടെയും അഭിപ്രായം ഒരേ പോലെയായിരുന്നു.

ബീഫ്‌വിവാദം, ജെഎന്‍യു, തുടങ്ങി വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നിയമവാഴ്ചക്കെതിരായ നീക്കങ്ങള്‍, ഭാരതീയ സംസ്‌കാരത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്ലെല്ലാം രണ്ടുകൂട്ടരുടെയും സ്വരം ഒരുപോലെ. അപ്പോള്‍പ്പിന്നെ മതഭീകര സംഘടനകള്‍ ഒരുക്കികൊടുക്കുന്ന എഴുത്തുപ്രശസ്തി നേടാനുള്ള എളുപ്പവഴി മതഭീകരസംഘടനകളെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും ഒരുപോലെ പ്രീണിപ്പിച്ചു നിര്‍ത്തുക എന്നതാണ്. 

അതുകൊണ്ടുതന്നെ ഭീകരവാദികള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍മാത്രം തിരഞ്ഞെടുത്തു പ്രതികരിക്കുന്ന ബൗദ്ധികകാപട്യം, പ്രശസ്തിനേടാനുള്ള കുറുക്കുവഴിയായി തെരെഞ്ഞെടുക്കാന്‍ പലര്‍ക്കും ശങ്കയൊന്നുമില്ല. കെ.പി. രാമനുണ്ണി, സച്ചിദാന്ദന്‍, എന്‍.എസ്. മാധവന്‍, തുടങ്ങി എഴുത്തുകാരായി അറിയപ്പെടുന്നവരുടെ ഒരു നിരതന്നെ ഇവിടെയുണ്ട്. അതിലെ മറ്റൊരുമുഖം കെ.ആര്‍. മീരയുടേതാണ്. താന്‍ പറയുന്നത് മാത്രമാണ് ശരി എന്ന് മറ്റുളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരുതന്ത്രം അന്യരെ വിമര്‍ശിച്ചു കൊണ്ടേയിരിക്കുക എന്നതാണെന്ന് മറ്റുള്ളവരെപ്പോലെ അവര്‍ക്കുമറിയാം. ഒരിക്കലും തിരിച്ചടിക്കിലെന്നുറപ്പുള്ളവരെപ്പറ്റി മാത്രമുള്ള, കൈയടികിട്ടാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ മാത്രം കാണാന്‍ കഴിവുള്ള സെലക്ടിവ് പ്രതികരണ പ്രതിഭയാണ് ഈ എഴുത്തുകാരിയെന്ന് അവരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നുണ്ട്.

കര്‍ത്തവ്യം നിര്‍വഹിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ഒരു വനിതാപോലീസ് ഉദ്യോഗസ്ഥ അവഹേളിക്കപ്പെടുമ്പോഴും, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ വേദനതിന്നുമ്പോഴും വേട്ട നായ്ക്കള്‍ ഭരണകൂടത്തിനാല്‍ സംരക്ഷിക്കപ്പെടുമ്പോഴും, ആദിവാസി കുരുന്നുകള്‍ ആയുസെത്താതെ ഒടുങ്ങുമ്പോഴും അവരുടെ മക്കള്‍ അന്നം മോഷ്ട്ടിച്ചതിനു വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും ആരും പ്രതികരിച്ച് കണ്ടില്ല. കുരിശുകാണുമ്പോള്‍ പേടിച്ചോടുന്ന വിപ്ലവസിംഹങ്ങള്‍ ജനലക്ഷങ്ങളുടെ വിശ്വാസത്തെ നിര്‍ദ്ദയം ചവിട്ടിമെതിച്ചു. പീഡനക്കേസില്‍ വിപ്ലവകുട്ടികള്‍ അറസ്റ്റിലാകുമ്പോഴും, കോളേജധ്യാപിക സാഹിത്യചോരണത്തിനു പിടിക്കപ്പെടുമ്പോഴും, തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളില്‍ ചേരാനായി സിറിയയ്ക്ക് ചെറുപ്പക്കാര്‍ കുടുംബസമേതം പുറപ്പെട്ടപ്പോഴും, കണ്ണൂര്‍ കനകമലയില്‍നിന്ന് അഞ്ചു ഐഎസ് പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റുചെയ്തപ്പോഴും എല്ലാവരും മൗനം പാലിച്ചു. ഭീകരപ്രവര്‍ത്തന പരിശീലത്തിനായി പാക്കിസ്ഥാനിലേക്ക് ഒളിച്ചുകടക്കവേ മലയാളിയുവാക്കള്‍ കശ്മീരില്‍ വെടിയേറ്റ് മരിച്ചപ്പോഴും  ജീവിച്ചിരിക്കുന്ന പ്രധാന അധ്യാപികയ്ക്ക് കുഴിമാടം തീര്‍ത്തപ്പോഴും ഗുരുദേവനെ കുരിശി ല്‍തറച്ചു അപമാനിച്ചപ്പോഴും അങ്ങനെയങ്ങനെ നിരവധി അന്യായങ്ങള്‍ ഈ കേരളത്തില്‍ അരങ്ങേറിയിട്ടും അതൊന്നും കണ്ട് പേടിക്കാതെ, ഉത്തരേന്ത്യയിലെ ഏതോ പൊറാട്ട് നാടകം കാണുമ്പോള്‍ കേരളത്തിലെ എഴുത്തുകാര്‍ക്ക്  പേടിതോന്നുന്നു എങ്കില്‍ യഥാര്‍ത്ഥത്തില്‍ പേടിക്കേണ്ടത് ഈ നാട്ടിലെ സാധാരണക്കാരനാണ്. 

മലര്‍ന്നുകിടന്നു തുപ്പുന്നതാണ് പ്രതിരോധമെങ്കില്‍, കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്നതാണ് പ്രതിരോധമെങ്കില്‍  അടിമത്വമെന്നാല്‍ മറ്റെന്താണ്? 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.