സര്‍ക്കാര്‍ കബളിപ്പിച്ചു; മെഡലുകള്‍ തിരിച്ചു നല്‍കാന്‍ ഒരുങ്ങി ജേതാക്കള്‍

Saturday 9 February 2019 3:24 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ദേശീയ ഗെയിംസ് ജേതാക്കള്‍  മെഡലുകള്‍ തിരിച്ചു നല്‍കാന്‍ ഒരുങ്ങുന്നു. 2015 ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കളാണ് തങ്ങള്‍ക്ക് ലഭിച്ച വെള്ളി, വെങ്കല മെഡലുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചത്. 

മെഡല്‍ ജേതാക്കളായ 83 പേര്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അന്ന് വാഗ്ദാനം ചെയ്തിരുന്നത്. നാലുവര്‍ഷമായി ജോലിക്കായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായികമന്ത്രിയുടെയും ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും അവഗണനയായിരുന്നു ഫലം. ഇതേതുടര്‍ന്നാണ് ജോലി ലഭിക്കാത്ത എഴുപതോളം പേര്‍ ഇന്നലെ രാവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത്. 

തുടര്‍ന്നാണ് സെക്രേട്ടറിയറ്റില്‍ എത്തി കായിക മന്ത്രി ഇ.പി. ജയരാജന് മെഡല്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ സമയം മന്ത്രിയെ കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് വൈകിട്ട് മൂന്നിന് മന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചെന്നാണ് മെഡല്‍ ജേതാക്കള്‍ അറിയിച്ചത്. എന്നാല്‍ വൈകിട്ടും ഇവര്‍ക്ക് മന്ത്രിയെ കാണാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് മെഡല്‍ ജേതാക്കള്‍. മന്ത്രിയെ നേരിട്ടുകണ്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ ബോധിപ്പിക്കാന്‍ പോലും അനുമതി ലഭിക്കുന്നില്ലെന്ന് മെഡല്‍ ജേതാക്കള്‍ പറയുന്നു.

അതേസമയം, ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ജോലി നല്‍കിയിരുന്നു. വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഈ ഉറപ്പാണ് വെറും വാക്കായി അവശേഷിച്ചത്. പൊതുമേഖല സ്ഥാപനങ്ങളില്‍ ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു ഒഴിവില്‍പോലും തങ്ങളെ പരിഗണിക്കുന്നില്ലെന്നും കായികതാരങ്ങള്‍ ആരോപിക്കുന്നു. മന്ത്രിയുള്‍പ്പെടെയുള്ളവരെ പലതവണ സമീപിച്ചിട്ടും തങ്ങളുടെ ആവശ്യം പരിഗണിച്ചില്ല. അതുകൊണ്ടാണ് മെഡല്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചതെന്നും ജേതാക്കള്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരല്ല ജോലി വാഗ്ദാനം ചെയ്തതെന്നും ചെയ്തവര്‍ ജോലിനല്‍കട്ടെയെന്നും മന്ത്രി ഇ.പി. ജയരാജന്‍ പ്രതികരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.