കൊച്ചി: പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഹാട്രിക്ക് ജയം. ഇന്നലെ ബ്ലാക്ക് ഹ്വാക്ക്സ് ഹൈദരാബാദിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സ്പൈക്കേഴ്സ് കീഴടക്കി. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കൊച്ചി ടീമിന്റെ ജയം. സ്കോര്‍: 12-15, 15-11, 15-12, 15-10, 14-15. ആദ്യ സെറ്റ് കൈവിട്ടശേഷമായിരുന്നു സ്പൈക്കേഴ്സ് ജയത്തിലേക്ക് കുതിച്ചത്.
ആദ്യ സെറ്റില്‍ തുടക്കത്തിലേ മുന്നിലെത്തിയ ബ്ലാക്ക് ഹ്വാക്ക്സ് കൊച്ചിന് ബ്ലൂ സ്പൈക്കേഴ്സിന് ഒരിക്കലും അവസരം നല്‍കിയില്ല. അമിത്കുമാര്‍, സുരേഷ് ഖോയ്വാള്, അലക്സാണ്ടര്‍ ജെറാര്‍ഡ്, ആഷ്വല്‍ റായ്, ക്യാപ്റ്റന്‍ കഴ്സണ് എന്നിവരുടെ ഓള് റൗണ്ട് മികവിലാണ് ഹൈദരാബാദ് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ താളം കണ്ടെത്തുന്നതില്‍ ബ്ലൂ സ്പൈക്കഴ്സിന്റെ ഡേവിഡ് ലീ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞതുമില്ല. ഇതോടെ 12-15ന് ആദ്യ സെറ്റ് ഹൈദരാബാദ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ ബൂ സ്പൈക്കേഴ്സിനായിരുന്നു തുടക്കം മുതല്‍ മുന്‍തൂക്കം. ഡേവിഡ് ലീ, ഉക്രപാണ്ഡ്യന്, പതുക്ക്, രോഹിത്, മനു ജോസഫ് പിഴവുകളില്ലാതെ കളംവാണപ്പോള്‍ 10-6ന് സ്പൈക്കേഴ്സ് മുന്നില്‍. എന്നാല്‍ വിട്ടുകൊടുക്കാതെ പൊരുതിയ ബ്ലാക്ക് ഹ്വാക്ക്സ് ശക്തമായി തിരിച്ചടിച്ച് ഒപ്പമെത്തുകയും പിന്നീട് 11-10ന് മുന്നിലെത്തുകയും ചെയ്തു. ഹൈദരാബാദ് വിളിച്ച സൂപ്പര്‍പോയിന്റ് നേടിയത് ബ്ലൂ സ്പൈക്കേഴ്സ്. തൊട്ടുപിന്നാലെ സ്പൈക്കേഴ്സ് വിളിച്ച സൂപ്പര്‍ പോയിന്റും സ്വന്തമാക്കിയതോടെ 14-11ന് മുന്നിലെത്തി. പിന്നീട് 15-11ന് സെറ്റും സ്വന്തമാക്കി.
മൂന്നാം സെറ്റിലും ഡേവിഡ് ലീയുടെയും കൂട്ടരുടെയും കൈക്കരുത്തിന് മുന്നില്‍ ബ്ലാക്ക് ഹ്വാക്ക്സിന് മറുപടിയുണ്ടായില്ല. എണ്ണം പറഞ്ഞ സ്മാഷുകളും പിഴവുറ്റ ബ്ലോക്കുകളും കൊണ്ട് അവര്‍ കളംനിറഞ്ഞപ്പോള്‍ 15-12 എന്ന ക്രമത്തില്‍ മൂന്നാം സെറ്റും ബ്ലു സ്പൈക്കേഴ്സിന് സ്വന്തം. നാലാം സെറ്റിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലീയുടെയും പ്രഭാകരന്റെയും മറ്റും കിടിലന്‍ സ്മാഷുകള്‍ക്ക് മുന്നില്‍ ഹൈദരാബാദിന്റെ താളം തെറ്റിയപ്പോള്‍ 15-10ന് സെറ്റും മത്സരവും ബ്ലൂ സ്പൈക്കേഴ്സിന് സ്വന്തമായി.
ഏറ്റവും ആവേശകരമായത് അവസാന സെറ്റായിരുന്നു. ഇരുടീമുകളും തകര്‍പ്പന്‍ സ്പൈക്കുകളും ബ്ലോക്കുകളും സര്‍വുകളുമായി കളംനിറഞ്ഞപ്പോള്‍ സ്കോര്‍ ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവില്‍ സ്കോര്‍ 14-14 എന്ന നിലയില്‍ നിന്ന് ഗുറംറിത്പായലിന്റെ കിടിലന്‍ സ്മാഷിലൂടെ അഞ്ചാം സെറ്റ് 15-14ന് ബ്ലാക്ക് ഹ്വാക്ക്സ് ഹൈദരാബാദ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: