കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടിയില്‍; ഹൈക്കോടതിക്ക് അമര്‍ഷം

Saturday 9 February 2019 4:40 am IST

കൊച്ചി : ടി.പി. വധക്കേസിലെ പ്രതി കുഞ്ഞനന്തന്‍ പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കോടതിയില്‍ രാഷ്ട്രീയം പറയേണ്ടെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. 

വിദഗ്ദ്ധ ചികിത്സയ്ക്കായി ശിക്ഷ മരവിപ്പിച്ച് പരോള്‍ അനുവദിക്കണെമന്നാവശ്യപ്പെട്ട് സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ നിലപാടിനെ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചത്. 

കുഞ്ഞനന്തന്‍ തിരുവനന്തപുരം മെഡി. കോളജില്‍ ചികിത്സയിലാണെന്നും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. ജയിലില്‍ കഴിഞ്ഞു കൊണ്ട് വിദഗ്ദ്ധ ചികിത്സ തേടാനാവില്ലേയെന്ന് കോടതി ചോദിച്ചു. ജയിലില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്നും തടവില്‍ കിടന്നു കൊണ്ട് ചികിത്സിച്ചാല്‍ പോരെന്നും കുഞ്ഞനന്തന്റെ അഭിഭാഷകന്‍ വാദിച്ചു. 

 ടി.പി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്‍ വാദത്തെ എതിര്‍ത്തു. സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള കുറ്റവാളിയാണ് കുഞ്ഞനന്തനെന്ന് അദ്ദേഹം പറഞ്ഞൂ.  ആഗ്രഹിക്കുമ്പോഴൊക്കെ കുഞ്ഞനന്തന് പരോള്‍ ലഭിക്കുന്നുണ്ട്. 

പരോളിലിറങ്ങി ഹര്‍ജിക്കാരന്‍ പാര്‍ട്ടീ യോഗങ്ങളില്‍ പങ്കെടുക്കുകയാണ്,  പാര്‍ട്ടി കോണ്‍ഗ്രസിലും പങ്കെടുത്തു. തടവില്‍ കഴിയുന്ന പ്രതിയാണ്. എന്നിട്ടും  സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായി കുഞ്ഞനന്തനെ തെരഞ്ഞെടുത്തു. ഹര്‍ജിക്കാരന് നല്ല ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഭിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ക്ക് വരുന്നതിനും തടസമില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഎമ്മിന് കണ്ണൂരിലും പാനൂരിലും കുഞ്ഞനന്തന്റെ സ്വാധീനം ആവശ്യമുണ്ട്. ചികിത്സയുടെ പേരില്‍ ഇളവു നല്‍കിയാല്‍ ദുരുപയോഗിക്കുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. 

 സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ വാദത്തെ എതിര്‍ത്തു. പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. സിപിഎം നിരോധിത  പാര്‍ട്ടിയല്ല. തെര.കമ്മിഷന്റെ അംഗീകാരമുള്ള സംഘടനയാണ് സിപിഎം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡിസിസി ഭാരവാഹിയായിരുന്നെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. 

ഈ ഘട്ടത്തിലാണ് കോടതിയില്‍ രാഷ്ട്രീയം പറയേണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇടപെട്ടത്. ചികിത്സാ കാലയളവില്‍ മുഴുവന്‍ സമയവും ഒപ്പം നില്‍ക്കാന്‍ ആളെ ആവശ്യമുണ്ടോയെന്ന് കുഞ്ഞനന്തന്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ച ഡിവിഷന്‍ ബെഞ്ച് ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.