റഫാല്‍ : സത്യം പുറത്ത്

Saturday 9 February 2019 1:55 am IST
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ കത്തിന്റെ യഥാര്‍ത്ഥ പതിപ്പ് പുറത്തുവിട്ടതോടെ പ്രചാരണം പൊളിഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് ഇടപെടലല്ലെന്നും വിലയിരുത്തല്‍ മാത്രമാണെന്നുമാണ് പരീക്കര്‍ കത്തില്‍ പറയുന്നത്. പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നേതാക്കള്‍ക്കിടയിലെ കൂടിക്കാഴ്ച മാത്രമാണ്.

ന്യൂദല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ വാര്‍ത്തയുമായി സിപിഎം അനുകൂല ഇംഗ്ലീഷ് ദിനപത്രം 'ദ ഹിന്ദു'. പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രി കരാര്‍ ഉറപ്പിച്ചെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണം ശരിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതിരോധ രേഖകളുടെ ചില ഭാഗങ്ങള്‍ മറച്ചു വെച്ചുകൊണ്ടുള്ള വ്യാജവാര്‍ത്ത. 

പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയെന്നും ഇതിനെതിരെ പ്രതിരോധ മന്ത്രാലയത്തിലെ, ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എസ്.കെ. ശര്‍മ്മ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് കത്ത് നല്‍കിയെന്നുമാണ് എസ്എഫ്‌ഐ മുന്‍ ദേശീയ വൈസ് പ്രസിഡന്റും ഹിന്ദു പത്രത്തിന്റെ ചെയര്‍മാനുമായ എന്‍.റാം റിപ്പോര്‍ട്ട് ചെയ്തത്. കത്തില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന മോഹന്‍ കുമാറും മന്ത്രി പരീക്കറും കുറിപ്പെഴുതിയിരുന്നു. ഇതില്‍ പരീക്കറിന്റെ പരാമര്‍ശം പത്രം നല്‍കിയില്ല. ഈ ഭാഗം വെട്ടിക്കളഞ്ഞാണ് കത്ത് വാര്‍ത്തയ്‌ക്കൊപ്പം പ്രസിദ്ധീകരിച്ചത്. 

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ കത്തിന്റെ യഥാര്‍ത്ഥ പതിപ്പ് പുറത്തുവിട്ടതോടെ  പ്രചാരണം പൊളിഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് ഇടപെടലല്ലെന്നും വിലയിരുത്തല്‍ മാത്രമാണെന്നുമാണ്  പരീക്കര്‍ കത്തില്‍ പറയുന്നത്. പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നേതാക്കള്‍ക്കിടയിലെ കൂടിക്കാഴ്ച മാത്രമാണ്. പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റും കരാറിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. എല്ലാം ശരിയായ ദിശയിലാണ് നടക്കുന്നത്. ആശങ്കപ്പെടാനില്ല. പരീക്കര്‍ വിശദീകരിച്ചു. കരാറുമായി ബന്ധപ്പെട്ട  ചര്‍ച്ചകള്‍ നടത്തിയത് പ്രതിരോധ മന്ത്രാലയമാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ കാര്യമാണ് നടന്നതെന്ന് സ്ഥാപിക്കാനാണ് 'ഹിന്ദു' വ്യാജ വാര്‍ത്ത സൃഷ്ടിച്ചത്. പരീക്കറെ മറികടന്ന് മോദി കരാര്‍ ഉറപ്പിച്ചെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. 

പ്രതിരോധ മന്ത്രിയുടെ മറുപടിയില്ലാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചത് മാധ്യമ ധര്‍മ്മമല്ലെന്ന് നിര്‍മല വിമര്‍ശിച്ചു. പത്രവാര്‍ത്തക്ക് താല്‍പര്യമുണ്ട്. വന്‍കിട കുത്തകകളുടെ താല്‍പര്യമനുസരിച്ചാണ് ആരോപണം. ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷനാണ് പ്രധാനമന്ത്രി. കരാറിനെക്കുറിച്ച് അന്വേഷിക്കുന്നത് എങ്ങനെയാണ് ഇടപെടലാകുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ സോണിയാ ഗാന്ധി അധ്യക്ഷയായ ഉപദേശക സമിതി നിയന്ത്രിച്ചതും അവര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്ത ഏറ്റെടുത്ത് രാവിലെ തന്നെ പത്രസമ്മേളനം വിളിച്ച് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ 'ആഞ്ഞടിച്ചി'രുന്നു. കരാറില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി രാഹുല്‍ പറഞ്ഞു. ഇതോടെ ഹിന്ദു ദിനപത്രം കോണ്‍ഗ്രസുമായി നടത്തിയ ഗൂഢാലോചനയാണ് വാര്‍ത്തയെന്ന ആരോപണവുമായി ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി. 

രൂക്ഷവിമര്‍ശനവുമായി സമിതി അധ്യക്ഷന്‍ 

വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റഫാല്‍ കരാറിന്റെ വിലയുള്‍പ്പെടെ തീരുമാനിക്കുന്നതിന് രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ എയര്‍മാര്‍ഷല്‍ എസ്.പി.ബി. സിന്‍ഹ. പ്രതിരോധ മന്ത്രിയുടെ കുറിപ്പില്ലാതെ സത്യം മറച്ചുവെച്ച് കരാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ വാര്‍ത്ത നല്‍കിയത് അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംഘത്തിന്റെ വിലപേശലിനെ ഒരു തരത്തിലും ബാധിക്കുന്ന വിഷയമല്ല കത്ത്. കുറിപ്പ് എഴുതിയ ശര്‍മ സമിതി അംഗമായിരുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.